വാഷിങ്ടണ്‍: മുൻ പ്രസിഡന്റ് ഒബാമ ഒപ്പുവച്ച കരാറിൽ നിന്നും ട്രംപ് പിന്മാറി. ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം വർധിപ്പിക്കുന്നതിനായി ഒബാമ കൊണ്ടുവന്ന ട്രാന്‍സ് പസഫിക് കൂട്ടായ്മയില്‍ (ട്രാൻസ് പസഫിക് പാർടർഷിപ്പ്) നിന്നും അമേരിക്ക പിൻവാങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഉത്തര അമേരിക്കന്‍ സ്വതന്ത്രവ്യാപാര സഖ്യമായ നാഫ്റ്റയില്‍നിന്നു പിന്മാറുമെന്നും ട്രംപ് അറിയിച്ചു. പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ തന്നെ കരാറില്‍ നിന്ന് പിന്മാറുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപദ്ധതിയായ ഒബാമ കെയർ നിർത്തലാക്കിയതിന് പിന്നാലെയാണ് ട്രംപ് ഒബാമ കൊണ്ടുവന്ന മറ്റൊരു പദ്ധതി കൂടി അനസാനിപ്പിക്കുന്നത്.
ഒബാമ കഴിഞ്ഞ ഫെബ്രുവരിയില്‍ ഒപ്പുവച്ചതാണ് ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് കരാര്‍. പസഫിക് സമുദ്രത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വ്യാപാര സഖ്യമാണിത്. യുഎസിനും കാനഡയ്ക്കും പുറമെ ആസിയന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്നതാണ് ഈ കരാര്‍. രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണങ്ങളും വ്യാപാര ബന്ധവും മെച്ചപ്പെടുത്താനുദ്ദേശിച്ചുള്ളതായിരുന്നു ടിപിപി കരാര്‍. കരാര്‍ മുഖേന യുഎസ് വിപണിയില്‍ വന്‍ മുന്നേറ്റം നടത്താനുദ്ദേശിച്ചിരുന്ന വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് തീരുമാനം തിരിച്ചടിയായത്.
തിരഞ്ഞെടുപ്പ് ക്യാമ്പെയിന് സമയത്ത് ടിപിപിക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ട്രംപ് ഉന്നയിച്ചിരുന്നത്. ടിപിപി അമേരിക്കയുടെ ഉല്‍പ്പാദനത്തെ തകര്‍ത്തു എന്നായിരുന്നു അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. ടിപിപിയില്‍ നിന്ന് അമേരിക്ക പിന്മാറിയതോടെ കരാര്‍ ഇനി നിലനില്‍ക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. അതേസമയം, യുഎസിന്റെ പിന്മാറ്റം ഗുണം ചെയ്യുന്നത് ചൈനയ്ക്കാണ്. ടിപിപിക്ക് ബദല്‍ കരാറുമായി ചൈന രംഗത്തെത്തുമെന്നാണ് സൂചനകള്‍. അങ്ങനെ ഈ മേഖലയിലെ വന്‍ സാമ്പത്തിക ശക്തിയായി ഉയരാനാകുമെന്നാണ് ചൈനയുടെ പ്രതീക്ഷ. സ്വതന്ത്ര വ്യാപാര നയങ്ങളില്‍ ട്രംപിന്റെ നിലപാടുകള്‍ വ്യാപാര മേഖലയില്‍ ചൈനയുടെ പ്രതിച്ഛായ ഉയര്‍ത്തും.
Post Your Comments