മുഖം നോക്കാതെ തന്റേതായ അഭിപ്രായങ്ങള്‍ തുറന്നടിക്കുന്ന രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേററ് ജയശങ്കറിന് പ്രണയ ദിനത്തില്‍ പങ്കുവെക്കാനുളളത് വ്യത്യസ്ഥമായ അനുഭവങ്ങളാണ്. ”കോളേജ് രാഷ്ടീയത്തില്‍ സജീവമായിരുന്നതിനാല്‍ പ്രണയിക്കാന്‍ സമയം കിട്ടിയില്ല. ഇന്നീക്കാണുന്ന ജയശങ്കറിനെക്കാള്‍ മൊരടനും ഒറ്റയാനും ആയിരുന്നു ചെറുപ്പത്തില്‍. സര്‍വ്വോപരി സ്വന്തം സ്വഭാവം സ്വയം ഇഷ്ടമായിരുന്നില്ല. അത്തരമൊരാളോട് ആര്‍ക്കാണ് പ്രണയം തോന്നുക.. ആര്‍ക്കും എന്നോട് പ്രണയം തോന്നിയില്ല. തിരിച്ച് ആരോടും എനിക്കും പ്രണയം തോന്നിയിട്ടില്ല. മാത്രമല്ല കോളേജ് രാഷ്ടീയത്തില്‍ സജീവമായിരുന്നതിനാല്‍ രാഷ്ടീയത്തിനായിരുന്നു പ്രഥമ പരിഗണന”.
കഴിഞ്ഞ 4 വര്‍ഷങ്ങള്‍ക്കു മുമ്പു വരെ ക്രോണിക്ക് ബാച്ചിലറായിരുന്നു അഡ്വ. ജയശങ്കര്‍ .ഉല്ലാസമായി ജീവീതം മുന്നോട്ടു കൊണ്ടുപോകാന്‍ വിവാഹം കഴിക്കാത്തതാണ് നല്ലതെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിന്റേത്-അടുത്തിടെയാണ് വിവാഹിതനായത്. തന്റേത് പ്രണയവിവാഹമോ അറേഞ്ചഡ് കല്യാണമോ ആയിരുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്. ഭാര്യ ഡോ.ജയ ത്യപ്പൂണിത്തൂറ താലൂക്ക് ആശുപത്രിയില്‍ ഡോക്ടറാണ്. പരസ്പരം മനസിലാക്കി പോകുന്നതിനാല്‍ സമാധാന ദാമ്പത്യം മുന്നോട്ടു പോകുന്നു. പ്രണയദിനത്തെ കഥയില്ലാത്ത ഒന്നായാണ് താന്‍ നോക്കിക്കാണുന്നത്. ആഘോഷിക്കാന്‍ വേണ്ടി ഉണ്ടാക്കുന്ന ഓരോ ദിനങ്ങളില്‍ ഒന്നു മാത്രമാണതും. പ്രണയം പരിചിതമല്ലെങ്കിലും അപൂര്‍വ്വമായൊരു പ്രണയകഥയുടെ ആഴം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് ജയശങ്കര്‍ പറയുന്നു..
”അര നൂററാണ്ടിനു മുമ്പു നടന്ന സംഭവ കഥയാണിത്. പതിററാണ്ടുകള്‍ക്കു മുമ്പ് എറണാകുളത്തുളള ചേരാനെല്ലൂരിലെ ഒരു മുസ്‌ളീം സ്‌ക്കൂളിലാണ് ഈ പ്രണയ കഥ തുടങ്ങുന്നത്.ശ്രീധരമേനോനെന്ന അധ്യാപകനും മേരിയെന്ന അധ്യാപികയും അടുപ്പത്തിലായി. അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഈ പ്രണയം ആലോചിക്കാന്‍ പോലും കഴിയുന്ന കാര്യമായിരുന്നില്ല. പ്രണയ കഥ പുറത്തായതോടെ ഈ രണ്ട് അധ്യാപകര്‍ക്കും കുട്ടികളെ വഴക്കു പറയാന്‍ പോലും ആവാത്ത അവസ്ഥയിലെത്തി കാര്യങ്ങള്‍. വഴക്കു പറഞ്ഞാല്‍ കുട്ടികള്‍ അപ്പോള്‍ ടീച്ചറിന്റെ പേരില്‍ മാഷിനെയും മാഷിന്റെ പേരില്‍ ടീച്ചറിന്റെയും വായടപ്പിക്കും. അങ്ങനെ കാലം എറെകടന്നുപോയി. ഇരുവരുടെയും ചെറുപ്പം കാലത്തിനു വഴിമാറി. പ്രായമേറിയതോടെ അവരെ ആരും ശ്രദ്ധിക്കാതെയായി. ഒടുവില്‍ രണ്ടുപേരും റിട്ടയറായി. മേനോന്‍ മാഷ് ഹെഡ്മാസ്‌റ്ററായാണ് വിരമിച്ചത്. മാഷിന്റെ സര്‍വീസ് കഴിഞ്ഞ് 2 കൊല്ലം കഴിഞ്ഞ് മേരിടീച്ചറും വിരമിച്ചു. ഇനിയാണ് ക്‌ളൈമാക്‌സ്. അധ്യാപനം അവസാനിച്ചപ്പോള്‍ തൊട്ടടുത്ത ദിവസം തന്നെ ഇരുവരും വിവാഹം കഴിച്ച് പുതിയൊരു ജീവിതം തുടങ്ങി. അരനൂററാണ്ടൂകള്‍ക്കു മുമ്പാണ് ഈ വിവാഹ സംഭവം നടക്കുന്നത്. വിവാഹത്തിലൂടെ എല്ലാവരെയും ഞെട്ടിച്ച ടീച്ചറിന്റെയും മാഷിന്റെയും കഥ ഇരുവരുടെയും ശിഷ്യയായിരുന്ന എന്റെ അമ്മ പറഞ്ഞാണ് ഞാനറിഞ്ഞത് . ഒന്നിച്ചു ജീവിക്കാനായി അത്ര കാലം കാത്തിരുന്ന അവരുടെ ജീവിതം എന്നെ വളരെ ആകര്‍ഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്”, ജയശങ്കര്‍ പറയുന്നു.
പ്രണയം വിഷയമായ കവിതകളില്‍ തനിക്കേററവും പ്രിയം സുഗതകുമാരിയൂടെ രാധ എവിടെ? എന്ന കവിതയാണ്. സിനിമ നടികളോടൊന്നും യൗവനത്തില്‍ പോലും പ്രണയം തോന്നിയിട്ടില്ലെങ്കിലും ചില നടിമാരുടെ അഭിനയത്തോട് ഇഷ്ടം തോന്നുയിട്ടുണ്ട്. ശാരദയുടെ അഭിനയം തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ശോഭ, ശബാന ആസ്മി, ശോഭന,….ഇവരുടെയൊക്കെ ലളിതമായ ശൈലിയും തന്നെ ആകര്‍ഷിച്ചിരുന്നു.പിന്നീടു വന്നവരില്‍ അത്തരമൊരു ഇഷടം തോന്നിയത് സംയുക്താ വര്‍മ്മയോടാണ്. പാട്ടുകളില്‍ യേശുദാസ് പാടിയ, മുടിപ്പൂക്കള്‍ വാടിയാലും എന്നോമലേ…എന്ന പ്രണയഗാനം എക്കാലത്തും തനിക്കു പ്രിയപ്പെട്ടതാണ്. അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍… പിന്നെ, …ഓര്‍മ്മക്കായി….എന്ന ആല്‍ബം ഗാനവും പ്രണയഗാനങ്ങളില്‍ ഏറെ പ്രിയപ്പെട്ടതാണ്.
തയ്യാറാക്കിയത്: ഷീജ
Post Your Comments