Uncategorized

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അടഞ്ഞ അധ്യായമാണെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അടഞ്ഞ അധ്യായമാണെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ശീലങ്ങളില്‍ നിന്നും മാറിനിന്നിരുന്നുവെങ്കില്‍ മണി ഇത്ര ചെറുപ്രായത്തില്‍ മരിക്കില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണിയുടെ മരണത്തിന്റെ ഒന്നാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് ചാലക്കുടി നഗരസഭ സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. താരപദവി ലഭിച്ചാല്‍ ദന്തഗോപുരങ്ങളില്‍ ഇരിക്കുന്ന ചില താരങ്ങളോ പോലെയായിരുന്നില്ല മണിയെന്നും സാധാരണക്കാരനെ പോലെയാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് ഓര്‍മിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യമുന്നയിച്ച് സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനും കുടുംബാംഗങ്ങളും നിരാഹാരം സമരം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ എന്നതാണ് പ്രധാനം. ചാലക്കുടിയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്ന മുഖ്യമന്ത്രിയെ കാണാന്‍ മണിയുടെ ബന്ധുക്കള്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്വേഷണം ആവശ്യപ്പെട്ടുള്ള പുതിയ നിവേദനവുമായി ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കാണുമെന്നായിരുന്നു വാര്‍ത്ത എന്നാല്‍ നഗരസഭ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനോ മുഖ്യമന്ത്രിയെ കാണാനോ ബന്ധുക്കള്‍ എത്തിയില്ല. ചാലക്കുടിയില്‍ എത്തിയ മുഖ്യമന്ത്രി സമരം ചെയ്യുന്ന മണിയുടെ ബന്ധുക്കളെയും കാണാന്‍ പോയില്ല.

അതിനിടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ സമരം അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സഹോദരന്‍ രാമകൃഷ്ണനും കുടുംബാംഗങ്ങളും അറിയിച്ചു. കേന്ദ്ര ലാബിലേക്ക് അയച്ച മണിയുടെ ആന്തരികാവയവങ്ങള്‍ സീല്‍ ചെയ്തിരുന്നില്ലെന്നും ഇതിലെ ദുരൂഹതയും നീക്കണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. അന്വേഷണം സംബന്ധിച്ചുള്ള കാര്യത്തില്‍ വ്യക്തത വരാതെ സമരം നിര്‍ത്തില്ലെന്നാണ് ഇവരുടെ നിലപാട്. മണിയുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തില്‍ ബന്ധുക്കളും സിനിമാപ്രേമികളും പുഷ്പ്പാര്‍ച്ചന നടത്തി. കഴിഞ്ഞ ദിവസമൊന്നും സമരപ്പന്തലില്‍ എത്താതിരുന്ന മണിയുടെ ഭാര്യ നിമ്മിയും മകളും ഇന്ന് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനെത്തി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനാണ് മണി മരണത്തിന് കീഴടങ്ങിയത്. ചാലക്കുടിയിലെ വസതിയുടെ ഔട്ട് ഹൗസായ പാഡിയില്‍ അബോധാവസ്ഥയില്‍ കണ്ട മണിയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് മരണം സംഭവിച്ചത്. മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തത്. തുടര്‍ന്ന് മണിയുടെ സഹായികളെ ചോദ്യം ചെയ്യുകയും നുണപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button