KeralaNews

ലോ അക്കാദമിയിൽ മാർക്ക് ദാന പരാതികളിൽ വിശദീകരണവുമായി ലക്ഷ്മി നായർ

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ ഹാജർ, ഇന്റേണൽ മാർക്ക് എന്നിവയെ കുറിച്ചുള്ള പരാതികളിൽ വിശദീകരണവുമായി മുൻപ്രിൻസിപ്പൽ ലക്ഷ്മി നായർ രംഗത്ത്. നിയമ വിരുദ്ധമായി ഹാജരോ മാർക്കോ മകന്റെ പ്രതിശ്രുത വധുവായ അനുരാധ പി.നായർക്ക് നൽകിയിട്ടില്ലെന്ന് ലക്ഷ്മി നായർ പറയുന്നു. കേരള സർവകലാശലയുടെ പരീക്ഷാ സമിതിക്കു നൽകിയ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ലോ അക്കാദമിയിൽ അനർഹരായവർക്ക് ഹാജരും ഇന്റേണൽ മാർക്കും നൽകുന്നുവെന്നായിരുന്നു പരാതി.

ഇഷ്ടമില്ലാത്ത വിദ്യാർഥികൾക്ക് ലക്ഷ്മി നായർ അർഹമായ ഹാജരോ ഇന്റേണൽ മാർക്കോ നൽകാറില്ലെന്നു സിൻഡിക്കേറ്റ് ഉപസമിതിക്കു മുന്നിൽ വിദ്യാർഥികൾ പരാതി നൽകിയിരുന്നു. ഇത് ശരിയാണെന്ന് പ്രാഥമിക തെളിവെടുപ്പിലും അന്വേഷണത്തിലും സർവകലാശാല കണ്ടെത്തുകയും ചെയ്തു. എന്നാൽ മൂട്ട് കോർട്ട്, സെമിനാറുകൾ, നാഷനൽ സർവീസ് സ്കീം തുടങ്ങിയ അക്കാദമികവും അല്ലാത്തതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് അർഹമായ ഹാജർ നൽകാറുണ്ടെന്നാണ് ലക്ഷ്മി നായർ വിശദീകരണ കുറിപ്പിൽ പറയുന്നത്.

എല്ലാവരുടെയും ഹാജരും പ്രവർത്തനവും ഒത്തുനോക്കാറുണ്ടെന്നും മുൻ പ്രിൻസിപ്പൽ പറയുന്നു. ഇങ്ങനെ ഹാജരും മാർക്കും നൽകിയവരുടെ പട്ടികയും ലക്ഷ്മി നായർ കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. അനുരാധാ പി.നായർ എന്ന വിദ്യാർഥിനി ഇവരിൽ ഒരാൾ മാത്രമാണ്. പ്രത്യേകമായ ഒരു ആനുകൂല്യവും ആ വിദ്യാർഥിനിക്കു നൽകിയിട്ടില്ല. പരീക്ഷാ നടത്തിപ്പ്, ഹാജർ രേഖപ്പെടുത്തൽ എന്നിവയിൽനിന്ന് ഡീബാർചെയ്ത്, ശിക്ഷ നടപ്പാക്കിയ ശേഷം സർവകലാശാല വിശദീകരണം ചോദിക്കുന്നത് അസാധരണമാണെന്നു ലക്ഷ്മി നായർ പറയുന്നു. ഇയർ ഔട്ട് ആക്കുന്നത് ഹാജർ ഇല്ലാത്തവരെ മാത്രമാണ്. കോളജിൽ പ്രതിമാസ ഹാജർ രജിസ്റ്റർ സൂക്ഷിക്കാറില്ല. എല്ലാ ആഴ്ചയും അധ്യാപകർ ഹാജർനില കുട്ടികളെ കാണിച്ചശേഷം നൽകുകയാണ് പതിവെന്നും നാല് പേജുള്ള കുറിപ്പിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button