Kerala

ബജറ്റ് ചോര്‍ച്ച വിവാദം:പ്രതിപക്ഷ നേതാവിനെയും പ്രതിയാക്കേണ്ടിവരുമെന്ന് നിയമവിദഗ്ധര്‍

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നുവെന്നാരോപിച്ച് ധനമന്ത്രി തോമസ് ഐസകിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കത്ത് നല്‍കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമക്കുരുക്കിലേക്ക്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ബജറ്റ് ചോര്‍ച്ചാ വിവാദത്തില്‍ മന്ത്രി തോമസ് ഐസകിനെയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട മനോജ് പുതിയവിളയെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ചെന്നിത്തല കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ബജറ്റ് അവതരണം പൂര്‍ത്തിയാകുംമുമ്പേ ബജറ്റ് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു കിട്ടിയ സംഭവത്തില്‍ മന്ത്രിക്കു പങ്കുണ്ടെന്നായിരുന്നു കത്തിലെ ആരോപണം. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമായിരുന്നു മനോജ് പുതിയവിള ബജറ്റ് ഹൈലൈറ്റ്‌സ് ഇമെയില്‍ ആയി അയച്ചത്. ഈ ബജറ്റ് ഹൈലൈറ്റ്‌സ് പോലും രഹസ്യരേഖ ആണെന്നും ഈ സാഹചര്യത്തില്‍ ബജറ്റ് ചോര്‍ന്നു എന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

എന്നാല്‍ ബജറ്റ് ഹൈലൈറ്റ്‌സ് ബജറ്റാണെന്നു ധരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഔദ്യോഗികമായി മന്ത്രിയുടെ ബജറ്റ് അവതരണം പൂര്‍ത്തിയാകുംമുമ്പേ ബജറ്റ് ഹൈലൈറ്റ്‌സിലെ നിര്‍ദേശങ്ങള്‍ പൂര്‍ണ ബജറ്റാണെന്ന രൂപേണ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി ലോകത്തെ അറിയിക്കുകയായിരുന്നു. നിയമസഭാ മീഡിയ റൂമിലെ ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനം എല്ലാ ചാനലുകളും തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. മന്ത്രിയുടെ പ്രസ് സെക്രട്ടറി ചുരുക്കം ചില മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമായിരുന്നു ബജറ്റ് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതെങ്കില്‍ പ്രതിപക്ഷ നേതാവ് ആ വിവരങ്ങള്‍ മുഴുവന്‍ സമൂഹത്തെയും അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ പ്രസ് സെക്രട്ടറിയും പ്രതിപക്ഷ നേതാവും ചെയ്തത് സമാനമായ കുറ്റകൃത്യമാണെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ 5(2) പ്രകാരം രഹസ്യസ്വഭാവമുള്ള രേഖകള്‍ അത് രഹസ്യമാണെന്നു അറിഞ്ഞുകൊണ്ടുതന്നെ സ്വമേധയാ കൈപ്പറ്റുന്നതും പരസ്യപ്പെടുത്തുന്നതും കുറ്റകരമാണ്. അഞ്ചുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

മാധ്യമപ്രവര്‍ത്തകര്‍ക്കു ഇമെയിലില്‍ ലഭിച്ചത് രഹസ്യസ്വഭാവമുള്ള ബജറ്റ് രേഖകളാണെന്നു വിമര്‍ശിക്കുമ്പോള്‍ തന്നെ ആ രേഖകള്‍ ഏറ്റുവാങ്ങി കൈവശം സൂക്ഷിച്ചതും അത് വാര്‍ത്താസമ്മേളനം വിളിച്ച് പരസ്യപ്പെടുത്തിയതും ഗൗരവമേറിയ കുറ്റമാണ്. അത്തരത്തില്‍ ഏതെങ്കിലും രഹസ്യസ്വഭാവമുള്ള രേഖകള്‍ നിയമസഭക്ക് ഉള്ളില്‍ വച്ച് കിട്ടിയാല്‍ ആരായാലും അത് സ്പീക്കര്‍ക്ക് കൈമാറേണ്ടതുണ്ട്. ഇവിടെ ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതും ലംഘിച്ചിരിക്കുകയാണ്. ഈ പ്രവൃത്തികളെല്ലാം ഔദ്യോഗിക രഹസ്യ നിയമം 5(2)ന്റെ പരിധിയില്‍ വരുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ധനമന്ത്രിക്കും മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട മനോജ് പുതിയവിളക്കുമെതിരേ നടപടി എടുക്കണമെന്ന വാദം ഉയരുമ്പോള്‍ സമാന തെറ്റ് ചെയ്ത രമേശ് ചെന്നിത്തലക്കെതിരെയും നടപടിക്ക് മുറവിളി ഉയരുമെന്ന് ഉറപ്പായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button