Prathikarana Vedhi

അവിശുദ്ധ ബന്ധങ്ങളുടെ മെഴുകുതിരികള്‍ കത്തിയെരിയുന്ന പള്ളിമേടകള്‍: തുടര്‍ച്ചയാകുന്ന പീഡനങ്ങളുടെ കണക്കുകളുമായി അഞ്ജു പാര്‍വതി പ്രഭീഷിന്റെ ലേഖനം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നത്

ക്രിസ്തുവിനെ അനുകരിച്ച്, ജടമോഹങ്ങളെ ആത്മാവിന്‍റെ ശക്തിയാല്‍ അതിജീവിക്കുന്നവരാണ് പുരോഹിതര്‍ എന്നാണ് ഭാഷ്യം .എന്നാല്‍ വികാരജീവികളായ വെറും സാധാരണ മനുഷ്യര്‍ മാത്രമാണ് തങ്ങളെന്നും പ്രകൃതി നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ക്രിസ്തുവിനെ അനുകരിക്കുക അസാധ്യമെന്നും കാലാകാലങ്ങളായി തെളിയിച്ചു കൊണ്ടിരിക്കുകയല്ലേ പള്ളിമേടകളിലെ പുരോഹിത വര്‍ഗ്ഗം??ആട്ടിന്‍ തോലണിഞ്ഞ ചെന്നായയുടെ കഥ ഈസോപ്പ് കഥകളിലും, ബൈബിളിലും നമ്മള്‍ വായിച്ചിരിക്കുന്നു.പൗരോഹിത്യത്തിന്‍റെ ശുഭ്ര വസ്ത്രമണിഞ്ഞ കാമാഭ്രാന്തനായ ഒരു ചെന്നായയുടെ കഥയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് .സൗമ്യതയുടെ ആട്ടിന്‍തോലണിഞ്ഞ അവന്‍ കൊട്ടിയൂരിലെ കുഞ്ഞാടുകളെ വിഡ്ഢികളാക്കിയപ്പോള്‍ ഉടഞ്ഞു വീണത്‌ പരിശുദ്ധതയുടെ പര്യായമായിരുന്ന തിരുവസ്ത്രമായിരുന്നു ..ദൈനംദിന ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ സഹനങ്ങളിലൂടെ നേരിടുമെന്ന് പ്രതിജ്ഞയെടുത്ത് ആത്മീയ ജീവിതമാരംഭിക്കുന്ന പല പുരോഹിതന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും പ്രകൃതി നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സഭയുടെ ചിട്ടവട്ടങ്ങള്‍ പാലിക്കുവാന്‍ എന്തുകൊണ്ട് കഴിയാതെ വരുന്നു?ഇതിന്റെ പിന്നാമ്പുറത്തെ ഞെട്ടിക്കുന്ന പല രഹസ്യങ്ങളും എന്തുകൊണ്ട് പുരോഗമനവാദികള്‍ കണ്ടില്ലെന്നു നടിക്കുന്നു ??അതിനെതിരെ എന്തുക്കൊണ്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നില്ല ??ബാലികാ പീഡനത്തിന്റെ വാര്‍ത്തയറിഞ്ഞു എന്തുക്കൊണ്ട് ബുദ്ധിജീവി രക്തം തിളയ്ക്കുന്നില്ല??സ്ത്രീസം ഘടനകള്‍ പള്ളിമേടകള്‍ ലക്ഷ്യമാക്കി എന്തേ സമരം സംഘടിപ്പിക്കുന്നില്ല??ഉത്തരം വളരെ ലളിതം . കേരളം ഭരിക്കുന്നത്‌ മോഡിയല്ല . പീഡനം നടന്നത് ആശ്രമത്തിലുമല്ല .ന്യൂനപക്ഷ വോട്ടുകളുടെ ബാങ്കര്‍ ആയ സഭയ്ക്കെതിരെ പ്രതികരിക്കാന്‍ ഇവിടെ ജനകീയ സര്‍ക്കാരുമില്ല ,രാഷ്ട്രീയ സംഘടനകളുമില്ല..ഉണ്ടായിരുന്നുവെങ്കില്‍ പള്ളിമേടകളിലെ പീഡനം ആവര്‍ത്തനമാകില്ലായിരുന്നു .

