ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലുകളിലായി കിടക്കുന്ന പാക് പൗരന്മാരെ ഇന്ത്യ മോചിപ്പിക്കാനൊരുങ്ങുന്നു. 39 പാകിസ്ഥാന് പൗരന്മാരെയാണ് ഇന്ത്യ മോചിപ്പിക്കാന്‍ പോകുന്നത്. ഇവരില്‍ 21 പേര് ശിക്ഷാ കാലാവധി പൂര്‍ത്തിയായവരും 18 പേര് മത്സ്യബന്ധന തൊഴിലാളികളുമാണ്. ഇവരെ മാര്‍ച്ച് 1 ന് മോചിപ്പിക്കുമെന്നാണ് വിവരം. ഇന്ത്യന്‍ സൈനികൻ ബാബുലാല്‍ ചവാനെ ഇസ്ളാമാബാദ് മോചിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. നേരത്തേ ഭീകരനേതാവ് ഹഫീസ് സയീദിനെ കുറ്റക്കാരനായി കാണുകയും വീട്ടു തടങ്കലില്‍ വെയ്ക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രഖ്യാപനം.
ഇന്ത്യാ പാകിസ്ഥാന് സമാധാന ചര്‍ച്ചയിലെ പുതിയ അദ്ധ്യായമായി ഇത് മാറുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞയാഴ്ച ഇന്‍ഡോറില്‍ നടന്ന സൗത്ത് ഏഷ്യാ സ്പീക്കേഴ്സ് ഉച്ചകോടിയിലേക്ക് ഇന്ത്യ പാകിസ്ഥാനെ ക്ഷണിച്ചത് ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. കറാച്ചി സാഹിത്യസമ്മേളനത്തില്‍ പങ്കാളിത്തം ഉറപ്പാക്കി ജനങ്ങളിലെ ബന്ധം ഊട്ടിയുറപ്പിക്കലും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.
മത്സ്യബന്ധന തൊഴിലാളികളെ മോചിപ്പിക്കുന്നതിലൂടെ ഇന്ത്യ ഭാവിയിലെ സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യതയാണ് മുന്നോട്ട് വെയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം നവാസ് ഷെരീഫിന്റെ ജന്മദിനത്തില് 200 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ പാകിസ്ഥാന് മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന് ഇന്ത്യന്‍ സൈനികന് ചവാനെയും മോചിപ്പിക്കുന്നത്.
Post Your Comments