ആദ്യമേ പറയട്ടെ, ഇത് ആരെയെങ്കിലും കുറച്ചുകാണാനല്ല; ഒരു പഴയകാല മാധ്യമപ്രവർത്തകന്റെ വിചാരവും ചിന്തയും പങ്കുവെക്കുന്നു എന്നുമാത്രം. വിഷയം കൊട്ടിയൂരിലെ പള്ളി വികാരിക്കെതിരെ പോലീസ് സ്വീകരിച്ച നിയമനടപടിയാണ്. പോലീസ് ഒരാളെ അറസ്റ്റ് ചെയ്താൽ, അയാളെ കോടതി റിമാൻഡ് ചെയ്താൽ, അതിലുപരി പോലീസിനുമുന്നിൽ ആ പ്രതി കുറ്റസമ്മതം നടത്തി എന്നുവന്നാൽ …….. അതും ളോഹയിട്ട ഒരു വികാരി ആകുമ്പോൾ …….. അതിൽ ഒരു പ്രാധാന്യവുമില്ലേ?. അത് സമൂഹത്തിൽ ചർച്ചചെയ്യപ്പെടേണ്ടതല്ലേ? പിന്നെ കേസ് അത്രയ്ക്ക് നാണം കെട്ടതാവുമ്പോൾ, പാവപ്പെട്ട ഒരു വിദ്യാർത്ഥിക്ക് ഒരു കുട്ടിയെ സമ്മാനിച്ചതുകൂടിയാകുമ്പോൾ, അതിന് വാർത്താ പ്രാധാന്യമില്ലേ ……….?. വാർത്തകൾ മാധ്യമങ്ങൾ നൽകിയില്ല എന്നല്ല; സമാനമായ മറ്റു സംഭവങ്ങൾക്ക് നൽകിയ പ്രാധാന്യവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കാര്യത്തിൽ ‘താല്പര്യം’ എത്രമാത്രം കുറഞ്ഞുപോയി എന്നതാണ്. വായ് മൂടിക്കെട്ടി എന്നൊന്നും ഞാൻ പറയില്ല. എന്നാൽ ‘വേണോ……’ എന്നൊരു ചിന്ത പലരെയും അലട്ടിയിരുന്നു എന്നുവ്യക്തം.
ഒരു ഫാദറിനെ ളോഹ ഊരിച്ച് പോലീസ് ജീപ്പിൽ കൊണ്ടുപോകുന്ന കാഴ്ച ഇന്നിപ്പോൾ ഒട്ടെല്ലാ മലയാളികളുടെയും മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ടാവും. കത്തോലിക്കാ സഭയിലെ പാതിരിയാണ് അദ്ദേഹം. എന്തിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോൾ പോലീസ് ളോഹ ഒഴിവാക്കിയത് എന്നൊന്നും ചോദിക്കുന്നില്ല. ” സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ ” കേരളം പോലീസ് സ്വീകരിച്ച ശക്തമായ നടപടി” എന്ന് കരുതുക. ഇന്നലെ ഞാൻ സൂചിപ്പിച്ചതുപോലെ നാണംകെട്ട ഈ സംഭവത്തെ തള്ളിപ്പറയാൻ, പരസ്യമായി തള്ളിപ്പറയാൻ, ഇനിയും കത്തോലിക്കാ സഭ തയ്യാറായിട്ടില്ല . ആ ഫാദർ വികാരിയായിരുന്ന പള്ളിയിലും പള്ളി മേടയിലും പ്രതിയുമായിച്ചെന്ന് തെളിവെടുപ്പ് നടന്നു. ആ ഫാദറെ മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചു റിമാൻഡ് ചെയ്യുകയും ചെയ്തു. അതായത് അച്ഛനിപ്പോൾ ജയിലിലാണ്. അതൊക്കെ ഒരു ക്രൈസ്തവ സഭയെ എത്രമാത്രം അലോസരപ്പെടുത്തിയിരിക്കാം. എന്നിട്ടുമെന്തേ അവർ പരസ്യമായി തള്ളിപ്പറയാത്തതു് ?. ഈ കേസിലെ പ്രതിയായ ഫാദറും വിദേശയാത്രക്ക് ഒരുങ്ങിയിരുന്നു എന്നാണ് സൂചനകൾ. പക്ഷെ അതിനിടയിൽ പിടിയിലായി. ഇതൊക്കെ ക്രൈസ്തവ സഭയെ സംബന്ധിച്ചിടത്തോളം ശരിയായ നിലക്കുള്ളതായില്ല എന്നത് പറയാതിരിക്കാൻ കഴിയുന്നില്ല. തങ്ങളുടെ വികാരി അച്ചനെ രക്ഷിക്കാൻ, സംരക്ഷിക്കാൻ സഭ ഏതറ്റവും വരെയും പോകുമെന്നതിനു കുറെ ഉദാഹരണങ്ങളുണ്ട്. അത് ഞാൻ നേരത്തെ സൂചിപ്പിച്ചതാണ്. അഭയ കേസിന്റെ വേളയിലും മറിയക്കുട്ടി കേസിലും മറ്റും അവർ സ്വീകരിച്ച നിലപാട് ഭിന്നമായിരുന്നില്ല. കേസുകളിലെ പ്രതികളെയും പീഡനത്തിന് വിധേയരായവരെയും വിദേശത്തയച്ചതും സംരക്ഷിച്ചതും മറ്റും ഓർമ്മിക്കാതെ വയ്യല്ലോ.