കര്‍ത്താവിന്‍റെ മണവാട്ടികളില്‍ പലര്‍ക്കും മണവാളന്‍റെ രഹസ്യ വരവിനു മുന്നേതന്നെ തങ്ങളുടെ കന്യകാത്വം കര്‍ത്താവിന്‍റെ പ്രതിപുരുഷന്മാര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ടിവരുന്നുവെന്ന സത്യം സമൂഹത്തിനു മുന്നില്‍ ഉറക്കെ വിളിച്ചു പറഞ്ഞത് മറ്റാരും തന്നെയല്ല മറിച്ചൊരു കന്യാസ്ത്രീ തന്നെയായിരുന്നു .സിസ്റ്റര്‍ ജെസ്മി .അവരുടെ ആമേന്‍ എന്ന പുസ്തകത്തില്‍ അക്കമിട്ടു വിവരിക്കുന്നുണ്ട് പീഡനത്തിന്റെ പരി(അവി)ശുദ്ധ കഥകള്‍ . സഭയുടെ കീര്‍ത്തിക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട്‌ രണ്ടു പുസ്തകങ്ങള്‍ കൂടി പിന്നീട് പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. അരമനകളുടെയും കന്യാസ്ത്രീ മOങ്ങളുടെയും ചുവരുകള്‍കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന അവിഹിത ബന്ധങ്ങള്‍ പലതും ഈ പുസ്തകങ്ങളിലൂടെ മറനീക്കി പുറത്തുവന്നതും നമ്മള്‍ കണ്ടതാണ് .

എന്തുകൊണ്ടാണ് പള്ളിമേടകളില്‍ അവിശുദ്ധ ബന്ധങ്ങളുടെ മെഴുകുതിരികള്‍ കത്തിയെരിയുന്നത് ??പള്ളിമേടകള്‍ക്കും കന്യാസ്ത്രീ മടങ്ങള്‍ക്കും അരികെയുള്ള അനാഥാലയങ്ങളില്‍ ജനിക്കാനും വളരാനും വിധിക്കപ്പെട്ട പൂമൊട്ടുകള്‍ക്ക് മേലുള്ള അനാഥത്വം കല്പിച്ചു നല്‍കപ്പെട്ടത്‌ അവിശുദ്ധ ബന്ധങ്ങളുടെ ബാക്കിപത്രങ്ങളാണ് ഏറിയ പങ്കും .അവിടുത്തെ അന്തേവാസികളായ കുട്ടികളുടെ ഡി എന്‍ എ ടെസ്റ്റ്‌ നടത്തുകയാണെങ്കില്‍ അച്ചന്‍പട്ടം കിട്ടിയ അച്ഛന്മാരുടെ ലീലാവിലാസങ്ങള്‍ പുറത്തുവന്നേക്കാം .ഇവിടെ ആരാണ് തെറ്റുകാര്‍ ??വികാരിയച്ചന്മാര്‍ക്ക് വികാരമില്ലായെന്നു പറഞ്ഞു സ്ഥാപിക്കാന്‍ നോക്കിയ സഭയല്ലേ യഥാര്‍ത്ഥ തെറ്റുകാര്‍ ??പുരുഷനും സ്ത്രീക്കും വിവാഹത്തിലൂടെ പ്രകൃതി നല്‍കിയ ഇണചേരുവാനുള്ള അവകാശം കത്തോലിക്ക സഭ ഇവര്‍ക്ക് നിഷേധിച്ചതെന്തുകൊണ്ടാണ് ?. കന്യകകളെ ക്രിസ്തുവിന്‍റെ പേരില്‍ കുടുംബത്തിൽ നിന്നും അടർത്തിമാറ്റി അവിവാഹിതകളാക്കി “കര്‍ത്താവിന്‍റെ മണവാട്ടിയെന്നൊരു നാമവും നല്കി, സഭയുടെ സാമ്പത്തീക വളര്‍ച്ചക്കും, വിദേശ നാണ്യത്തിനും വേണ്ടി കൂലിയില്ലാവേല ചെയ്യിച്ച് മOങ്ങളുടെ കരിനിയമത്തടവറയിലിട്ടു പീഡിപ്പിക്കുന്ന സഭാ നേതൃത്വമാണ് തെറ്റുകാര്‍ .

