News

അക്കാദമിയുടെ മുന്നിൽ സമരം ചെയ്യുന്നവർ നാണംകെട്ട് കൊടിയും ചുരുട്ടി പോകേണ്ടിവരും. ചെങ്കൊടിയാണേ, കൊടി സുനിയാണേ സത്യം; അഡ്വ ജയശങ്കർ പ്രതികരിക്കുന്നു

ലോ കോളേജ് സമരത്തെയും, അതിന്റെ രാഷ്ട്രീയ മാനങ്ങളെയും മുൻനിർത്തി മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയെ വിമർശിച്ച് അഡ്വ ജയശങ്കർ രംഗത്ത്. ഇത് 1959 അല്ല എന്നായിരുന്നു പിണറായിയുടെ പരിഹാസം. ആ പരിഹാസത്തിന് അതെ നാണയത്തിൽ മറുപടി പറയുകയാണ് ജയശങ്കർ.

ജയശങ്കറിന്റെ കുറിപ്പ്

1959 അല്ല 2017. സർക്കാരിനെ അട്ടിമറിക്കാൻ പേരൂർക്കട അക്കാദമിയുടെ മുൻപിൽ സമരം ചെയ്യുന്ന ബി.ജെ.പി.ക്കാരും കോൺഗ്രസുകാരും അവർക്ക് വിടുപണി ചെയ്യുന്ന സി.പി.ഐ.ക്കാരും അക്കാര്യം മറക്കരുത്.
1959 ൽ നമുക്ക് പല പരാധീനതകളും ഉണ്ടായിരുന്നു. ഒന്നാമത് അന്ന് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഉണ്ടായിരുന്നുള്ളു. അതിന്റെ ജനറൽ സെക്രട്ടറി വലിയ ലോകപരിചയമില്ലാത്ത അജയ് ഘോഷ് ആയിരുന്നു. ലോക്സഭയിലെ പാർട്ടി നേതാവ് സഖാവ് എ.കെ.ഗോപാലനും സംസ്ഥാന മുഖ്യമന്ത്രി സഖാവ് ഇ.എം.എസ. നമ്പൂതിരിപ്പാടും ആയിരുന്നു. സോവിയറ്റ് യൂണിയന്റെ അനുവാദമില്ലാതെ ഇന്ത്യയിൽ വിപ്ലവം നടത്താൻ സാധ്യമായിരുന്നില്ല.
1959 ൽ വിരുദ്ധന്മാർക്ക് പല സൗകര്യങ്ങളും ഉണ്ടായിരുന്നു. വലിയ ജനാധിപത്യവാദിയായി അഭിനയിച്ചിരുന്ന പണ്ഡിറ്റ് നെഹ്‌റു ആയിരുന്നു പ്രധാനമന്ത്രി. ടിയാന് ബ്രിട്ടീഷ് അമേരിക്കൻ സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയും ഉണ്ടായിരുന്നു. ടാറ്റ ബിർള, ഡാൽമിയ സിങ്കാനിയ എന്നിങ്ങനെയുള്ള ദേശീയ ബൂർഷ്വാസികൾ ഒപ്പമുണ്ടായിരുന്നു.
1959 അല്ല 2017 . ഇപ്പോൾ സോവിയറ്റ് യൂണിയന്റെ ശല്യമില്ല. ജനകീയ ചൈന ഉണ്ടെങ്കിലും ഇല്ലാത്തപോലെയാണ്. അവർക്ക് അവരുടെ കാര്യം നമുക്ക് നമ്മുടെ കച്ചവടം. പാർട്ടി പണ്ടേ രണ്ടായി. പഠിപ്പും പത്രാസുമുള്ള യെച്ചൂരിയാണ് ജനറൽ സെക്രട്ടറി. ലോക്സഭയിൽ എ.കെ.ജി. ഇരുന്നിടത്തു മരുമകൻ കരുണാകരനാണ് ഇരിക്കുന്നത്.
1959 അല്ല 2017. മുഖ്യമന്ത്രി സ്ഥാനത്തു നമ്പൂതിരിപ്പാടല്ല ഡബിൾചങ്കൻ വിജയനാണ്. നിയമ മന്ത്രി വി.ആർ. കൃഷ്ണയ്യരല്ല എ.കെ.ബാലനാണ്; വിദ്യാഭ്യാസമന്ത്രി പ്രൊഫ.മുണ്ടശ്ശേരിയല്ല പ്രൊഫ.രവീന്ദ്രനാഥാണ്.
