കൊളസ്ട്രോള്‍ ഉണ്ടോ എന്ന ചോദ്യം ഇന്ന് സര്‍വ്വസാധാരണമായി മാറിയിരിക്കുന്നു. മാറിയ ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. കൊഴുപ്പ് കൂടിയ ഭക്ഷണം, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. റെഡ് മീറ്റ്, കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങള്‍ തുടങ്ങിയ ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കാവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം…
ഗ്രീന്‍ ടീ-നാരങ്ങാ- തേന്‍
ഗ്രീന്‍ ടീ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ രാവിലെ ഗ്രീന്‍ടീ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഗ്രീന്‍ ടീ തയ്യാറാക്കുമ്പോള്‍ കുറച്ച് നാരങ്ങാ നീരും തേനും കൂടി ചേര്‍ത്ത് കുടിക്കുന്നത് ഗുണം കൂടും.
മഞ്ഞള്‍ പാല്‍
മഞ്ഞള്‍ പാല്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് കൊണ്ട് മറ്റ് നിരവധി ഗുണങ്ങളുമുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ്
ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ പച്ചക്കറികളാണ് ബീറ്റ്റൂട്ടും ക്യാരറ്റും. ഇവ രണ്ടും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതിനാല്‍ കൊളസ്ട്രോള്‍ ഉള്ളവര്‍ ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് രാവിലെ കുടിക്കുന്നത് ഗുണം ചെയ്യും.
Post Your Comments