ബൈബിളില്‍ എവിടെയെങ്കിലും പുരോഹിതര്‍ വിവാഹം ചെയ്യരുതെന്ന് പറയുന്നുണ്ടോ ??പറയുന്നില്ല. കത്തോലിക്ക സഭയുടെ സ്ഥാപകനായ പത്രോസ് വിവാഹിതനായിരുന്നല്ലോ ??. തന്‍റെ ജനത്തെ ഫറവോയുടെ അടിമത്ത്വത്തിൽനിന്നും മോചിപ്പിക്കുവാൻ ദൈവം തിരഞ്ഞെടുത്ത മോശയും വിവാഹിതനായിരുന്നു. ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍തീരത്തെ മണല്‍ത്തരികള്‍പോലെയും സന്തതികള്‍ ഉണ്ടാകട്ടെ എന്ന് ദൈവം അബ്രഹാമിനെ അനുഗ്രഹിച്ചത് എന്തിനായിരുന്നു ??കര്‍ത്താവിന്‍റെ മണവാട്ടികളെകുറിച്ചും ബൈബിളില്‍ എവിടെയും പറയുന്നില്ല. കുടുംബത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം കൂടുമ്പോള്‍, സ്വയം തീരുമാനമെടുക്കുവാന്‍ പ്രാപ്തിയാകാത്ത മകളെ ദൈവവിളി എന്നപേരില്‍ മഠത്തിലേക്ക് പറഞ്ഞയക്കുന്ന, , കുടുംബത്തിന്‍റെ അന്തസ്സിനും നല്ല പാശ്ചാത്യ വിദ്യാഭ്യാസത്തിനുമായി മകനെ നേര്‍ച്ചഎന്നപേരില്‍ ജീവിതകാലം മുഴുവന്‍ സന്യാസത്തിനു പറഞ്ഞയക്കുന്ന മാതാപിതാക്കളും തെറ്റുകാര്‍ തന്നെയല്ലേ ?? മഠത്തില്‍ ചേര്‍ന്നശേഷം പക്വതയെത്തുമ്പോള്‍ സഭാവസ്ത്രം അഴിച്ചുവെച്ചു പ്രതികരിക്കാനും സമൂഹത്തിന്‍റെ മുന്നിലെക്കിറങ്ങുവാനും ചുരുക്കം ചില ജെസ്മിമാരോ മേരിചാണ്ടിമാരോ മാത്രമേ തയ്യാറാവുന്നുള്ളൂ .. . ദാമ്പത്യം ഒരിക്കലും ആതുര സേവനത്തിനു വെല്ലുവിളിയേ അല്ല..

