India

ജയലളിതയുടെ അനന്തിരവള്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

ചെന്നൈ: ജയലളിതയുടെ സഹോരപുത്രി ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. എംജിആര്‍ അമ്മ ദീപ പേരാവൈ എന്നാണ് പാര്‍ട്ടിയുടെ പേര്. അമ്മായി ജയയുടെ 69 -ാം ജന്മദിനത്തിലാണ് ദീപയുടെ പാര്‍ട്ടിയുടെ പ്രഖ്യാപനം. പാര്‍ട്ടി പതാക പുറത്തിറക്കിക്കൊണ്ട് ദീപ തന്നെയാണ് രാഷ്ട്രീയ പ്രവേശം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ജയലളിത മരിച്ചതോടെ ഒഴിവുവന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്കു ജനവിധി തേടുമെന്നും ദീപ വ്യക്തമാക്കി. പാര്‍ട്ടിയോട് കൂറുള്ള എഡിഎംകെ പ്രവര്‍ത്തകര്‍ തനിക്കു പിന്നിലുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജയലളിതയുടെ രൂപഭാവമുള്ള ദീപ, അമ്മായിയുടെ യഥാര്‍ഥ അനുയായികള്‍ തനിക്കൊപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ഒ.പനീര്‍ശെല്‍വവുമായി കൂട്ടുചേരാനില്ലെന്ന് ദീപ വ്യക്തമാക്കി. നേരത്തെ ദീപ പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും കൂട്ടുകെട്ട് സംബന്ധിച്ച് തീരുമാനമായില്ല.

അതേസമയം, ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ അവകാശമുന്നയിച്ച് ദീപയുടെ സഹോദരന്‍ ദീപക് ജയകുമാര്‍ രംഗത്തുവന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ ശശികലയുടെ ബന്ധുക്കളാണ് ഇപ്പോള്‍ വേദനിലയം കൈവശം വച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം ഈ വസതി സര്‍ക്കാര്‍ ഏറ്റെടുത്ത് ജയാസ്മാരകമാക്കാന്‍ തീരുമാനിച്ചെങ്കിലും ഇത് നടപ്പാകും മുന്‍പ് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടിവന്നു. വസതി തന്റെയും ബന്ധുക്കളുടെയും പേരിലാണ് ജയലളിത വില്‍പത്രത്തില്‍ എഴുതിയിരിക്കുന്നതെന്നാണ് ശശികലുടെ വാദം.

വേദനിലയം ജയലളിതയുടെ യഥാര്‍ഥ അവകാശിയായ തനിക്ക് അവകാശപ്പെട്ടതാണെന്നാണ് അനന്തിരവന്‍ ദീപകിന്റെ നിലപാട്. ഇതിനുവേണ്ടി നിയമപോരാട്ടം ആരംഭിക്കുമെന്നും ദീപക് വ്യക്തമാക്കി. അതേസമയം, മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന സൂചനകളും ദീപക് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button