ഡല്‍ഹി: ഇനി മുതൽ 35 ഓളം പദ്ധതികള്‍ക്ക് അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ആണ് പുതിയ തീരുമാനം. ഇത് 84 പദ്ധതികളിലേക്ക് വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഗുണഭോക്താക്കൾക്ക് നേരിട്ട് സബ്സിഡി ലഭിക്കുന്ന പദ്ധതികള്‍ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
പ്രൈമറി, സെക്കണ്ടറി വിദ്യാഭ്യാസം നേടാനടക്കം 35 ഓളം പദ്ധതികള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനങ്ങള്‍ പുറത്തിറക്കിയത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍, മദ്യത്തിന് അടിപ്പെട്ടവര്‍, വൃദ്ധര്‍ എന്നിവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍, എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം എന്നിങ്ങനെ ഉള്ളവയ്ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കും.
മാത്രമല്ല സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ ടെക്സ്റ്റ് ബുക്കുകളും യൂണിഫോമും നല്‍കല്‍, സ്ത്രീകള്‍ക്കുള്ള ഉജ്വല സ്‌കീം തുടങ്ങിയ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ പദ്ധതികളെല്ലാം തന്നെ 6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളെയും അംഗവൈകല്യമുള്ളവരെയും, ലൈംഗിക ചൂഷണത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകളെയും ഉദ്ദേശിച്ചുള്ളവയാണ്.
ഏകീകൃത തിരിച്ചറിയല്‍ രേഖ (യൂണിവേഴ്‌സല്‍ ഐഡന്റിഫിക്കേഷന്‍ ഡോക്യുമെന്റ്) എന്നതിനപ്പുറം ഏതു പദ്ധതിക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയാണ് പുതിയ ഉത്തരവുകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലംഘിക്കുന്നത്. ഒക്ടോബര്‍ 2015 ന് പുറത്തിറക്കിയ കോടതിവിധി പ്രകാരം പൊതുവിതരണ സമ്പ്രദായം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം, ജന്‍ധന്‍ യോജന, എല്‍പിജി സബ്‌സിഡി ആവശ്യങ്ങള്‍ എന്നിവയ്ക്ക് മാത്രമേ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാവൂ. എന്നാല്‍, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, സാമൂഹ്യനീതി മന്ത്രാലയം, മാനവവിഭവശേഷി വികസനം, ആരോഗ്യ കുടുംബ ക്ഷേമം, തൊഴില്‍, വനിത, ശിശു വികസന മന്ത്രാലയങ്ങളും, വകുപ്പുകളും പുറത്തിറക്കിയ വിജ്ഞാപനങ്ങളില്‍ ഒന്നും മേല്‍പറഞ്ഞ പദ്ധതികളില്‍പ്പെടുന്നവയല്ല.
Post Your Comments