പള്ളിമേടകളിലെ അവിശുദ്ധ ബന്ധം മലയാളി മനസ്സില്‍ ഇടം പിടിച്ചു തുടങ്ങിയത് സിസ്ടര്‍ അഭയയുടെ മരണത്തോടെയായിരുന്നു .വിവാദങ്ങളില്‍നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സിസ്റ്റര്‍ അഭയ കേസിന് ഇരുപത്തിയഞ്ചു വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. അത്രമേല്‍ ശക്തമായ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചുകൊണ്ടാണ് കേസ് ഇന്നും നിലനില്‍ക്കുന്നത്. കന്യാസ്ത്രീമഠ ങ്ങളിലെ മണവാട്ടികളും പള്ളിമേടകളിലെ പുരോഹിതന്മാരും തമ്മിലുള്ള അവിഹിതബന്ധങ്ങളുടെ പിന്നാമ്പുറക്കഥകള്‍ നമ്മള്‍ അറിഞ്ഞുതുടങ്ങിയത്‌ അവിടം മുതല്‍ക്കായിരുന്നു .കുറ്റം ആരോപിക്കപെട്ട ഫാദര്‍ തോമസ്‌ കോട്ടൂരിനും ഫാ.ജോസ് പുത്രുക്കയിലിനും സിസ്റ്റര്‍ സ്ടെഫിക്കും പിന്നാലെ ക്നാനായ സഭയുടെ കോട്ടയം അതിരൂപത ബിഷപ്പായിരുന്ന കുരിയാക്കോസ് കുന്നശ്ശേരിയും പയസ് ടെന്‍തു മOത്തിലെ സിസ്റ്റര്‍ ലൌസിയും തമ്മിലുണ്ടായിരുന്ന അവിഹിതബന്ധത്തിന്‍റെ കഥകളും ഇതോടൊപ്പം പുറത്തുവന്നപ്പോള്‍ ഞെട്ടിയത് കേരളത്തിലെ വിശ്വാസികളായിരുന്നു .ശുഭ്ര വസ്ത്രത്തിലൊളിപ്പിച്ച കാമപ്രാന്തിന്റെ കഥകള്‍ക്ക് പിന്നീട് ക്ഷാമമുണ്ടായില്ല തന്നെ ..

പിന്നീട് കേട്ടത് ചങ്ങനാശ്ശേരി അതിരൂപതയില്‍ ‍നിന്നുമുള്ള ഫാ.സിറിയക് കാര്‍ത്തികപ്പള്ളിയെ കുറിച്ചായിരുന്നു ., പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ രണ്ടു വര്‍ഷത്തോളം പീഡിപ്പിച്ചതിനും, ആ ബന്ധത്തിലൂടെ പിറന്ന പെണ്‍കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചതിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് 1999 ല്‍ ആയിരുന്നു .ആലുവയിലെ പ്രശസ്തമായ ആശുപത്രിയിലെ ഡ്രൈവറും കന്യസ്ത്രീയുമായുള്ള ബന്ധത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്‍റെര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും പ്രചരിച്ചത് നമ്മള്‍ മറന്നു പോയിട്ടില്ല സഭാവസ്ത്രത്തില്‍ തന്നെയാണ് ആ കര്‍ത്താവിന്‍റെ മണവാട്ടി തന്‍റെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ പങ്കുവച്ചതും.. പതിനാലുകാരിയായ ഇടവകാംഗത്തെ പള്ളിമേടയിൽ വച്ച് പീഡിപ്പിച്ചതിന് ലത്തീൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയ്ക്ക് കീഴിലുള്ള പുത്തൻവേലിക്കര പറങ്കിനാട്ടിയകുരിശ് ലൂർദ്ദ്മാതാ പള്ളി മുൻവികാരി ഫാ.എഡ്‌വിൻ ഫിഗറസിന് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതും നമ്മള്‍ കണ്ടിരുന്നു . അറിയപ്പെടുന്ന ധ്യാനഗുരുവും പ്രഭാഷകനുമായ പുരോഹിതൻ കുട്ടിയെ പള്ളിമേടയില്‍ ഒറ്റയ്ക്ക് വിളിച്ചുവരുത്തി ഉപദേശങ്ങള്‍ നല്‍കുമായിരുന്നു. പിന്നീടത് പീഡനത്തിലേക്ക് വഴിമാറുകയായിരുന്നു. വികാരിയച്ചൻ പെണ്‍കുട്ടിയെ പള്ളിമേടയിലേക്ക് നിരന്തരം വിളിച്ചു വരുത്തുന്നതിൽ സംശയം തോന്നിയ വീട്ടുകാർ പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡനകാര്യം പുറത്തറിഞ്ഞത്. ഗായകനും എഴുത്തുകാരനും കൂടിയായിരുന്നു അദ്ദേഹം . ഒല്ലൂര്‍ തൈക്കാട്ടുശേരി സെന്റ്‌ പോള്‍സ്‌ പള്ളി ഇടവകയിലെ ദരിദ്ര ബാലികയെ ആദ്യ കുർബാന സ്വീകരണ വസ്ത്രം വാങ്ങിക്കൊടുക്കാമെന്ന വാഗ്ദാനം നല്കി പീഡിപ്പിച്ചിട്ട്‌ മുങ്ങിയ “വൈദികന്‍” രാജു കൊക്കനെയും നമ്മള്‍ കണ്ടതാണ് . 2013ല്‍ 17കാരിയായ ഫാത്തിമ സോഫിയ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിസ്ഥാനത്ത് ഫാദര്‍ ആരോകിയ രാജ് ആയിരുന്നു . ആത്മഹത്യയെന്ന് പറഞ്ഞ് പൊലീസ് അന്വേഷണം അവസാനിപ്പിക്കാന്‍ കാരണം സഭയുടെ ഇടപ്പെടല്‍ മാത്രമായിരുന്നു.

