തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പരിശോധനാ നിഗമനങ്ങളും ലാബുകളിലെ പരിശോധനാഫലവും മലയാളത്തിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ മാതൃഭാഷയിലാക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ വ്യക്തമാക്കി.
പാലക്കാട് പാറശേരി സേതുമാധവന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇദ്ദേഹത്തിന്റെ ഭാര്യ ഗർഭിണി ആയിരുന്നു. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ ആയിരുന്നെന്നും ഗര്ഭപാത്രത്തിന് വികാസമില്ലാത്തതിനാല്‍ ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ചതായും ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് ലഭിച്ചില്ല. തുടർന്ന് ആശുപത്രിയും ഡോക്ടര്‍മാരും തന്റെ ഇരട്ടക്കുട്ടികളുടെ ജീവന് സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ഇയാൾ പരാതി നൽകി.
പരാതിക്കാരന് ആവശ്യപ്പെടാത്തതു കൊണ്ടാണ് ആംബുലന്‍സ് നല്‍കാതിരുന്നതെന്ന് ആശുപതിക്കാർ നൽകിയ മറുപടിയിൽ പറയുന്നു. കൂടാതെ തങ്ങൾക്ക് ഇരട്ടകുട്ടികൾ ആണ് ഉള്ളതെന്നും ദമ്പതികൾ അറിഞ്ഞിരുന്നില്ല. ഒ.പി. രജിസ്റ്ററില്‍ ഇരട്ടക്കുട്ടികളാണെന്ന് രേഖപ്പെടുത്തിയതുകൊണ്ട് മാത്രം പരാതിക്കാരനും ഭാര്യയും അത് അറിയണമെന്നില്ലെന്ന് കമ്മിഷന് ചൂണ്ടിക്കാട്ടി. ഡോക്ടറുടെ കുറിപ്പ് മലയാളത്തിലായിരുന്നെങ്കില്‍ പരാതിക്കാരന് മനസിലാക്കാമായിരുന്നുവെന്നും ആംബുലന്‍സ് നല്‍കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.
Post Your Comments