ഇന്നലെ രാജ്യസഭയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനു നൽകിയത് ശക്തമായ താക്കീത് . അഴിമതിയുടെ കൂടാരത്തിൽ നിന്നുകൊണ്ട് തന്നെ വിമർശിക്കാൻ ആരും വരേണ്ടതില്ലെന്ന ഓർമ്മപ്പെടുത്താലും അതിലുണ്ട്. തന്നെ വിമർശിക്കുമ്പോൾ തിരിച്ചും കിട്ടുമെന്ന് മൻമോഹനെ ഇരുത്തിക്കൊണ്ടുതന്നെ മോദി ഓർമ്മിപ്പിക്കുകയായിരുന്നു. അത് നാളെകളിൽ എന്താവും തന്റെ നിലപാട് എന്നത് കാണിച്ചുകൊടുക്കൽ കൂടിയായി.
എന്നാൽ മൻമോഹൻ സിംഗിനെക്കുറിച്ചു നരേന്ദ്ര മോദി നടത്തിയ ഒരു പരാമർശം പലർക്കും വലിയ വേദനയുണ്ടാക്കിയതായി കാണുന്നു. പലർക്കും എന്നതുകൊണ്ട് ഉദ്ദേശിച്ചത് കോൺഗ്രസുകാർക്ക് എന്നാണ്. കോൺഗ്രസിന്റെ തൊപ്പിയിട്ട മാധ്യമങ്ങൾ പതിവുപോലെ അതൊക്കെ തലയിലേറ്റി നടക്കുന്നുണ്ട്. എന്താ മൻമോഹൻ സിങ് വിമർശനത്തിന് അതീതനാണോ?. അല്ല, സംശയമില്ല. പിന്നെ മോദി പറഞ്ഞതിൽ എന്താണ് തെറ്റ്?. മൻമോഹൻ സർക്കാരിന്റെ കാലത്തുണ്ടായതുപോലെ അഴിമതി മറ്റേത് കാലത്താണ് നടന്നത്. എന്നിട്ട് ഒരിടത്തെങ്കിലും ഒരു തെറ്റ് പറ്റി എന്ന് സമ്മതിക്കാം എന്ന് ആ മുൻ പ്രധാനമന്ത്രി ചിന്തിച്ചോ?. ഇല്ലല്ലോ. അഴിമതിയുടെ കുത്തൊഴുക്കാണ് അന്ന് നടന്നതെന്ന് തിരിച്ചറിയാനുള്ള സാമാന്യ മര്യാദയെങ്കിലും അദ്ദേഹം കാണിക്കേണ്ടതായിരുന്നില്ലേ.
ഇങ്ങയൊക്കെ ഭരണം നടത്തുമ്പോഴും മൻമോഹൻ സിംഗിനെപ്പോലെ അപമാനിക്കപ്പെട്ട ഒരാൾ ഉണ്ടായിട്ടുണ്ടാവുമോ. ഇന്ത്യയിലെ ഓരോ പൗരന്റെയും മനസ്സിൽ ചില ചിത്രങ്ങളുണ്ടാവും…………….. മൻമോഹൻ സിങ് കൈകൂപ്പി നിൽക്കുന്നു; അത് കണ്ടതായി പോലും നടിക്കാതെ തിരിഞ്ഞു നടക്കുന്ന സോണിയയുടേത്. രാഹുൽ ഗാന്ധി എന്ന പപ്പു എന്തെല്ലാം ഒരിക്കൽ പരസ്യമായി പത്രസമ്മേളനം നടത്തിപ്പറഞ്ഞു?.
മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, ഇന്നിപ്പോൾ തമിഴ്‌നാട്ടിലെ ഓ പനീർശെൽവം കാണിക്കുന്നതിന്റെ പത്തിലൊന്നു ചങ്കൂറ്റമെങ്കിലും മൻമോഹൻ സിങ് കാണിച്ചിരുന്നുവെങ്കിലോ?. സർവ ഫയലുകളും ഒരു അധികാരവുമില്ലാത്ത സോണിയയുടെ വീട്ടിലേക്കു കൊടുത്തയച്ചു; അവർ പറയുന്നിടത്ത് കയ്യൊപ്പു വെച്ചു. സർവ്വതും അഴിമതിയാണ് എന്നറിഞ്ഞിട്ടും അതിനൊക്കെ കൂട്ടുനിന്നു. അത്തരമൊരാളെ ഇങ്ങനെ പറഞ്ഞാൽ മതിയോ എന്നതാണ് ചോദ്യം. പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇതുപോലെ അപമാനിച്ച, കളങ്കിതമാക്കിയ മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഇതൊക്കെ കഴിഞ്ഞിട്ടും അദ്ദേഹം പ്രതികരിക്കാൻ തയ്യാറല്ല. ഗതികേട്.
മോദി വിമർശിച്ചു എന്നൊക്കെ പറയുന്നവർ ഒന്ന് മറക്കണ്ട. ഇക്കൂട്ടർ നരേന്ദ്ര മോദിയെ എന്തെല്ലാം വിളിച്ചു; എങ്ങിനെയെല്ലാം അധിക്ഷേപിച്ചു. ‘മരണത്തിന്റെ വ്യാപാരി’ എന്ന് വിളിച്ചത് സോണിയ ഗാന്ധിയല്ലെ. ബിജെപിക്കാരെ മുഴുവൻ ‘നായ’ ( പട്ടി എന്നാണ് യാഥാർത്ഥത്തിൽ വിളിച്ചത്) എന്ന് മല്ലികാർജുൻ ഖാർഗെ വിളിച്ചില്ലെ ?. ഫാസിസ്റ്റ് , വർഗീയവാദി, കൊലപാതകി എന്നൊക്കെ ബിജെപി നേതാക്കളെ വിളിക്കാത്ത ദിവസമുണ്ടായിട്ടുണ്ടോ?. നോട്ട് റദ്ദാക്കൽ നടന്നപ്പോൾ മൻമോഹൻ സിങ് പറഞ്ഞതെന്താ?. അതിലും അഴിമതി കാണാൻ പലരും കാണിച്ച താല്പര്യം മറക്കാനാവുമോ?. തറ രാഷ്ട്രീയംകൂടപ്പിറപ്പാക്കിയവരാണ് ഇവരെല്ലാം എന്നത് ഏറെക്കുറെ ജനങ്ങൾ ഇതിനകം ധരിച്ചിട്ടുണ്ടാവണം.
