കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കേസില്‍ നിന്നു പിന്‍മാറിയെന്നതാണ് കേസ് മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങിയത്. നടിയെ ആക്രമിച്ച ശേഷം മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് പ്രതികൾ സമീപിച്ച അഭിഭാഷകനും ഭാര്യയും കേസിൽ സാക്ഷികളാകും. അഭിഭാഷകനെ സുനിൽകുമാർ ഏൽപിച്ച മെമ്മറി കാർഡ് കോടതി മുഖേന പോലീസ് തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. നടിയെ ഉപദ്രവിച്ച ശേഷം പകർത്തിയ ദൃശ്യങ്ങൾ ഇതിലുണ്ടെന്ന സൂചന ലാബ് അധികൃതർ പൊലീസിനു നൽകിയിട്ടുണ്ട്.
ഔദ്യോഗികമായി പരിശോധനാ റിപ്പോർട്ട് ലഭിച്ചാലുടൻ അഭിഭാഷക ദമ്പതികളിൽ നിന്നു പോലീസ് മൊഴിയെടുക്കും. അതേസമയം, പോലീസിന്റെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടും എന്നുറപ്പായതിനാൽ ഈ കേസിലെ പ്രതികളിൽ ആരുടെയും വക്കാലത്ത് ഏറ്റെടുക്കുന്നില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. പ്രതികൾ അഭിഭാഷകനെ കണ്ടു തെളിവുകൾ കൈമാറിയ സമയത്ത് അഭിഭാഷകയായ ഭാര്യയും വീട്ടിലുണ്ടായിരുന്നതിനാലാണ് ഇരുവരും സാക്ഷികളാകാൻ സാധ്യത തെളിഞ്ഞത്.
നടിയെ ആക്രമിച്ചതിനു പിറ്റേന്നു രാത്രിയാണ് ആലുവയിലെ അഭിഭാഷകനെ സമീപിച്ചു സുനിൽകുമാർ, മണികണ്ഠൻ, വിജീഷ് എന്നിവർ വക്കാലത്ത് ഒപ്പിട്ടു നൽകിയത്. ഫോൺ, മെമ്മറി കാർഡ്, വിജീഷിന്റെ പാസ്പോർട്ട് എന്നിവയും ഏൽപിച്ചു. എന്നാൽ, മെമ്മറി കാർഡിൽ നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്ന വാർത്തകൾ വന്നതോടെ, അഭിഭാഷകൻ ഇതു കോടതിയിൽ സമർപ്പിക്കുകയായിരുന്നു. പോലീസിന്റെ സമ്മർദവും കാരണമായി. കേസിൽ ആദ്യം അറസ്റ്റിലായ ഡ്രൈവർ മാർട്ടിന്റെ കുടുംബവുമായി മുൻപരിചയം ഉണ്ടായിരുന്നതിനാൽ മാർട്ടിനു വേണ്ടി ഹാജരാകാൻ ഇദ്ദേഹത്തെ വീട്ടുകാർ സമീപിച്ചിരുന്നു. മാർട്ടിനു വേണ്ടി അപ്പിയറൻസ് മെമ്മോ കോടതിയിൽ നൽകുകയും ചെയ്തു. എന്നാൽ, പുതിയ സാഹചര്യത്തിൽ മാർട്ടിന്റെ വക്കാലത്ത് ഏറ്റെടുക്കുന്നില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
സുനിൽകുമാർ അഭിഭാഷകനു കൈമാറിയ മെമ്മറി കാർഡിൽ ദൃശ്യങ്ങൾ കണ്ടെത്തിയതായാണു തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽനിന്നു പോലീസിനെ അനൗദ്യോഗികമായി അറിയിച്ചത്. എന്നാൽ, ദൃശ്യം പകർത്താനുപയോഗിച്ച യഥാർഥ മെമ്മറി കാർഡ് തന്നെയാണോ ഇതെന്നു സ്ഥിരീകരിച്ചിട്ടില്ല. സുനിൽകുമാർ കൊച്ചിയിൽ താമസിച്ചിരുന്ന വീട്ടിൽനിന്നും സുഹൃത്തിന്റെ വീട്ടിൽനിന്നും പിടിച്ചെടുത്തവയുൾപ്പെടെയുള്ള മെമ്മറി കാർഡുകളും പെൻഡ്രൈവുകളും പരിശോധനയ്ക്കായി നൽകിയിരുന്നു. വിശദമായ ഫൊറൻസിക് റിപ്പോർട്ട് രണ്ടു ദിവസത്തിനകം പോലീസിനു ലഭിച്ചേക്കും.
Post Your Comments