ബസ്തര്‍: ആദിവാസികള്‍ക്കെതിരെ അരങ്ങേറുന്ന പോലീസ് അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും പുറംലോകത്തെ അറിയിക്കുകയും ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഭീഷണി. ഛത്തീസ്ഖഢിലാണ് സംഭവം. പോലീസിന്റെ ഭീഷണി ശബ്ദമാണ് എത്തിയത്.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്. പട്ടികളെ പോലെയുള്ള നിങ്ങളെ ബസ്തറില്‍ നിന്നും എറിഞ്ഞോടിക്കുമെന്നായിരുന്നു സന്ദേശം. പോലീസ് ഉദ്യോഗസ്ഥനായ എസ്ആര്‍പി കല്ലൂരിയുടെ ഫോണ്‍ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് ബസ്തറിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.
ആദിവാസി യുവതികളെ പോലീസ് പീഡിപ്പിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇവര്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ പേരിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഭീഷണി സന്ദേശം എത്തിയത്. ഒമ്പതോളം പേര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ നാള്‍ നീണ്ടു പോവില്ല. നിങ്ങളാരും ഭരണഘടനയ്ക്ക് അപ്പുറമല്ല. പണത്തിനു വേണ്ടി നിങ്ങളുടെ ബുദ്ധിയും വിവേചനശക്തിയും പകരം വയ്ക്കരുത്, മാവോയിസ്റ്റുകളെയും നിങ്ങളെപ്പോലുള്ള അവരുടെ നായ്ക്കളെയും ബസ്തറില്‍ നിന്നും കല്ലെറിഞ്ഞ് ഓടിക്കും. കരുതിയിരുന്നോ എന്നാണ് ആക്ടിവിസ്റ്റായ സന്ദീപ് സിങ്ങിന് ജനുവരി 24ന് കല്ലൂരിയില്‍ നിന്നും ലഭിച്ച സന്ദേശം.
പോലീസ് അതിക്രമം സംബന്ധിച്ച് ആദിവാസി മേഖലയില്‍ തെളിവെടുപ്പിനായി പോയ ബെല ഭാട്ടിയ എന്ന ആക്ടിവിസ്റ്റിനെ കഴിഞ്ഞദിവസം 30ഓളം പേര്‍ ആക്രമിച്ചിരുന്നു. അവരുടെ വീടിന് തീയിടുകയും ഉടന്‍ വീട് വിട്ടുപോകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Post Your Comments