KeralaNews

ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കും; മുഖ്യമന്ത്രി

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളെജ് മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇത് വരെ പോകാത്തത് സൗകര്യംകിട്ടാഞ്ഞതിനാലാണെന്നും ഇക്കാര്യത്തെ കുറിച്ച് ബേജാറാകേണ്ടതില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

വലിയ തരത്തിലുള്ള വിമർശനങ്ങളാണ് ജിഷ്ണുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാഞ്ഞതിനെതിരെ ഉയര്‍ന്നിരുന്നത്. ജിഷ്ണുവിന്റെ അമ്മ മഹിജ തന്നെ ഈ വിഷയത്തിലുള്ള തന്റെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹിജ പിണറായി വിജയന് കത്തെഴുതുകയും ചെയ്തിരുന്നു. വളരെ വൈകാരികമായ കത്ത് കേരള സമൂഹം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കുവാനുള്ള പിണറായി വിജയന്റെ തീരുമാനം വന്നിരിക്കുന്നത്.

പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വീട്ടില്‍ സമയം പോലെ പോകുമെന്നായിരുന്നു പിണറായി കോഴിക്കോട് പറഞ്ഞത്. എല്ലാവീട്ടിലും പോകാനാകില്ലല്ലോ, സൗകര്യം പോലെ താന്‍ പോകും. മകന്‍ നഷ്ടപ്പെട്ട ജിഷ്ണുവിന്റെ അമ്മയ്ക്ക് താനവിടെ പോകണമെന്ന് ആഗ്രഹമുണ്ട്. തനിക്കും ആ വീട്ടില്‍ പോകണമെന്ന് ആഗ്രഹമുണ്ടെന്നും, എന്തായാലും താനവിടെയെത്തുമെന്നും പിണറായി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെ ഈ മാസം 16 ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വിഎസ് അച്യുതാനന്ദന്‍ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കുകയും മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button