ന്യൂഡൽഹി: മൂന്നാം ക്ലാസുകാരി ജ്യൂസ് കുടിക്കാൻ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഡാബർ ഇന്ത്യ തങ്ങളുടെ ജ്യൂസ് ഉൽപ്പന്നമായ റിയല്‍ ഫ്രൂട്ട് ജ്യൂസിന്റെ പാക്കറ്റ് മാറ്റാൻ ഒരുങ്ങുന്നു. ജ്യൂസ് പാക്കറ്റില്‍ ‘നിങ്ങളുടെ കുട്ടിക്ക് ഗുണമുള്ളൊരു കാര്യം അവന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടാക്കും’ എന്നാണ് എഴുതിയിരുന്നത്. ഇത് വായിച്ച ഒമ്പത് വയസുകാരി തനിക്ക് ജ്യൂസ് വേണ്ടെന്ന് പറയുകയുണ്ടായി. തുടര്‍ന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക്, ജ്യൂസ് പാക്കറ്റിലെ പരസ്യവാചകങ്ങളെ കുറിച്ച് പിതാവ് കത്തയക്കുകയായിരുന്നു.
വിവേചനപരമായ വാചകങ്ങളാണ് ജ്യൂസ് പാക്കറ്റിലുള്ളതെന്നും ‘നിങ്ങളുടെ കുട്ടിക്ക് ഗുണമുള്ളൊരു കാര്യം അവന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടാക്കും’ എന്ന് പറയുന്നത് ആൺകുട്ടികളെ മാത്രം ഉദ്ദേശിച്ചാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം തങ്ങള്‍ വിവേചനം കാട്ടിയിട്ടില്ലെന്നും പൊതുവേയുള്ള രീതിയിലാണ് ഇത്തരം വാചകം ഉപയോഗിച്ചതെന്നും എന്നാല്‍ ഇനി ഇത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാവാതിരിക്കാന്‍ പാക്കിംഗില്‍ ശ്രദ്ധചെലുത്തുമെന്നും ഡാബര്‍ അറിയിച്ചു.
Post Your Comments