ന്യൂഡല്‍ഹി : ലോകത്ത് ഏറ്റവും കൂടുതല്‍ തൂക്കമുള്ള യുവതിയായ ഇമാന്‍ അഹമ്മദിന് പുതിയ പ്രതീക്ഷ നല്‍കി മുംബെയിലെ ഡോക്ടര്‍മാര്‍. ലോകത്തിലെ ഏറ്റവും കൂടുതല്‍ തൂക്കമുള്ള ഈജിപ്ഷ്യന്‍ യുവതിയായ ഇമാന്‍ അഹമ്മദിനെ തടി കുറക്കാനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ ദിവസമാണ് മുംബെയിലെ സെയ്ഫി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.500 കിലോ തൂക്കത്തില്‍ നിന്ന് ആറ് മാസത്തിനുള്ളില്‍ തന്നെ ഇമാന്‍ അഹമ്മദിന് 200 കിലോ കുറക്കാനാവുമെന്നും സാധാരണ ജീവിതത്തിലേക്ക് ഉടന്‍ തിരിച്ചെത്താമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മുംബെയിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ മൂന്നാഴ്ച്ചയോളമായുള്ള തുടര്‍ച്ചയായ ചികിത്സയുടെയും നീരീക്ഷണത്തിന്റെയും ഫലമായി ഇരുപത് കിലോയോളം ഇപ്പോള്‍ കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇമാനോടൊപ്പം ഈജിപ്തില്‍ നിന്നും പുറപ്പെട്ട ഡോക്ടര്‍മാര്‍ പറയുന്നു. ഇമാനെ 500 കിലോയില്‍ നിന്നും 100 കിലോയിലേക്കെത്തിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തിങ്കളാഴ്ചയാണ് ഇമാന്റെ ചികിത്സ തുടങ്ങിയത്.
നിലവില്‍ എഴുന്നേല്‍ക്കാനോ, ഇരിക്കാനോ കഴിയാതെ ദുരിതമനുഭവിക്കുകയാണ് ഇമാന്‍. സ്വയം എഴുന്നേറ്റിരിക്കാനും, ഭക്ഷണം കഴിക്കാനും പരസഹായമില്ലാതെ ബാത്ത് റൂം ഉപയോഗിക്കാനും ഇമാനെ സഹായിക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ ശ്രമം. അത് ഉടന്‍ സാധ്യമാകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Post Your Comments