പള്ളിമേടകളില്‍ നിന്നും മരണത്തിന്‍റെ കറുത്ത നിഴലുകള്‍ പിന്നെയും കേരളം കണ്ടു .വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ മരിയയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും നിരവധി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പാലാ ലിസ്യൂ കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകത്തിലും സഭയുടെ നിലപാട് ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നുവല്ലോ ..മെത്രാപ്പോലീത്ത പട്ടം മൂന്നു കോടി രൂപയ്ക്ക് ലേലത്തില്‍ പോകുന്നതും, സ്ഥാനമാനങ്ങള്‍ക്കും സമ്പത്തിനും വേണ്ടി യാക്കോബായ-ഓർത്തഡോൿസ്‌ വൈദീകര്‍ തെരുവില്‍ തമ്മിലടിക്കുന്നതും, മൃതദേഹവുമായി ശ്മശാനത്തില്‍ വിശ്വാസികള്‍ തമ്മിലടിക്കുന്ന്തും കേരളം കണ്ടു. ഇതിനെതിരെ എത്ര പുരോഗമന വാദികള്‍ പ്രതികരിച്ചു ??. കത്തോലിക്കാ സഭാനേതൃത്വം കന്യാസ്ത്രീകളെ ഭ്രാന്തിനുള്ള മരുന്നു കഴിപ്പിക്കുന്നുവെന്നുള്ള സിസ്റ്റർ മേരി സെബാസ്റ്റിയന്റെ വെളിപ്പെടുത്തൽ സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതും അതീവ ഗുരുതരമായ കുറ്റകൃത്യവുമാണ്.അതിനെതിരെ എന്ത് നടപടിയാണ് നമ്മുടെ സര്‍ക്കാര്‍ നടത്തിയത് ?? അടുത്ത കാലത്തായി ദൂരുഹ സാഹചര്യത്തിൽ മരിച്ച നിരവധി കന്യാസ്ത്രീകളാണുള്ളത്. ഇതു സംബന്ധിച്ച അന്വേഷണമെല്ലാം പ്രഹസനമായിമാറിയിരിക്കുന്നു. ദൂരൂഹ സാഹചര്യത്തിൽ മരിച്ചതും മഠംവിട്ടുപുറത്തുപോന്നിട്ടുള്ളതുമായ കന്യാസ്ത്രീകൾ മാനസീകരോഗിളായിരുന്നുവെന്ന് സഭാ നേതൃത്വം തന്നെ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. യാതോരു കുഴപ്പവുമില്ലാതെ മഠത്തിൽ ചേരുന്ന കന്യാസ്ത്രീകളെല്ലാം മനോരോഗികളാകുന്നതെങ്ങനെയെന്ന കാര്യം ഇവിടെ വ്യക്തമാകുന്നു. ഒരു ധ്യാനഗുരുവിന്റെ ലൈംഗിക പീഡനം ചെറുത്ത ഒരു കന്യാസ്ത്രീയെ ആലുവ മഠത്തിൽനിന്നും നട്ടുച്ചക്ക് പുറത്താക്കി നടുറോഡിലിറക്കിവിട്ടസംഭവം വാർത്തയായപ്പോൾ 12ലക്ഷം നൽകി കേസ്സൊതുക്കിഅവരെ പറഞ്ഞുവിട്ടു. എന്നാൽ ആ പുരോഹിതൻ സുഖമായിതുടരുന്നു. സ്ത്രീകളോടുള്ള സഭയുടെ അവഹേളനവും അടിച്ചമർത്തലും അതി ക്രൂരമായി തുടരുകയാണ്. ഫാദർ ജയിൻ ഒരു പെൺകുട്ടിയുമായി അടുക്കുകയും വിവാഹം കഴിക്കുയും ചെയ്ത സംഭവത്തിൽ അദ്ദേഹത്തെ തൊടുപുഴക്കടുത്തുള്ള ഭ്രാന്താശുപത്രിയിൽ അടച്ച് കുത്തിവച്ചതും പോലീസ് രക്ഷപെടുത്തിയതും കേരള സമൂഹം ഞെട്ടലോടെ കണ്ടതാണ്.

