KeralaNews

അവധിയെടുത്ത് വിദേശത്ത് പോയവര്‍ കുടുങ്ങും: പൂഴ്ത്തിയ ഒഴിവുകള്‍ കണ്ട് മന്ത്രിസഭ ഞെട്ടി! കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ സംഭവിക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഒഴിവുള്ള തസ്തികകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മിക്ക ഓഫീസുകളിലെയും ഒഴിവുകള്‍ പുറത്ത് അറിയാത്ത വിധത്തില്‍ മൂടിവെച്ചിരിക്കുകയാണ്. സ്വജന നിയമനങ്ങളാണ് ഈ ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തിലും ദിവസവേതനത്തിലും നടത്തിയിരിക്കുന്നത്.

ഇപ്പോള്‍ നിലവിലെ ഒഴിവുകള്‍ ഉടനടി പി.എസ്.സിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് സെക്രട്ടറിമാര്‍ക്ക് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പ്രത്യേക സര്‍ക്കുലര്‍ അയച്ചതോടെയാണ് പൂഴ്ത്തിവച്ച ഒഴിവുകള്‍ പൊങ്ങിവരുന്നത്. വരും ദിവസങ്ങളില്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് മിന്നല്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം വരെ ദീര്‍ഘ അവധിയെടുത്ത് വിദേശത്ത് പോയവരും കുടുങ്ങും. ഇവരെ ഉടനടി സര്‍വീസില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കും. ഇല്ലെങ്കില്‍ ജോലിയില്‍നിന്നും പുറത്താക്കാനാണ് നീക്കം.

അതേസമയം കഴിഞ്ഞ ഒരാഴ്ചക്കിടെ പൂഴ്ത്തിവച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകള്‍ കണ്ട് വകുപ്പ് മന്ത്രിമാരെല്ലാം ഞെട്ടി എന്നാണ് വിവരം. ഈ ഒഴിവുകള്‍ അടിയന്തിരമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. ഭരണ പരിഷ്‌കാര വകുപ്പ് പൊലീസ് ആസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ സിവില്‍പൊലീസ് ഓഫീസര്‍മാരുടെ 550ഒഴിവുകള്‍ കണ്ടെത്തി. നാലാം സായുധ ബറ്റാലിയനില്‍ മാത്രം 300 ഒഴിവുകള്‍. മറ്റ് സായുധബറ്റാലിയനുകളില്‍ 250ലേറെയും ഒഴിവുകളുണ്ട്. കാര്‍ഷിക സര്‍വകലാശാലയിലെ 150 അസിസ്റ്റന്റുമാരുടെയും 75 കമ്പ്യൂട്ടര്‍ അസിസ്റ്റന്റുമാരുടെയും ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ചെയ്യാന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി. സാമൂഹ്യക്ഷേമ ഡയറക്ടറേറ്റില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടെയും അസി.സൂപ്പര്‍വൈസര്‍മാരുടെയും നിരവധി ഒഴിവുകള്‍ പൂഴ്ത്തിയത് കണ്ടെത്തിയിട്ടുണ്ട്. അസിസ്റ്റന്റ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിശോധനയ്ക്ക് സര്‍ക്കാരിന്റെ അനുമതി തേടി. അസിസ്റ്റന്റ് നിയമനം പി.എസ്.സിക്ക് വിട്ട ശേഷം സര്‍വകലാശാല ഒറ്റ ഒഴിവും റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് കണ്ടെത്തല്‍. ആരോഗ്യ ഡയറക്ടറേറ്റ് ലാബ്‌ടെക്‌നീഷ്യന്‍, സ്റ്രാഫ് നഴ്‌സ് ഒഴിവുകളും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ലാബ്‌ടെക്‌നീഷ്യന്‍ ഒഴിവുകളും പൂഴ്ത്തിയതില്‍ പെടുന്നു.

ഒഴിവുകളെക്കുറിച്ചുള്ള രേഖകളൊന്നും ഹോമിയോ ഡയറക്ടറേറ്റിലില്ല. മിക്ക ജില്ലകളിലും ഫാര്‍മസിസ്റ്റ് റാങ്ക് പട്ടികയില്ല. ഹോമിയോ ആശുപത്രികളിലെ സ്റ്റാഫ്‌നഴ്‌സ് ഒഴിവുകളും പൂഴ്ത്തി. ബിവറേജസ് കോര്‍പറേഷനില്‍ നൂറുകണക്കിന് ഹെല്‍പ്പര്‍ ഒഴിവുകളുണ്ടെങ്കിലും മുപ്പതെണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹയര്‍സെക്കന്‍ഡറിയില്‍ അദ്ധ്യാപകരുടെ നിരവധി ഒഴിവുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. 71കെ.എസ്.ഇ.ബി ഡിവിഷനുകളിലും മസ്ദൂര്‍ ഒഴിവുകള്‍. 92 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ പരിശോധിക്കാന്‍ 3200 മീറ്റര്‍ റീഡര്‍മാരുടെ ആവശ്യമുണ്ടെങ്കിലും അഞ്ചു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് ഒറ്റഒഴിവ് മാത്രമാണ്. മൂന്നുവര്‍ഷത്തിലേറെയായി പതിനാറ് വകുപ്പുകള്‍ പൂഴ്ത്തിവച്ച പട്ടികവിഭാഗങ്ങളുടെ അറുനൂറിലേറെ ഒഴിവുകള്‍ മൂന്നുമാസത്തിനകം പി.എസ്.സിയെ അറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button