കൊട്ടിയൂരിൽ ഇന്നിപ്പോൾ സമരം നടക്കുന്നുണ്ട്. വിദ്യാർഥി സംഘടനകളാണ് സമരമുഖത്തുള്ളത് . ജയിലിലായ അച്ചൻ ഇപ്പോഴും ആ കുട്ടി പഠിച്ച സ്കൂളിന്റെ മാനേജർ ആയി തുടരുകയാണ്. അയാളെ മാറ്റി മറ്റൊരാളെ പ്രതിഷ്ഠിക്കാൻ സഭക്കായിട്ടില്ല. അയാളെ നീക്കാൻ സർക്കാരിന് നിഷ്പ്രയാസം കഴിയും. അതും വൈകുന്നു.
ഇതൊക്കെ ചർച്ചചെയ്യപ്പെടേണ്ടേ?. അതാണ് എന്റെ ചെറിയ സംശയം. ഏതാനും ദിവസം മുന്പാണല്ലോ ഒരു മലയാളി നടി ആക്ഷേപിക്കപ്പെട്ടത് . ശരിയാണ്, കേരളത്തെ, മലയാളികളെ, അത്യന്തം നാണം കെടുത്തിയ ഗൗരവതരമായ സംഭവമാണത്. അത് അല്ലെങ്കിൽ ആ കേസ്, മുന്നോട്ടുകൊണ്ടുപോകുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്കു് എത്രവലിയതാണ് എന്നത് പറയേണ്ടതില്ലല്ലോ. അതുപോലെതന്നെയാണ് തിരുവനന്തപുരത്തെ ലോ അക്കാഡമി സംഭവം. നെഹ്‌റു കോളേജിലെ ജിഷ്ണുവിന്റെ മരണം അല്ലെങ്കിൽ വധം ഇന്നത്തെ നിലക്കെത്തിച്ചതും മാധ്യമങ്ങൾ തന്നെ. ജിഷ കേസിലെ അനുഭവം മറക്കാറായിട്ടില്ലല്ലോ. അതുപോലെ ഒന്നോ രണ്ടോ അല്ല, അനവധി അനവധി വിഷയങ്ങൾ മാധ്യമസമൂഹം ഏറ്റെടുത്തതുകൊണ്ടുമാത്രം മുന്നോട്ടുപോയിട്ടുണ്ട് . പ്രതികളെ പിടികൂടുന്നതിൽ മാത്രമല്ല, അന്വേഷണം നേരായ പാതയിലാക്കുന്നതിൽ മാത്രമല്ല, ഭാവിയിൽ അതൊക്കെ ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പുകൾ നൽകാൻ …….. മാധ്യമ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരമൊരു ദൗത്യം എന്തുകൊണ്ടാവാം ഇന്നിപ്പോൾ വികാരി അച്ചന്റെ വിഷയത്തിൽ, നമ്മുടെ മാധ്യമങ്ങൾ സ്വീകരിക്കാതിരുന്നത്?.
ഇവിടെ സംശയം, വിഷമം, തോന്നുന്നത്, മറ്റുചില കാര്യങ്ങളിൽ മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാടുകൾ കാണുമ്പോഴാണ്. വടക്കെ ഇന്ത്യയിലെ ചില ഹിന്ദു സന്യാസിമാർ മനസുതുറന്ന് , യാതൊന്നും മറച്ചുവെക്കാതെ, സംസാരിക്കുന്നത് പലപ്പോഴും നാമൊക്കെ കണ്ടിട്ടുണ്ട്. അവരുടെ പേരുകൾ വലിച്ചിഴക്കുന്നില്ല, എല്ലാവര്ക്കും അറിയാമത് . അവരുടെ നാട്ടിലെ സാഹചര്യങ്ങൾക്കനുസരിച്ചാണ് അവർ സംസാരിക്കാറുള്ളത് എന്നതാണ് അതിനുപറയാറുള്ള ന്യായീകരണം. ചിലതിലെല്ലാം ന്യായീകരണമില്ലാതില്ല. അതിനെയൊക്കെ, എല്ലാ അത്തരം പ്രസ്താവനകളെയും, അംഗീകരിക്കാനോ ശരിവെക്കാനോ ഒന്നും ഞാനില്ല. അവരെല്ലാം പാലിക്കേണ്ട മര്യാദകളുണ്ട് . എന്നാൽ ഇവിടെ പ്രശ്നമതല്ല. അതൊക്കെ വലിയ വിവാദമാക്കാനും ചർച്ചചെയ്യാനും മാധ്യമങ്ങൾ മുതിരാറുണ്ട്. അവർ കാവി ഉടുത്തവരായതിനാൽ ചോദിക്കാനും പറയാനും ആരുമില്ല എന്നതുകൊണ്ടാണോ അത്?. മാതാ അമൃതാനന്ദമയി ദേവിയുമായി ബന്ധപ്പെട്ട ഒരു സംഭവവും നമ്മുടെ മനസിലുണ്ടാവും. കൊട്ടിയൂരിലെ നായകന് കാവി അല്ല വസ്ത്രമെന്നതിനാൽ, ളോഹ ആണ് എന്നതിനാൽ, എന്താണ് പ്രത്യേകത?