,അഭയ കേസും സമാന കേസുകളും ഇപ്പോഴും നീതിപീഠങ്ങളുടെ മുന്നിലും വിശ്വാസികളുടെ മനസ്സിലും തീ കെടാതെ നീറി പുകയുന്നുണ്ട് .ഇടയ്ക്കിടെ ഒറ്റക്കും തെറ്റക്കും ഓരോ അറസ്റ്റ് വാർത്തകൾ കേൾക്കുന്നുണ്ടെന്നത് ഒഴിച്ച് നിർത്തിയാൽ, ഈ കേസുകളുടെ എല്ലാം ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ആര്‍ക്കും അറിയില്ല തന്നെ .പുരോഹിതന്മാരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ പണം കൊടുത്തോ പ്രലോഭനങ്ങള്‍ നല്കിയോ മൂടിവയ്ക്കപെടുകയാണ് പതിവ് .അതിനു അടിവരയിടുകയാണ് കൊട്ടിയൂരിലെ സംഭവവികാസങ്ങള്‍ .ഇനി അപൂര്‍വ്വമായി പുറത്തുവരുന്ന കേസുകള്‍ സഭയുടെ പിന്തുണയോടെ രാഷ്ട്രീയക്കാരുടെ പിന്‍ബലത്തോടെ അട്ടിമറിക്കപ്പെടുകയോ കുഴിച്ചു മൂടപ്പെടുകയോ ചെയ്യപ്പെടുന്നു.. കേരളത്തിൽ 450-തിലധികം അനാഥമന്ദിരങ്ങളുണ്ട്. കോട്ടയം ജില്ലയിൽ മാത്രം സർക്കാർ ഫണ്ടു വാങ്ങുന്ന 56 അനാഥമന്ദിരങ്ങളും ഓൾഡേജുഹോമുകളുമുണ്ട്.ഇവിടെയോക്കെയുള്ള കണക്കുകള്‍ എത്രമാത്രം സുതാര്യമാണെന്നു സര്‍ക്കാറിന് ഉറപ്പു പറയാന്‍ കഴിയുമോ ? ഏകികൃത സിവിൽ കോഡില്ലാത്തതിനാലും ദേവസ്വം ബോർഡോ ,വഖത്ത്‌ബോർഡോ പോലെ സർക്കാരിനു കണക്കുലഭിക്കുന്ന നിയമം കത്തോലിക്കാ സഭക്കില്ലാത്തത് കൊണ്ടും പണം സഭയ്ക്ക് കുമിഞ്ഞു കൂടുന്നു . കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള അനാഥാലയങ്ങളെക്കുറിച്ച് അടിയന്തിര അന്വേഷണം ആരംഭിക്കാന്‍ നമ്മുടെ ജനകീയ സര്‍ക്കാരിനു കഴിയുമോ ??അതോ മതേതരത്വം എന്ന കള്ളനാണയം ഇവിടെയും ഇറക്കുമതി ചെയ്തുകൊണ്ട് ഇക്കണ്ട നെറികേടിനെയൊക്കെ സംരക്ഷിക്കുമോ ??

shortlink

Related Articles

Post Your Comments

Related Articles


Back to top button