മലയാള സിനിമ എക്കാലത്തും വരണ്യേവര്‍ഗത്തിന്റെ കൈപ്പിടിയിലായിരുന്നു. പ്രതിഭ ഉണ്ടായിട്ടും പകല്‍വെളിച്ചത്തിലേക്ക് തല ഉയര്‍ത്തി നില്‍ക്കാന്‍ കഴിയാത്തവരും ഔദാര്യങ്ങള്‍ക്കുവേണ്ടി വാതില്‍പ്പുറത്ത് തലയെത്തി നോക്കി നില്‍ക്കേണ്ടിവന്നവരുമായ ഒട്ടനവധിപേരുടെ കണ്ണീരിലായിരുന്നു എത്രയോ പതിറ്റാണ്ടുകളായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും പ്രഖ്യാപിച്ചതും വിതരണം ചെയ്തതുമെല്ലാം. ആഢ്യത്വവും സാമുദായിക പരിഗണനയും സാമൂഹ്യനിലവാരവും വ്യക്തിബന്ധവുമെല്ലാം അവാര്‍ഡുകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഉന്നത പെരുമകളുടെ മീശപിരി ഹീറോയിസവും എക്‌സ്പ്രഷനിസവുമെല്ലാം അവാര്‍ഡുകളുടെ മാനദണ്ഡമായപ്പോള്‍ അഭിനയത്തിന്റെ മൂടുപടം മാറ്റിവെച്ച് അഭ്രപാളിയില്‍ ജീവിച്ചുകാണിച്ചവരൊക്കെ എന്നും രണ്ടാംനിര അംഗീകാരത്തിന്റെ ഔദാര്യത്തിനു പിന്നില്‍ ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ടിരുന്നു. അത്തരക്കാരെ അംഗീകരിക്കാന്‍ മലയാളി പൊതുസമൂഹം മടിച്ചുവെന്നതാണ് യാഥാര്‍ഥ്യം.
നമ്മുടെ കാഴ്ചാ സങ്കല്‍പങ്ങളെ ശരീരം കൊണ്ടും ശബ്ദംകൊണ്ടും വീരേതിഹാസ പ്രാപ്തങ്ങളാക്കുന്ന ചില അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും മാത്രമേ പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ പാടുള്ളൂ എന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും മനസ്ഥിതി. അത്തരക്കാരുടെ മനസ്സില്‍ ആദ്യം വീണ വെള്ളിടിയാണ് സലിംകുമാറിന് കിട്ടിയ മികച്ച നടനുള്ള ദേശീയ അവാര്‍ഡ്. സലിംകുമാറിനെപ്പോലെയുള്ള ഒരു കോമാളി നടന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ചിലര്‍ക്ക് എന്തായിരുന്നു പുച്ഛം. അതേ പുച്ഛത്തിന്റെ പിന്തുടര്‍ച്ചായിരുന്നു സുരാജ് വെഞ്ഞാറമൂട് എന്ന മറ്റൊരു കോമഡി നടന് ദേശീയ അവാര്‍ഡ് കിട്ടിയപ്പോഴും പലര്‍ക്കും തോന്നിയത്. എങ്കില്‍പ്പോലും മികച്ച നടനുള്ള അവാര്‍ഡ് പ്രഖ്യാപനം ചര്‍ച്ചയാകുമ്പോഴെല്ലാം അത് മോഹന്‍ലാലോ മമ്മൂട്ടിയോ നേടണമെന്നു ചുരുങ്ങിയപക്ഷം ഫാന്‍സുകാരെങ്കിലും ആവശ്യപ്പെടുന്നു. ഇക്കുറിയും അതിന് മാറ്റമുണ്ടായില്ല. ഒപ്പത്തിലെ അഭിനയത്തിനു ലാല്‍ മികച്ച നടനാകുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയാണ്. ഇതിനൊപ്പം ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലുമെല്ലാം പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ വിധിയുടെയോ നിയോഗത്തിന്റെ പിന്തുണയില്ലാതെ അഭിനയത്തെക്കാള്‍ ഉപരി സ്വന്തം കരുത്തില്‍ തീര്‍ത്തെടുത്ത സ്വാഭാവിക ജീവിത പകര്‍ന്നാട്ടത്തിന്റെ പിന്‍ബലത്തില്‍ കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കുമ്പോള്‍ അവാര്‍ഡ് മോഹികളായ മലയാള സിനിമയിലെ ഉടയ തമ്പുരാക്കന്‍മാര്‍ക്കും അനുഭാവി പ്രജകള്‍ക്കും അത് അത്രവേഗം ദഹിക്കണമെന്നില്ല.
