KeralaNews

ടോംസ് എഞ്ചിനീയറിങ് കോളേജിന് സ്റ്റോപ് മെമ്മോ; നാളെ മുതൽ കോളേജ് തുറക്കില്ല

തിരുവനന്തപുരം: കോട്ടയം മറ്റക്കര ടോംസ് എന്‍ഞ്ചിനീയറിങ് കോളേജിന് സാങ്കേതിക സര്‍വ്വകലാശാലയുടെ സ്റ്റോപ് മെമ്മോ.ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതല്‍ കോളേജ് തുറന്നു പ്രവര്‍ത്തിക്കില്ല.വിദ്യാര്‍ത്ഥികളെ മറ്റ് കോളേജുകളിലേയ്ക്ക് മാറ്റാനുള്ള നടപടികള്‍ സാങ്കേതിക സര്‍വകലാശാല ആരംഭിച്ചിട്ടുണ്ട്. നേരത്തെ മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളേജിന് സാങ്കേതിക സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സാങ്കേതിക സര്‍വകാലാശാലയില്‍ നിന്നും വ്യാജ അനുമതിപത്രം നേടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

വിദ്യാര്‍ഥികള്‍ക്കെതിരെ കടുത്ത പീഡനം നടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് സാങ്കേതിക സര്‍വകലാശാല രജിസ്ട്രാറുടെ നേതൃത്വത്തില്‍ കോളേജില്‍ തെളിവെടുപ്പ് നടത്തിയത്.പെണ്‍കുട്ടികളുടെ ഹോസ്റ്റലിലടക്കം അനാവശ്യമായി കയറിയിറങ്ങുന്ന കോളേജ് ചെയര്‍മാനെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നത്. കൂടാതെ ഭീമമായ ഫീസ് നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരാതിയിൽ പറയുന്നു.മാത്രമല്ല, സര്‍വകലാശാല നിര്‍ദേശിക്കുന്ന മാനദണ്ഡമൊന്നും പാലിക്കാതെയാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്.

കോളേജ് തുടങ്ങണമെങ്കില്‍ പത്ത് ഏക്കര്‍ ഉണ്ടാകണമെന്ന് സര്‍വകലാശാല നിഷ്കര്‍ഷിക്കുന്നു. എന്നാല്‍, 50 സെന്റ് പോലും സ്ഥലമില്ലാത്ത കെട്ടിടത്തിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. സ്ഥലസൗകര്യമില്ലാത്തതിനാല്‍ ലബോറട്ടറിയും ലൈബ്രറിയും മെന്‍സ് ഹോസ്റ്റലിലാണ്. കോളേജിന് അഫിലിയേഷന്‍ ലഭിച്ചതും വൈസ് ചാന്‍സിലര്‍ അറിയാതെയാണ്. തെളിവെടുപ്പില്‍ കോളജിന് സംഭവിച്ചത് ഗുരുതരമായ വീഴ്ച്ചയാണെന്നും, പല കോഴ്സുകളും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button