ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ത്രാലില്‍ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയുടെ സഹായിയും ജെയ്‌ഷെ മുഹമ്മദ് ഭീകരനും ഒരു പൊലീസ് കോണ്‍സ്റ്റബിളുും മരിച്ചു. നാട്ടുകാര്‍ സൈനിക നടപടിയെ തടസ്സപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയുടെ ജന്മദേശമായ ത്രാലിലെ നസ്‌നീന്‍പോരയില്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും രണ്ട് തീവ്രവാദികളും മരിച്ചു.
ബുര്‍ഹാന്‍ വാണിയുടെ സഹായി അക്കിബ് അഹമ്മദ് മൗലവി ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ പാകിസ്ഥാന്‍കാരന്‍ ഒസാമ എന്നിവരെയാണ് സുരക്ഷാസേന വധിച്ചത്.
ഉറി സ്വദേശി മന്‍സൂര്‍ അഹമ്മദാണ് മരിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ . 15 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു സുരക്ഷാ ജീവനക്കാര്‍ക്കു പരിക്കേറ്റു.
ഇന്നലെ വൈകീട്ട് ആറുമണിയ്ക്കാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ജമ്മു കശ്മീര്‍ പൊലീസ്, സൈന്യം, സിആര്‍പിഎഫ് വിഭാഗങ്ങള്‍ സംയുക്തമായാണ് തീവ്രവാദികളെ നേരിട്ടത്. ഇവര്‍ക്കുനേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. സൈനിക നടപടിയെ തടസ്സപ്പെടുത്തിയ നാട്ടുകാരിലൊരാള്‍ സൈനികന്റെ തോക്കുമായി കടന്നുകളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെട്ടെന്ന റിപ്പോര്‍ട്ട് ജമ്മുകശ്മീര്‍ പൊലീസ് തള്ളി.
Post Your Comments