KeralaNews

പിണറായി വിജയന്റെ നിയമസഭയിലെ പരാമര്‍ശം ഗവര്‍ണര്‍ പരിശോധിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍

മലപ്പുറം: കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസിനെതിരേ നടത്തിയ പരാമര്‍ശം ഗവര്‍ണര്‍ പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. പാര്‍ട്ടി അണികളോട് ധൈര്യമായി അക്രമം നടത്താന്‍ നിയമസഭയ്ക്കുളളില്‍ നിന്ന് പരോക്ഷമായി ആഹ്വാനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രിയെന്നും ശോഭ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സിപിഎം അക്രമികള്‍ ചുട്ടുകൊന്ന പാലക്കാട് കഞ്ചിക്കോട് വിമലാദേവിയുടെ ചിതാഭസ്മ നിമജ്ജന യാത്രയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.

“മുഖ്യമന്ത്രി സ്റ്റാലിന്റെ അവതാരമായി മാറിയിരിക്കുകയാണ്. ആര്‍എസ്എസിന്റെ ചരിത്രത്തെക്കുറിച്ചുളള അറിവില്ലായ്മയാണ് പിണറായി വിജയന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെപ്പോലെ ആയുധം ആശയമാക്കിയ പ്രസ്ഥാനമല്ല ആര്‍എസ്എസ്. ആര്‍എസ്എസിന്റെ ആയുധം ആശയവും പ്രത്യയശാസ്ത്രവുമാണ്. സ്ത്രീസുരക്ഷയില്ലാത്ത സംസ്ഥാനമായി ഇന്ന് കേരളം മാറിയിരിക്കുന്നു. അത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുളള പാഴ്‌വേലയാണ് നിയമസഭയില്‍ പിണറായി വിജയന്‍ നടത്തിയത്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴും ആര്‍എസ്എസും ബിജെപിയും കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭീഷണിയുടെ സ്വരമാണ് സ്വീകരിക്കുന്നതെങ്കില്‍ അധികകാലം പിണറായി വിജയന് ഈ ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും” ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button