തിരുവനന്തപുരം• നെയ്യാറ്റിന്‍കര വെള്ളറടയില്‍ വീട്ടമ്മ കുരങ്ങു ശല്യം മൂലം ജീവനൊടുക്കി. വെള്ളറട കത്തിപ്പാറ തെക്കേക്കര പുത്തന്‍വീട്ടില്‍ പരേതനായ മുത്തയ്യന്റെ ഭാര്യ പുഷ്പാഭായി (52) ആണ് മരിച്ചത്. സ്ഥലത്തെ രൂക്ഷമായ കുരങ്ങ് ശല്യമാണ് ആത്മഹത്യക്ക് പിന്നിലെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
വെള്ളിയാഴ്ചയാണ് പുഷ്പാഭായിയെ ആസിഡ് കഴിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് പുഷ്പഭായിയുടെ ഭര്‍ത്താവ് മുത്തയ്യന്‍ അപകടത്തില്‍ മരിച്ചിരുന്നു. പിന്നീട് മകന്റെ തുച്ഛമായ വരുമാനത്തിലാണ് ഇവര്‍ ജീവിച്ചിരുന്നത്. അടുത്തിടെ വാനരപ്പടയെത്തി പുഷ്പഭായിയുടെ വീടിന്റെ മേല്‍ക്കൂര നശിപ്പിക്കുകയും ഷീറ്റുകള്‍ പൊട്ടിക്കുകയും ചെയ്തിരുന്നു. ആഹാരസാധങ്ങളും കൃഷി ഭൂമികളും നശിപ്പിക്കുന്ന വാനര സംഘത്തിന്റെ അക്രമണത്തില്‍ പുഷ്പഭായിക്ക് മനോവിഷമം ഉണ്ടായിരുന്നതായും ഇതുമൂലമാണ് ആത്മഹത്യയെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് പോലീസ് പറഞ്ഞു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പുഷ്പാഭായിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
കത്തിപ്പാറ മേഖലയിലുള്‍പ്പെടെ കുരങ്ങ് ശല്യം വളരെ കൂടുതലാണെന്ന് വ്യാപക പരാതിയുണ്ട്. അടുക്കളയില്‍ സൂക്ഷിക്കുന്ന ആഹാരസാധനങ്ങള്‍ ഉള്‍പ്പെടെ കുരങ്ങ് നശിപ്പിക്കുന്നതും പതിവാണ്. ശല്യം കാരണം പ്രദേശത്തെ പലകുടുംബങ്ങളും സ്ഥലം ഉപേക്ഷിച്ചു പോവുകയും ചെയ്തിരുന്നു.
Post Your Comments