NewsIndia

ശശികല-പനീര്‍സെല്‍വം പോരില്‍ തലപോയത് മൂന്ന് തിരുവനന്തപുരത്തുകാര്‍ക്ക്; അധികാര കേന്ദ്രം നിയന്ത്രിക്കുന്നത് മറ്റൊരു മലയാളി

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി പദത്തെ ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെ ക്ഷീണം സംഭവിച്ചത് മലയാളികള്‍ക്ക്. മലയാളികളായ മൂന്ന് ഉന്നത ഉദ്യോഗസ്ഥരാണ് ശശികലയുടെ രംഗപ്രവേശത്തോടെ പദവി നഷ്ടമായത്. മൂന്നുപേരും തിരുവനന്തപുരം സ്വദേശികളാണ്. തമിഴ്‌നാട് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഉപദേഷ്ടാവായിരുന്ന മുന്‍ ചീഫ് സെക്രട്ടറി ഷീലാ ബാലകൃഷ്ണനാണ് ആദ്യം പടിയിറങ്ങേണ്ടിവന്നത്. ചെന്നൈ സിറ്റി പൊലീസ് കമ്മിഷണറായ എസ്. ജോര്‍ജ്, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിച്ചിരുന്ന ശാന്താ ഷീലാ നായര്‍ എന്നിവരാണ് പദവി നഷ്ടപ്പെട്ട മറ്റുരണ്ടുപേര്‍.
1976 ബാച്ച് ഐ.എ.എസുകാരി ഷീലാ ബാലകൃഷ്ണന്‍ ചീഫ് സെക്രട്ടറിയായി 2014 മാര്‍ച്ചില്‍ വിരമിച്ചശേഷം സര്‍ക്കാരിന്റെ ഉപദേശകയായി തുടരുകയായിരുന്നു. ജയലളിത രോഗബാധിതയായപ്പോഴും ഭരണചക്രം തിരിച്ചത് ഷീലയായിരുന്നു. ഭരണപരമായ മുഴുവന്‍ കാര്യങ്ങളിലും തീരുമാനമെടുക്കാന്‍ ഷീലയ്ക്ക് ജയലളിത സ്വാതന്ത്ര്യം നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും പോലും ഉത്തരവുകള്‍ സ്വീകരിച്ചത് ഷീലയില്‍ നിന്നായിരുന്നു. ശശികലയ്ക്ക് സഹായം ചെയ്യുന്നുവെന്ന കാരണത്താലാണ് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം ജോര്‍ജിനെ നീക്കിയത്. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ് ജോര്‍ജ്.
 
2001ല്‍ കരുണാനിധിയെ അറസ്റ്റ് ചെയ്യാന്‍ ജയലളിത നിയോഗിച്ച സംഘത്തിലെ പ്രധാനിയായിരുന്നു ജോര്‍ജ്. കവടിയാര്‍ ജവഹര്‍ നഗര്‍ സ്വദേശിയായ ശാന്താ ഷീലാനായര്‍ മുഖ്യമന്ത്രിയുടെ ഓഫീസര്‍-ഓണ്‍-സ്‌പെഷ്യല്‍ ഡ്യൂട്ടി പദവിയിലായിരുന്നു. ജയലളിതയുടെ പേരിലുള്ള ക്ഷേമപദ്ധതികളുടെ നടത്തിപ്പായിരുന്നു ആസൂത്രണബോര്‍ഡ് മുന്‍ ഉപാദ്ധ്യക്ഷയായ ശാന്തയുടെ ദൗത്യം. അതേസമയം നിലവില്‍ തമിഴ്‌നാടിനെ നിയന്ത്രിക്കുന്ന ചീഫ് സെക്രട്ടറി ഗിരിജാ വൈദ്യനാഥനും മലയാളിയാണ്. ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സെക്രട്ടറി നളിനിനെറ്റോയുടെ അമ്മാവന്റെ മകളാണ് ഗിരിജ. യൂണിവേഴ്‌സിറ്റി കോളേജ് പൂര്‍വ വിദ്യാര്‍ഥിനി കൂടിയായ ഗിരിജക്ക് ചീഫ് സെക്രട്ടറി പദത്തില്‍ മൂന്നുവര്‍ഷം കൂടി കാലാവധിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button