പല പ്രവര്‍ത്തനങ്ങളിലൂടെ നാടിന്നഭിമാനമായ പൂവച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് വീണ്ടും തിളക്കം. കര്‍ണ്ണാടകയിലെ ധര്‍വാര്‍ഡയില്‍ വച്ച് ഈ മാസം 25 മുതല്‍ 31 വരെ നടക്കുന്ന എന്‍.എസ്.എസിന്റെ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലെത്താനുള്ള ഭാഗ്യം പൂവച്ചല്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭിച്ചിരിക്കുകയാണ്.
പൂവച്ചല്‍ സ്‌കൂളിലെ വി.എച്ച്.എസ്.ഇ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയും, പുന്നാം കരിക്കകം അഖില്‍ ഭവനില്‍ സുശീലന്റെ മകള്‍ ആര്യ എസുമാണ് യോഗ്യത നേടിയത്. കൂടാതെ ഈ കേരള ടീമിനെ നയിക്കുവാനായി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുത്തത് ഇതേ സ്‌കൂളിലെ അധ്യാപകനും, സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണും, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറുമായ സമീര്‍ സിദ്ദീഖിയെയാണ്.
സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് നടത്തി വരുന്ന മികച്ച പ്രവര്‍ത്തനങ്ങളാണ് ഈ ദേശീയ അംഗീകാരം നേടികൊടുത്തത്. ജൈവ കൃഷിക്ക് പ്രാധാന്യം നല്‍കി കൊണ്ട് നിരവധി മാത്യകാ പരമായ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ നടത്തി വരുന്നു. അന്‍പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ഒരു ദിവസം കൊണ്ട് രണ്ടായിരത്തി പതിനാറ് അവയവദാന സമ്മതപത്രിക ശേഖരിച്ച് സമാപന സമ്മേളന വേദിയില്‍ വച്ച് മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാറിന് കൈമാറി. നേത്രദാന വാരത്തോടനുബന്ധിച്ച് ഒരു വാര്‍ഡിനെ സമ്പൂര്‍ണ്ണ നേത്രദാന വാര്‍ഡായി പ്രഖ്യാപിച്ചു.
അറിവിന്റെ അനന്തവിഹായസിലേയ്ക്ക് പറന്നുയരുവാന്‍ മുന്‍ രാഷ്ട്രപതി ഡോ: എ.പി ജെ അബ്ദുല്‍ കലാമിന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകരുക എന്ന ലക്ഷ്യത്തോടെ അഗ്‌നിച്ചിറകുകള്‍ എന്ന പേരില്‍ സംസ്ഥാനമൊട്ടാകെ 1267 ഭവന വായനശാലകള്‍ ഒരുക്കിയപ്പോള്‍ അമിത് ഷാരോണ്‍, അഖില്‍ എസ്, അനിഷ്മ, രേഷ്മ എന്നീ നാല് വോളന്റിയേഴ്‌സിന്റെയും അധ്യാപകനായ സമീര്‍ സിദ്ദീഖിയുടെയും വീട്ടിലും ഗ്രന്ഥശാല തുടങ്ങി. പേഴുംമൂട്ടിലെ നവകേരള ഗ്രന്ഥശാലയിലേയ്ക്ക് 101 പുസ്തകങ്ങള്‍ സംഭാവന ചെയ്തു. വായനാ വാരത്തോടനുബന്ധിച്ച് പൂവച്ചല്‍ പഞ്ചായത്ത് ലൈബ്രറി വ്യത്തിയാക്കുകയും ചെയ്തു.
Post Your Comments