വീണ്ടും പറയട്ടെ, 1959 അല്ല 2017 . വിരുദ്ധന്മാരുടെ കട്ടയും പടവും മടങ്ങിക്കഴിഞ്ഞു. ജവഹർലാൽ നെഹ്രുവിന്റെ സ്ഥാനത്തു ചായക്കടക്കാരനാണ് പ്രധാനമന്ത്രി. ആർ.ശങ്കറല്ല വി.എം.സുധീരനാണ് കെ.പി.സി.സി.പ്രസിഡന്റ്. പി.ടി.ചാക്കോയുടെ സ്ഥാനത്തു രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷ നേതാവ്.
അതുകൊണ്ട് അക്കാദമി വിഷയം ഉന്നയിച്ചു വിമോചനസമരം നടത്തി കേന്ദ്രത്തെ ഇടപെടീച്ചു സർക്കാരിനെ ഡിസ്മിസ് ചെയ്യിക്കാമെന്നും ഒരുത്തനും വ്യാമോഹിക്കണ്ട.
1957 ലെ മന്ത്രിസഭയുടെ തുടർച്ചയാണ് ഇപ്പോഴത്തെ മന്ത്രിസഭ എന്ന് നമ്മൾ മേനി പറയുമെങ്കിലും കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പാർട്ടിയും സർക്കാരും സന്നദ്ധമാണ്. സ്വകാര്യ സ്‌കൂൾ മാനേജർമാർക്ക് മൂക്കുകയറിടാൻ ശ്രമിച്ചതുകൊണ്ടും ജന്മിമാരുടെ ഭൂമി പിടിച്ചെടുത്തു കർഷകർക്ക് കൊടുക്കാൻ ശ്രമിച്ചതുകൊണ്ടുമാണ് 1959 ൽ വിമോചനസമരം ഉണ്ടായത്. ഇപ്പോൾ സ്വാശ്രയ മുതലാളിമാരുടെ കച്ചവടം പൊലിപ്പിക്കാനും വൻകിട മുതലാളിമാരെ സഹായിക്കാൻ ഭൂനയം തിരുത്തി എഴുതുകയുമാണ് നമ്മുടെ സർക്കാർ. അതുകൊണ്ട് നമുക്ക് ബൂർഷ്വാസിയെ പേടിക്കേണ്ട കാര്യമില്ല. ബൂർഷ്വാസിക്ക് നമ്മളെക്കൊണ്ട് പലതും നേടിയെടുക്കാനുണ്ടുതാനും.
1959 അല്ല 2017. കട്ടൻ ചായയും പരിപ്പുവടയും കഴിച്ചു പ്രവർത്തിക്കുന്ന അലവലാതികളുടെ പാർട്ടിയല്ല ഇന്നത്തെ പാർട്ടി. സിമന്റ് കളർ ഇന്നോവയാണ് സഖാക്കളുടെ പ്രിയ വാഹനം. പണ്ട് ഇ.എം.എസിന്റെ പാർട്ടി, എ.കെ.ജി.യുടെ പാർട്ടി എന്നൊക്കെയാണ് പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ കോടിയേരിയുടെ പാർട്ടി, കോടി സുനിയുടെ പാർട്ടി എന്നൊക്കെയാണ് പറയുന്നത്.
അതുകൊണ്ട് ഞാനാവർത്തിക്കുന്നു. ആദിത്യചന്ദ്രമാരും കേരള സംസ്ഥാനവും മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഉള്ളയിടത്തോളം കാലം പേരൂർക്കടയിലെ പതിനൊന്നര ഏക്കർ സഖാവ് നാരായണൻ നായർക്കും സന്തതി പരമ്പരകൾക്കും നിരാക്ഷേപമായി കൈവശം വെച്ച് അനുഭവിക്കാം അവിടെ ചായക്കടയോ ചാരായഷാപ്പോ സൗകര്യം പോലെ നടത്താം.
1959 അല്ല 2017 . അതുകൊണ്ട് അക്കാദമിയുടെ മുന്നിൽ സമരം ചെയ്യുന്നവർ നാണംകെട്ട് കൊടിയും ചുരുട്ടി പോകേണ്ടിവരും. ചെങ്കൊടിയാണേ, കൊടി സുനിയാണേ സത്യം.

shortlink

Post Your Comments


Back to top button