ഇവിടെ മോദി ചൂണ്ടിക്കാണിച്ചത് ഒരു വസ്തുതയാണ്. ഇത്രയേറെ അഴിമതികൾ നടന്നിട്ടും, കുംഭകോണങ്ങൾ അരങ്ങേറിയിട്ടും ഒരു കേസിൽ പോലും മൻമോഹൻ സിങ് അകപ്പെട്ടിട്ടില്ല എന്നത് ശരിയല്ലേ . കൽക്കരി വകുപ്പിൽ വലിയ കുംഭകോണം നടക്കുമ്പോൾ മൻമോഹൻ ആയിരുന്നു വകുപ്പുമന്ത്രി. എന്നിട്ടും പ്രതിചേർക്കപ്പെട്ടില്ല. അതാണ് ചോദിച്ചത്, മോദി പറഞ്ഞതിൽ എന്താണ് തെറ്റ്. അതൊരു സത്യസന്ധമായ പ്രസ്താവനയല്ലേ?. ‘മഴക്കോട്ടിട്ട് കുളിക്കുന്നയാൾ’ എന്നത് അക്ഷരാർഥത്തിൽ മാന്യമായ, അന്തസ്സുറ്റ ഒരു ഉപമയായാണ് എനിക്ക് തോന്നിയത്.
പക്ഷെ, ഇവിടെ ബിജെപി കുറച്ചുകൂടി ശക്തമായി പ്രതികരിക്കേണ്ടതായിരുന്നു എന്ന് ചിന്തിക്കുന്നയാളാണ് ഞാൻ. ” സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരു പട്ടിയും ബിജെപിയിലില്ല ” എന്ന് മല്ലികാർജുൻ ഖാർഗെ വിളിച്ചുകൂവിയപ്പോൾ എങ്ങിനെയാണ് പ്രതികരിക്കേണ്ടിയിരുന്നത് എന്നത് ബിജെപി തിരിച്ചറിയേണ്ടതായിരുന്നു. അത് ബിജെപിയെ മാത്രം ലക്ഷ്യമാക്കിയായിരുന്നില്ല, മറിച്ചു മുഴുവൻ സംഘപരിവാറിനും നേരെയുള്ള ആക്ഷേപമായിരുന്നു. ( ഒരു മാധ്യമ പ്രവർത്തകൻ സൂചിപ്പിച്ചതു ഇവരെല്ലാം എന്തുചെയ്യുകയാണ് എന്നാണ്). അതൊക്കെ ലോക്സഭയിലെ കോൺഗ്രസ് നേതാവ് എഴുന്നള്ളിച്ചപ്പോൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചത് ആരൊക്കെയാണ് എന്നതെങ്കിലും ബിജെപി നേതൃത്വം ഓർക്കണം. എല്ലാവരും അതൊക്കെ ടിവിയിലൂടെ കണ്ടതല്ലേ. അല്ലെങ്കിൽ കണ്ടിരിക്കേണ്ടതാണല്ലോ. സോളാർ ഫെയിം നായികയുടെ സാരിയിൽ ചുറ്റിക്കറങ്ങി നാണം കെട്ട് നടന്നിരുന്നവരെ ഇത്ര പെട്ടെന്ന് മറക്കാനായോ. അതേകേസുമായി ബന്ധപ്പെട്ട ഒരു നർത്തകിയെ വേണ്ടതിലധികം പ്രോത്സാഹിപ്പിച്ചവരെ കാണാതെ പോകാനാവുമോ. ആ സോളാർ നായിക തലസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ ഉയർത്തിക്കാട്ടിയ ‘രഹസ്യ കത്തിലെ’ പേരുകാരെ …………. അതൊക്കെ ഒന്ന് ഓർമ്മിപ്പിച്ചിരുന്നുവെങ്കിൽ?. ഇതൊക്കെയല്ലേ ‘ ടൈംലി റിയാക്ഷന് ‘ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?. അതുമല്ലെങ്കിൽ ആ എംപിമാരുടെ നാട്ടിൽ അവരുടെ ഓഫീസുകളിലേക്ക് ഒരു മാർച്ച് ബിജെപി സംഘടിപ്പിച്ചിരുന്നുവെങ്കിൽ…….. ഡൽഹിയിലായാലും എവിടെയാണെങ്കിലും തങ്ങളെ അപമാനിക്കാൻ മുതിർന്നാൽ ചരിത്രം ഞങ്ങളും പറയാൻ തുടങ്ങും എന്ന് ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിൽ ; നാട്ടിൽ സ്വസ്ഥമായി നടക്കില്ലെന്ന് ഒന്ന് ഓർമ്മിപ്പിച്ചിരുന്നെങ്കിൽ ………. ഇനിയും അതിന് അവസരമുണ്ട്, സമയമുണ്ട്. പക്ഷെ, അതിനൊക്കെ അവസാനം സഭയിൽ മറുപടി പറയാനും മോദി വേണ്ടിവന്നു എന്നത് സന്തോഷകരമായ കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ല.
Post Your Comments