മലയാളത്തിലെ ആ യുവ നടിക്കുണ്ടായ ദാരുണമായ അനുഭവത്തെ കുറച്ചുകാണുകയാണ് എന്ന് കരുതരുത്. അത് കേരളത്തെ ഞെട്ടിച്ചതാണ്; സാംസ്‌കാരിക കേരളത്തിന്റെ മുഖത്തടിച്ച സംഭവമാണ്. എനിക്ക് തോന്നുന്നത്, അതുപോലെ, അല്ലെങ്കിൽ അതിനേക്കാൾ ഗുരുതരമായ ഒരു സംഭവമാണ് കൊട്ടിയൂരിൽ ഉണ്ടായത് . പ്രതികളെ താരതമ്യം ചെയ്യുമ്പോൾ നമ്മുടെ പ്രിയപ്പെട്ട യുവ നടിയെ ആക്രമിക്കാൻ തയ്യാറായത് വെറും ഒരു ഗുണ്ടയാണ്. സാമൂഹ്യ ദ്രോഹി. അവന്റെ സംസ്കാരമൊക്കെ മനസിലാക്കാം. ഇവിടെ പക്ഷെ യേശുദേവന്റെ സന്ദേശം ജനങ്ങളിലെത്തിക്കാൻ നിയുക്തരായ ദൈവ പുത്രന്മാരും പുത്രിമാരുമാണ് . യേശുദേവന്റെ സന്ദേശമെന്താണ്?. അതുമാത്രമല്ല, ആ അച്ചൻ വികാരി മാത്രമായിരുന്നില്ല, ആ നാട്ടിലെ ഒരു സരസ്വതിക്ഷേത്രത്തിന്റെ രക്ഷകനുമാണ്, മാനേജർ. അത്തരമൊരാൾ കാട്ടിക്കൂട്ടിയത് കേരളം ചർച്ചചെയ്യണ്ടേ?. നാളെ അത് ഉണ്ടാവില്ലെന്ന് ഉറപ്പാക്കാൻ അത് സഹായിക്കുമെന്നെങ്കിലും മാധ്യമങ്ങളും സഭയും കരുതണ്ടേ ?. അത്തരമൊരു ചർച്ച സഭയെ വിഷമിപ്പിച്ചേക്കാം. എന്നാൽ അത് മറ്റൊരു തരത്തിൽ സഭയിലെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവുമാവില്ലേ?. ചർച്ചക്കായി ഇത് സമൂഹത്തിൽ സമർപ്പിക്കുന്നു.
മറ്റൊന്ന് രാഷ്ട്രീയകക്ഷികളുടെ നിലപാടാണ്. ഞാൻ കാണാതെ പോയതാണോ എന്നറിയില്ല, ബിജെപി അടക്കം ഒരു കക്ഷിയും ഒരു നേതാവും ഇക്കാര്യത്തിൽ പ്രതികരിച്ചതായി കണ്ടില്ല. എന്തിനേറെ, വീണ്ടും സമ്മതിക്കട്ടെ, കാണാതെ പോയതാണോ എന്നറിയില്ല, ഹിന്ദു ഐക്യവേദിയുടെ പോലും പ്രസ്താവനയോ ബൈറ്റോ കാണുകയുണ്ടായില്ല. ഇത് ആശ്ചര്യകരമാണ് എന്ന് എങ്ങിനെ തോന്നാതിരിക്കും. കേരളത്തിലാണ് ഇതെല്ലാം എന്നത് മറക്കരുതല്ലോ. ഒരു ഹിന്ദു സന്യാസിയാണ് ഇതുപോലൊരു പ്രശ്നത്തിൽ ചെന്നുപെടുന്നത് എന്ന് കരുതുക. എന്താവുമായിരുന്നു അപ്പോൾ ഇവിടത്തെ അവസ്ഥ എന്നതുകൂടി ഓർമ്മിക്കാൻ ആലോചിക്കാൻ ഓരോ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു. മാധ്യമങ്ങൾക്ക് മാത്രമല്ല ഓരോ രാഷ്ട്രീയ കക്ഷിക്കും ഇക്കാര്യത്തിൽ വലിയ ചുമതലയുണ്ട്. ചർച്ചക്കായി ഇതും ഈ സമൂഹത്തിൽ സമർപ്പിക്കുന്നു.
Post Your Comments