മാർച്ച് 31 ന് മുൻപ് നിരവധി സാമ്പത്തിക പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ചെയ്‌തു തീർക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്ന് ആഴ്ച മാത്രം ശേഷിക്കെ, മാർച്ച് 31 എന്ന അവസാന തീയതിക്ക് മുമ്പായി നിങ്ങൾ ചില സാമ്പത്തിക ചുമതലകൾ പൂർത്തിയാക്കേണ്ടതുണ്ട്. സമയം പാഴാക്കാതെ അവ എന്തൊക്കെയാണെന്ന് നോക്കാം.
പുതുക്കിയ ആദായനികുതി റിട്ടേൺ സമർപ്പിക്കൽ:
2020-2021 സാമ്പത്തിക വർഷത്തിൽ പുതുക്കിയ അല്ലെങ്കിൽ കാലതാമസം വരുത്തിയ ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാത്തവർ മാർച്ച് 31 ന് മുൻപ് ചെയ്തിരിക്കണം. നികുതി റിട്ടേണുകൾ അതിന്റെ പോർട്ടലിൽ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. ഇതുസംബന്ധിച്ച സന്ദേശങ്ങൾ മാർച്ച് 31 വരെ ആദായനികുതി വകുപ്പ് നിങ്ങളുടെ മൊബൈൽ നമ്പറിലേക്കോ, മെയിലിലേക്കോ അയക്കുന്നതാണ്. നികുതി റിട്ടേൺ സമർപ്പിക്കുന്നതിനായി നിങ്ങളെ ഓർപ്പെടുത്താനാണിത്.
പാൻ, ആധാർ എന്നിവ ലിങ്ക് ചെയ്യുക
മാർച്ച് 31-ന് മുമ്പ് ചെയ്‌തു തീർക്കേണ്ട മറ്റൊരു ദൗത്യം നിങ്ങളുടെ ആധാർ-പാൻ ലിംഗിംങ് ആണ്. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നേരത്തെ 2020 ജൂൺ 30 ആയിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഇത് 2021 മാര്‍ച്ച് 31-ലേക്ക് നീട്ടി. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍-ആധാര്‍ ലിങ്കിംഗ് വിജയകരമാകുന്നതിന് പാൻ കാർഡിലേയും ആധാര്‍ കാര്‍ഡിലെയും പേര്, ജനന തീയതി പോലുള്ള വിവരങ്ങൾ സമാനമായിരിക്കണമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഫോം 12 ബി സമർപ്പിക്കുക
നടപ്പ് സമ്പത്തിക വർഷത്തിൻ്റെ മധ്യത്തിൽ പുതിയ സ്ഥാപനത്തിൽ ജോലിക്കായി ചേർന്നിട്ടുണ്ടെങ്കിൽ ഫോം 12 ബി സമർപ്പിക്കേണ്ടതുണ്ട്. 2020-2021 സാമ്പത്തിക വർഷത്തിൽ നിങ്ങൾക്ക് പുതിയ ജോലി കിട്ടിയിട്ടുണ്ടെങ്കിൽ ഫോം 12 ബി ഉപയോഗിച്ച് വരുമാനത്തിന്റെ വിശദാംശങ്ങൾ നൽകുക. ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ മാർച്ച് 31 ന് മുമ്പായി ഫോം 12 ബിയിൽ നൽകിയിരിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ പുതിയ സ്ഥാപനത്തിന് കൃത്യമായ ടിഡിഎസ് കുറയ്ക്കാൻ കഴിയും.
നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങൾ നടത്തുക
ആദായനികുതി കിഴിവ് ക്ലെയിം ചെയ്യാൻ കഴിയുന്ന നിങ്ങളുടെ എല്ലാ നികുതി ലാഭിക്കൽ നിക്ഷേപങ്ങളും മാർച്ച് 31-നകം നടത്തേണ്ടതുണ്ട്. സാധാരണ ഓരോ സാമ്പത്തിക വർഷത്തിൻറെയും തുടക്കത്തിൽ തന്നെ നികുതി ആസൂത്രണം ചെയ്യുന്നതാണ് ഉചിതം. കാരണം, സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ചിലപ്പോൾ പിഴവുകൾ ഉണ്ടാവാൻ കാരണമായേക്കും. എന്നിരുന്നാലും തുടക്കത്തിൽ നിക്ഷേപം നടത്താത്തവർ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപ് ചെയ്തിരിക്കണം.
അക്കൗണ്ടുകൾ ആക്‌റ്റീവായി നിലനിർത്തുക
നിങ്ങൾക്ക് പിപിഎഫ്, എൻപിഎസ് പോലുള്ള നികുതി ലാഭിക്കൽ നിക്ഷേപങ്ങളുണ്ടെങ്കിൽ ആ അക്കൗണ്ടുകൾ ഇപ്പോഴും ആക്‌റ്റീവാണോയെന്ന് പരിശോധിക്കുക. അല്ലെങ്കിൽ അത് ആക്‌റ്റീവായി നിലനിർത്തുന്നതിന് നിങ്ങൾ ഒരു വാർഷിക സംഭാവന നൽകേണ്ടതുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ ഒരു പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട് ആക്‌റ്റീവായി തുടരുന്നതിന് കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്.
അഡ്വാന്‍സ് ടാക്സ് അടയ്‌ക്കുക
ഇന്ത്യയുടെ ആദായനികുതി നിയമപ്രകാരം, പ്രൊഫഷണൽ വരുമാനമില്ലാത്ത മുതിർന്ന പൗരന്മാർ ഒഴികെ 10,000 രൂപയിൽ കൂടുതൽ വരുമാനമുള്ള ഒരാൾ നാല് തവണകളായി അഡ്വാൻസ് ടാക്സ് അടയ്ക്കാൻ ബാധ്യസ്ഥനാണ്. ജൂലൈ 15, സെപ്റ്റംബർ 15, ഡിസംബർ 15, മാർച്ച് 15 എന്നിങ്ങനെയാണ് ഇതിൻ്റെ കാലയളവ്. എന്നിരുന്നാലും, സമയപരിധിയിലോ അതിനു മുമ്പോ നികുതി അടച്ചില്ലെങ്കിൽ, നികുതിദായകന് പ്രതിമാസം ഒരു ശതമാനം പലിശയും തവണകളായി മാറ്റിവയ്ക്കുന്നതിന് പ്രതിമാസം ഒരു ശതമാനം പലിശയും ഈടാക്കും. മാർച്ച് 31 ന് മുൻപായി ഇത് ഒറ്റത്തവണയായും അടയ്ക്കാവുന്നതാണ്. അഡ്വാൻസ് ടാക്സ് ഫയൽ ചെയ്യുന്നതിനുള്ള ഔദ്യോഗികമായ അവസാന തീയതി മാർച്ച് 15 ആയിരുന്നുവെങ്കിലും മാർച്ച് 31 വരെ ഇതിനു സമയമുണ്ട്.
Post Your Comments