KeralaNewsNews Story

സൗമ്യയുടെ ഓര്‍മകള്‍ക്ക് ഇന്ന് ആറുവയസ്സ്; നീതിപീഠത്തെ നോക്കി പരിഹസിച്ച് ഗോവിന്ദച്ചാമി

കേരള മനസാക്ഷിയെ ഞെട്ടിച്ച് സൗമ്യ മരണത്തിന് കീഴടങ്ങിയിട്ട് ഇന്ന് ആറു വയസ്. ആറു വർഷം മുൻപാണ് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച ആ ദാരുണ സംഭവം ഉണ്ടായത്. 2011 ഫെബ്രുവരി ഒന്നിന് ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ ബലാത്സംഗ ശ്രമത്തിനിടെ തീവണ്ടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സൗമ്യ മരണത്തിന് കീഴടങ്ങുകയായിരുന്നു. എറണാകുളത്തു നിന്നും ഷൊർണൂർക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. രാത്രിയില്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് ചോരയില്‍ കുളിച്ച്‌ അബോധാവസ്ഥയിൽ കിടന്ന സൗമ്യയെ നാട്ടുകാര്‍ ചേർന്ന് ആശുപത്രിയിലെത്തിച്ചു. സംഭവം പുറംലോകം അറിഞ്ഞതോടെ സൗമ്യ വിശ്വനാഥന് വേണ്ടി കേരളമൊന്നാകെ പ്രാര്‍ത്ഥിച്ചെങ്കിലും അഞ്ച് ദിവസത്തിനു ശേഷം ആശുപത്രിയില്‍ വച്ച്‌ സൗമ്യ മരണത്തിന് കീഴടങ്ങി. സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കിയെന്നും കണ്ടെത്തിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമിയെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാൽ കേരളം ഇതുവരെ കാണാത്ത പ്രതിഷേധമാണ് സൗമ്യ വധക്കേസിലെ തുടർന്ന് കേരളത്തിൽ ഉണ്ടായത്.സൗമി വധക്കേസ് പല കണ്ടെത്തലുകളിലേക്കുമുള്ള വഴിത്തിരിവായിരുന്നു.തമിഴ്നാട് സ്വദേശി ഗോവിന്ദച്ചാമിയെ പറ്റിയുള്ള അന്വേഷണം കേരളത്തിലെ ഭിക്ഷാടന മാഫിയ ഉൾപ്പെടെയുള്ള പല സംഭവങ്ങളിലേക്കുമാണ് കൊണ്ടെത്തിച്ചത്. തൃശൂർ അതിവേഗ കോടതിയിൽ നടന്ന ഈ കേസിന്റെ വിചാരണയിൽ പ്രതിയ്ക്കെതിരെ ആരോപിക്കപ്പെട്ടിരുന്ന 15 കുറ്റങ്ങളിൽ കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയവ സംശയാതീതമായി തെളിഞ്ഞിരിക്കുന്നതായി വെളിപ്പെടുത്തിയ ജഡ്ജി രവീന്ദ്രബാബു പ്രസ്താവിച്ചു. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകൾക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്ന് കോടതി കണ്ടെത്തി. 2011 നവംബർ 11 ന് പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാർട്ടുമെന്റിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രതി മുമ്പും ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് കോടതി കണ്ടെത്തി. തൃശ്ശൂർ അതിവേഗ കോടതിയിൽ പതിനൊന്നു ദിവസം കൊണ്ട് പൂർത്തിയാകുമെന്നു കരുതിയ വിചാരണ നടപടികൾ അഞ്ചുമാസം കൊണ്ടാണ് പൂർത്തിയായത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണ പൂർത്തിയാക്കിയത്.എന്നാൽ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസില്‍ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. സംശയത്തിന്റെ ആനുകൂല്യം കണക്കാക്കി ഏഴു വര്‍ഷം കഠിന തടവ് മാത്രമാക്കി ശിക്ഷ ചുരുക്കി. പ്രതി ബലാത്സംഗം ചെയ്തതിനും ആക്രമിച്ചതിനും തെളിവുണ്ടെങ്കിലും കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല.

ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് സൗമ്യയെ തള്ളിയിടാന്‍ സാധിക്കുമോയെന്നുള്ള കോടതിയുടെ സംശയവും വിധികേട്ടിരുന്നവരെ സ്തബ്ധരാക്കി.അതേ സമയം സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയില്‍നിന്ന് ഉണ്ടായത് നെഞ്ച് പൊട്ടുന്ന വിധിയെന്ന സൗമ്യയുടെ അമ്മയുടെ വാക്കുകൾ ഇന്നും വേദനാജനകമാണ്. തന്റെ മകൾക്ക് നീതികിട്ടണമെന്ന ഒരമ്മയുടെ ആഗ്രഹങ്ങളാണ് അവിടെ പൊലിഞ്ഞു വീണത്. നീതിക്കായി ഏതറ്റംവരെയും പോകും. ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ ലഭിക്കുംവരെ കേസിന് പിന്നാലെ പോകും. ഗോവിന്ദച്ചാമിക്കെതിരെ തെളിവുകള്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ വധശിക്ഷ റദ്ദാക്കിയ നടപടിക്കെതിരെ പോരാടുമെന്ന ആ അമ്മയുടെ വാക്കുകളിൽ ഇനി ഒരു പെൺകുട്ടിക്കും ഇത്തരം ഒരവസ്ഥ ഉണ്ടാകരുതേ എന്നുള്ള പ്രാർത്ഥനകൂടി ആയിരിന്നു.  സൗമ്യയുടെ ഓര്‍മ്മകള്‍ക്ക് മുന്നിൽ ഒരായിരം അശ്രുപൂക്കൾ അർപ്പിച്ചുകൊണ്ട് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൗമ്യയുടെ കുടുബം.

shortlink

Related Articles

Post Your Comments

Related Articles


Back to top button