ജനങ്ങളുടെ വിധി എഴുത്താണ് തനിക്ക് ലഭിച്ച അവാര്‍ഡ് എന്ന് വിനായകന്‍ വ്യക്തമാക്കിയിരുന്നു. വിനായകനെ പോലുള്ള പ്രതിഭകള്‍ താരമൂല്യത്തിന്റെയും സൗന്ദര്യത്തിന്റെയും അഭാവത്തില്‍ അവഗണിക്കപ്പെട്ടിരുന്ന പതിവുരീതിക്കാണ് ഇക്കുറി സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നു വ്യക്തം. വിനായകന് അവാര്‍ഡ് ലഭിക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്നവര്‍ക്കു തോന്നുന്ന അതേ വികാരം തന്നെയാണ് മികച്ച സംവിധായികക്കുള്ള അവാര്‍ഡിന് വിധു വിന്‍സന്റ് അര്‍ഹമായെന്നു കേള്‍ക്കുമ്പോള്‍ തോന്നുന്നത്. നാല്‍പതോളം വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ത്രീ മികച്ച സംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കുന്നത്. വിധുവിനെ സംബന്ധിച്ച് ഇത് തന്റെ ആദ്യചിത്രത്തിലൂടെ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു എന്നതാണ്.
അതേസമയം മികച്ച ചിത്രമായും തെരഞ്ഞെടുത്തതും വിധുവിന്റെ കന്നി സംവിധാന സംരംഭമായ മാന്‍ഹോള്‍ തന്നെയാണ്. പ്രതിഭാശാലികളായ എത്രയോ സംവിധാന പ്രതിഭകള്‍ അവാര്‍ഡ് മോഹിച്ച് പതിയിരിക്കുമ്പോഴാണ് അവര്‍ക്കു മുന്നിലൂടെ ഒരു പെണ്ണ്, അതും സിനിമയെക്കുറിച്ച് മുന്‍ പരിചയങ്ങളൊന്നുമില്ലാത്ത ഒരുത്തി – ഇതാ സംസ്ഥാന അവാര്‍ഡുമായി തലഉയര്‍ത്തി നില്‍ക്കുന്നത്. അതെ! വിധു വിന്‍സന്റ് എന്ന യുവതി, മാധ്യമപ്രവര്‍ത്തക – തന്റെ ആദ്യസംവിധാന സംരംഭം കൊണ്ടുതന്നെ ഇന്ന് മലയാളത്തിന്റെ നെറുകയില്‍, മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു. അസൂയപ്പെടേണ്ട. ഇതും കഴിവിന്റെയും അര്‍ഹതയുടെയും അംഗീകാരം തന്നെയാണ്. തൊലിയുടെ നിറം നോക്കാതെ പ്രതിഭയുടെ കരുത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറി മുന്‍കാലങ്ങളിലെ തെറ്റ് തിരുത്തിയിരിക്കുന്നുവെന്നാണ് വിനായകന് ലഭിച്ച അവാര്‍ഡ് തെളിയിക്കുന്നത്. അതോടൊപ്പം തോട്ടിപ്പണിക്കാരുടെ ദയനീയ ജീവിതം വരച്ചുകാട്ടിയ വിധുവിന്‍സന്റിന്റെ മാന്‍ഹോളിനെ മികച്ച ചിത്രമായി പരിഗണിച്ചതും പ്രോത്സാഹനാര്‍ഹമാണ്. വിനായകനും വിധു വിന്‍സന്റുമാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പട്ടികയിലെ താരങ്ങള്‍. ഇരുവര്‍ക്കും ലഭിച്ചത് അര്‍ഹതയുടെ അംഗീകാരം തന്നെയാണ്. ആശംസകള്‍.
Post Your Comments