തിരുവനന്തപുരം•അരിവില പിടിച്ചുനിര്‍ത്താന്‍ തിരഞ്ഞെടുത്ത 500 സഹകരണ സംഘങ്ങള്‍ വഴി കിലോയ്ക്ക് 25 രൂപ നിരക്കില്‍ അരി വിതരണം ചെയ്യുന്ന പദ്ധതി മാര്‍ച്ച് ആറിന് ആരംഭിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ ഒരു കുടുംബത്തിന് അഞ്ച് കിലോ അരിയാണ് ലഭിക്കുക. അടുത്ത ഘട്ടത്തില്‍ അത് പത്ത് കിലോയാക്കും. ഇതിനായി ബംഗാളില്‍നിന്നുള്ള സുവര്‍ണ അരി 800 മെട്രിക് ടണ്‍ വിതരണത്തിന് ലഭ്യമായിട്ടുണ്ട്. മാര്‍ച്ച് 10 നകം 1700 മെട്രിക് ടണ്‍ കൂടി സംസ്ഥാനത്തെത്തും.
കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രാഥമിക സഹകരണസംഘങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച 100 കോടി രൂപയുടെ കണ്‍സോര്‍ഷ്യമാണ് അരി സംഭരിക്കുന്നത്. സഹകരണ അരിക്കടകളുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് ആറിന് വൈകിട്ട് ഏഴിന് തിരുവനന്തപുരം കരകുളം സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ 40 വീതവും മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ 30 വീതവും വയനാട് 20 സഹകരണ സംഘങ്ങളുമാണ് വിതരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ബംഗാളില്‍നിന്നുള്ള അരി ഗുണനിലവാരം ഉറപ്പുവരുത്തിയാണ് എത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിതരണത്തിനുള്ള സംഘങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആദിവാസി, മത്സ്യത്തൊഴിലാളി മേഖലയ്ക്ക് മുന്‍ഗണന നല്‍കും. കിലോയ്ക്ക് 27 രൂപ നിരക്കില്‍ വിതരണം ചെയ്യുന്ന അരി രണ്ട് രൂപ നഷ്ടം സഹിച്ചാണ് പ്രാഥമിക സംഘങ്ങള്‍ വിതരണം ചെയ്യുന്നത്. അരിവില കുറയുന്നതുവരെ സംവിധാനം തുടരുമെന്നും മന്ത്രി പറഞ്ഞു
Post Your Comments