ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ശക്തമായ പ്രതിപക്ഷമായി മാറിയിരിക്കുകയാണ് ഭാരതീയ ജനതാ പാര്‍ട്ടി. ഏറ്റെടുത്ത സമരങ്ങള്‍ ഒന്നൊന്നായി വിജയ പഥത്തിലെത്തിച്ച ബി.ജെ.പിയുടെ തേരോട്ടത്തില്‍ നിഷ്പ്രഭമായത് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസാണ്. അവസാനം ലോ അക്കാദമി സമരവേദിയിലും ആ വിജയം ആവര്‍ത്തിച്ചു. തീര്‍ന്നില്ല, ഭൂമാഫിയകള്‍ക്കെതിരെ എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള ഭൂസമരത്തിന് തുടക്കമാകുന്നു… കേന്ദ്രം സംസ്ഥാനത്തിന് നല്കിയ റേഷന്‍ അരിക്ക് വേണ്ടി യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയും ശക്തമായി രംഗത്തെത്തുന്നു. കൂടാതെ , ചെറുതും വലുതുമായ ഒട്ടേറെ സമരങ്ങള്‍ പാര്‍ട്ടിയും പോഷക സംഘടനകളും ഏറ്റെടുത്തിരിക്കുന്നു. പാര്‍ട്ടിയുടെ സമരങ്ങളെല്ലാം രാഷ്ട്രീയ ഭേദമെന്യേ പൊതുസമൂഹം പിന്തുണച്ചു എന്നതാണ് വാസ്തവം. ഈ സാഹചര്യത്തിലാണ് തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ വേദന പങ്കുവച്ച് ആയിരക്കണക്കിന് നഴ്സുമാര്‍ പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. കേരളത്തിലെ മാലാഖമാരുടെ പ്രശ്നങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവത്തോടെ എടുക്കുകയാണ്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് അത് സൂചിപ്പിച്ചു കഴിഞ്ഞു. 2011 മുതല്‍ നഴ്സുമാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന വ്യക്തിയാണ് അദ്ദേഹം എന്നതും ഏറെ പ്രതീക്ഷ നല്കുന്നു. വി.വി രാജേഷുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം.
? ലോ അക്കാദമി സമരത്തില്‍ നിന്ന് തന്നെ തുടങ്ങാം. ഈ വിജയത്തെ എങ്ങനെ നോക്കിക്കാണുന്നു?
? ഇത് കേരള ജനതയുടെ വിജയമാണ്. വിദ്യാര്‍ത്ഥികളെയും പൊതുസമൂഹത്തെയും ബാധിക്കുന്ന ഒരു പ്രശ്നം ബി.ജെ.പി ഏറ്റെടുത്തു. രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പിന്തുണ നല്കി. ചിലരുടെയൊക്കെ ധാര്‍ഷ്ഠ്യത്തിനേറ്റ തിരിച്ചടിയായി ഈ വിജയത്തെ കാണുന്നു. ഇതൊരു തുടക്കം മാത്രമാണ്. കേരളത്തിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ അരങ്ങേറുകയാണ്. സത്യത്തിനും നീതിക്കും വേണ്ടി ഭാരതീയ ജനതാ പാര്‍ട്ടി എന്നും ഉണ്ടാകും.
? ലോ അക്കാദമി സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു കണ്ടല്ലോ….?
? ലോ അക്കാദമി സമരത്തിന്റെ വിജയത്തില്‍ ഈ കുട്ടികളുടെ സാനിധ്യം തള്ളിക്കളയാനാകില്ല. അവര്‍ സ്വീകരിച്ച നിലപാടുകള്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
? കേരളത്തിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ….?
? തീര്‍ച്ചയായും . ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അടിയന്തരമായി ഒരു തീരുമാനം എടുക്കുന്നതാണ്. യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായി ഞാന്‍ ചുമതല വഹിക്കുമ്പോള്‍ ഈ വിഷയത്തില്‍ കാര്യമായി ഇടപെടുകയും ചെയ്തതാണ്. പല ആശുപത്രികളിലും നേരിട്ട് പോയി നഴ്സുമാരുടെയും മറ്റ് പാരാമെഡിക്കല്‍ ജീവനക്കാരുടെയും ദുരിതങ്ങള്‍ കണ്ടതാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ഇവരോട് കാട്ടുന്നത് ഭീകരത തന്നെയാണെന്ന് പറയേണ്ടി വരും. അതുകൊണ്ട് തന്നെ അവര്‍ക്കൊപ്പം ബി.ജെ.പിയും ഉണ്ടാകും. മറ്റൊന്ന് , ചികിത്സ സംബന്ധിച്ചുള്ള പരാതികളാണ്. പരിശോധന സംവിധാനങ്ങള്‍ക്ക് ഏകീകൃത സ്വഭാവം ഏര്‍പ്പെടുത്തിയുള്ള നിയമം പ്രാബല്യത്തിലാക്കണം. അതോടെ ചികിത്സയുടെ പേരിലുള്ള കൊള്ളയും അവസാനിക്കും.
ഇത്തരം സാമൂഹിക പ്രശ്നങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വളര്‍ച്ചക്ക് നിദാനമാകുന്നത്. ഏറിയ പങ്ക് സാധരണക്കാരും ഭാരതീയ ജനതാ പാര്‍ട്ടിയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് ഇതുകൊണ്ടൊക്കെയാണ്.
Post Your Comments