KeralaNews

അട്ടപ്പടിയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ശനിയാഴ്ച്ച രാത്രിയോടെ നാല് സ്ത്രീകള്‍ അടക്കമുള്ള സായുധ സംഘം അട്ടപ്പാടിയിലെത്തിയതായാണ് പോലീസിന് വിവരം ലഭിച്ചത്. നിലമ്പൂര്‍ ഏറ്റുമുട്ടലിന് ശേഷം രക്ഷപ്പെട്ടവരാണ് അട്ടപ്പാടിയിലെത്തിയതെന്നാണ് പോലീസ് നിഗമനം. അഗളി പൊട്ടിക്കലിലെ വനമേഖലയിലാണ് മാവോയിസ്റ്റ് സംഘം എത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ശനിയാഴ്ച രാത്രിയോടെ 12 അംഗ സായുധ സംഘം പൊട്ടിക്കലിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തേക്കിന്‍ തോട്ടത്തില്‍ എത്തിയതായാണ് വിവരം. തേക്കുമരങ്ങള്‍ മുറിക്കുന്ന ഷെഡിന്റെ പരിസരത്ത് സംഘത്തെ കണ്ട തൊഴിലാളികളാണ് പോലീസിനെ വിവരം അറിയിച്ചത്. സംഘത്തില്‍ നാല് സ്ത്രീകള്‍ ഉണ്ടായിരുന്നതായു തൊഴിലാളികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നതായി മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ആദിവാസി ഊരുകളിലേക്കുള്ള റോഡ്, കുടിവെളളം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളുടെ പോരായ്മകള്‍ ചര്‍ച്ചയാക്കാനുള്ള ശ്രമങ്ങളും നടന്നതായാണ് വിവരം. സംഘം നിലമ്പൂര്‍ വനത്തോട് ചേര്‍ന്ന് കിടക്കുന്ന ആനവായ് വനത്തിനുള്ളിലൂടെ അട്ടപ്പാടിയിലെത്തിയതായി പോലീസ് സംശയിക്കുന്നത്. ഊരിലെ ചിലരുടെ രഹസ്യ പിന്തുണയും സംഘത്തിനുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. ഊരുകളില്‍ നിന്ന് പിന്തുണ നല്‍കുന്നവരാണ് സംഘത്തിന് ഭക്ഷണം എത്തിക്കുന്നതെന്നും പോലീസിന് സംശയമുണ്ട്. മാവോയിസ്റ്റ് സാന്നിധ്യം ആദിവാസി ഊരുകളിലെ ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. സംഘത്തിനായി പോലീസ് തിരച്ചില്‍ ശക്തമാക്കി. വനാതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസും ആന്റി നക്‌സല്‍ സ്‌ക്വാഡും ജാഗ്രത പുലര്‍ത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button