മലപ്പുറം: സ്റ്റെന്റിന് വിലകുറച്ച കേന്ദ്ര സർക്കാർ തീരുമാനം അട്ടിമറിച്ചു. സ്റ്റെന്റിന് അധികവില ഈടാക്കിയെന്ന് രാജ്യത്തെ 27 ആശുപത്രികൾക്കെതിരെ പരാതി ഉയർന്നു. പരാതി ലഭിച്ചത് ദേശീയ ഔഷധവിലനിയന്ത്രണ സമിതിക്കാണ്. കേരളത്തിലെ ഒരു ആശുപത്രിക്കെതിരെയും പരാതിയുണ്ട്. സമതി 12 ആശുപത്രികൾക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. കഴിഞ്ഞമാസം 13-നാണ് ഹൃദയചികിത്സയ്ക്കുള്ള സ്റ്റെന്റിന് 85 ശതമാനംവരെ വിലക്കുറവ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഉത്തരവ് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഓണ്‍ലൈനിലും പരാതി സമര്‍പ്പിക്കാന്‍ അധികൃതര്‍ സൗകര്യമൊരുക്കിയിരുന്നു. ഇത്തരത്തിലാണ് പരാതികള്‍ ലഭിച്ചത്. കൃത്യമായ ബില്ലുകള്‍ ഒപ്പംചേര്‍ത്തിരുന്ന പരാതികളിലാണ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. മറ്റ് 15 പരാതികളില്‍ സമതി ബില്ലുകളുടെ പകര്‍പ്പിനായി കാത്തിരിക്കുകയാണ്.
തൃശ്ശൂര്‍ കണ്ണംകുളങ്ങരയിലെ സണ്‍ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിനെതിരെയാണ് കേരളത്തില്‍ ഇതുവരെ പരാതിവന്നിട്ടുള്ളത്. ഫരീദാബാദില്‍ പ്രവര്‍ത്തിക്കുന്ന മെട്രോഹോസ്പിറ്റലിനെതിരെ മൂന്നു പരാതികളാണുള്ളത്. ഇതേ പ്രദേശത്തുതന്നെയുള്ള മെട്രോ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിനെതിരെയും പരാതി കിട്ടിയിട്ടുണ്ട്. ആശുപത്രിയിലെ ചികിത്സ സ്റ്റെന്റുപയോഗിച്ചാണെങ്കില്‍ ബില്ലില്‍ ഇവയുടെ കൃത്യമായ വില രേഖപ്പെടുത്തണമെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് സമിതി മുന്നറിയിപ്പു നല്‍കി. വിലയ്ക്കുപുറമേ ബ്രാന്‍ഡ് പേര്, നിര്‍മാതാവിന്റെയോ ഇറക്കുമതിക്കാരുടെയോ വിവരം, ബാച്ച് നമ്പര്‍ തുടങ്ങിയ കാര്യങ്ങളും ഇതോടൊപ്പമുണ്ടാകണം. സമിതിക്ക് കിട്ടിയ പരാതികളില്‍ ഇത്തരംവിവരങ്ങള്‍ ചിലര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നത് ഗൗരവമായ കൃത്യവിലോപമാണ്. നിര്‍ദേശംപാലിക്കാത്ത ആശുപത്രികളുടെ പേരില്‍ അവശ്യവസ്തുനിയമപ്രകാരമുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments