തിരുവനന്തപുരം: ലക്ഷക്കണക്കിനു വാഹനങ്ങളാണ് പ്രതിവര്‍ഷം കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നത്. വാഹനപെരുപ്പവും അശ്രദ്ധമായ ഡ്രൈവിങും പലപ്പോഴും നിരത്തുകളില്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ഇതോടൊപ്പം അപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ മറ്റൊരു കാരണം ഡ്രൈവിങ് പരിശീലനത്തിലെ അപാകതയാണ്. തട്ടിക്കൂട്ട് ഡ്രൈവിങ് പരിശീലിച്ചവരൊക്കെയും വാഹനവുമായി നിരത്തിലിറങ്ങുന്നതാണ് രീതി. ഈ സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് കംപ്യൂട്ടര്‍ നിയന്ത്രിത ഡ്രൈവിങ് പരീക്ഷാ കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്ത് തുടങ്ങിയ പരീക്ഷാ കേന്ദ്രത്തില്‍ കഴിഞ്ഞദിവസം 127പേര്‍ക്ക് പരീക്ഷ നിശ്ചയിച്ചിരുന്നെങ്കിലും മൂന്നുപേര്‍ക്ക് മാത്രമാണ് ജയിക്കാനായത്. വശങ്ങളില്‍ കുത്തിനിര്‍ത്തിയിരിക്കുന്ന കമ്പികള്‍ നോക്കി എച്ച് എടുക്കുന്ന രീതി ഇനി നടക്കില്ല. വിജയിയെ നിശ്ചയിക്കുന്നത് കംപ്യൂട്ടര്‍ നിയന്ത്രിത ക്യാമറ സംവിധാനത്തിലാണ്. ടെസ്റ്റിങ് ട്രാക്ക് പൂര്‍ണമായും ടെല്‍സ് പാകി ഇരുപത്തിയൊമ്പത് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ട്രാക്കിന് പുറത്തേക്ക് വാഹനം അല്‍പമെങ്കിലും പോയാല്‍ ക്യാമറ നിരീക്ഷിക്കുകയും ടെസ്റ്റ് തോറ്റതായി കംപ്യൂട്ടര്‍ വിലയിരുത്തുകയും ചെയ്യും. അതേസമയം പുതിയരീതിയിക്കെതിരേ ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ടെങ്കിലും കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം തയ്യാറാക്കിയ ട്രാക്കിന്റെ അളവ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇതുമാതൃകയാക്കി പരിശീലനം നല്‍കാവുന്നതാണെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments