KeralaNews

കെ.ആര്‍ ഗൗരിയമ്മ എന്‍.ഡി.എയിലേക്ക്? മുന്നണി പ്രവേശന ചര്‍ച്ചകള്‍ വീണ്ടും സജീവം

തിരുവനന്തപുരം: യു.ഡി.എഫുമായുള്ള ബന്ധം വിച്ഛേദിച്ച് ഇടതുമുന്നണി പ്രവേശനത്തിനായി കാലങ്ങളായി കാത്തിരിക്കുന്ന കെ.ആര്‍ ഗൗരിയമ്മ ബി.ജെ.പി പാളയത്തിലേക്ക് പോകുമോ? അതിനുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ചെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മക്ക് സി.പി.എം സീറ്റ് നല്‍കിയിരുന്നില്ല. ഇതില്‍ കടുത്ത അതൃപ്തി അറിയിച്ച ഗൗരിയമ്മക്ക് ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്ത പദവികളും ഇതുവരെ നല്‍കിയില്ല. ഇതോടെ കടുത്ത അസംതൃപ്തിയില്‍ ഗൗരിയമ്മ തുടരുന്നതിനിടേയാണ് ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറിയ ജെ.എസ്.എസ് വിഭാഗം നേതാവ് രാജന്‍ ബാബുവും അനുയായികളും കഴിഞ്ഞദിവസം ഗൗരിയമ്മയെ ആലപ്പുഴയിലെ വസതിയിലെത്തി സന്ദര്‍ശിച്ച് വീണ്ടും എന്‍.ഡി.എയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അനുഭാവപൂര്‍വമായ പ്രതികരണമാണ് ഗൗരിയമ്മയില്‍ നിന്നുണ്ടായതെന്നു സന്ദര്‍ശക സംഘത്തിലുണ്ടായിരുന്ന നേതാക്കള്‍ വ്യക്തമാക്കി.

ഗൗരിയമ്മയെ എന്‍.ഡി.എയിലെത്തിക്കാന്‍ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ താല്‍പര്യപ്രകാരം എ.എന്‍. രാജന്‍ ബാബു തന്നെയാണ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. തന്നോടും ജെ.എസ്.എസിനോടും സി.പി.എം സ്വീകരിച്ചിട്ടുള്ള സമീപനങ്ങളിലെ അതൃപ്തി ഗൗരിയമ്മ പങ്കുവച്ചെന്നും അധികം വൈകാതെതന്നെ ധീരമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജന്‍ ബാബു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്‍.ഡി.എയില്‍ ചേരാന്‍ ഗൗരിയമ്മ തയാറായാല്‍ രാജന്‍ ബാബുവും കൂട്ടരും ജെ.എസ്.എസില്‍ ലയിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഗൗരിയമ്മയോടു സൗഹൃദപൂര്‍വമായ നിലപാടാണു ബി.ജെ.പിക്കുള്ളതെന്നും എതിര്‍പ്പു പ്രകടിപ്പിക്കേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗൗരിയമ്മ എന്‍.ഡി.എയിലേക്ക് വരുന്നതിനെ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും നേരത്തെ സ്വാഗതം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button