കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി തോമസുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം
കേരളത്തില്‍ ആദ്യമായി ഇരു മുന്നണികളെയും പരാജയപ്പെടുത്തി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച ഒറ്റയാനാണ് പി.സി തോമസ്. ഒരുപക്ഷേ എന്‍ഡിഎയുടെ അക്കൗണ്ടിലുള്ള ആദ്യവിജയം തന്നെ അദ്ദേഹത്തിന്റെ സംഭാവനയാണെന്ന് പറയേണ്ടി വരും. യുവത്വത്തിന്റെ ആ പ്രസരിപ്പാണ് ഇന്നും പി.സിയുടെ കരുത്ത്. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്ത കേരള കോണ്‍ഗ്രസുകളില്‍ ഒന്നിന്റെ നായകനാണ് അദ്ദേഹം. കേരളത്തില്‍ നിന്നുള്ള എന്‍.ഡി.എയുടെ ദേശീയ സമിതിയംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. പി.സി തോമസുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം.
എന്താണ് കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസുകളുടെ പ്രസക്തി ?
കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി രൂപം കൊണ്ട പ്രസ്ഥാനമാണ് കേരള കോണ്‍ഗ്രസ്. കര്‍ഷകരുടേയും സാധാരണക്കാരുടെയും പ്രതീക്ഷയാണ് കേരള കോണ്‍ഗ്രസ്. കേരളത്തിലെ പാവപ്പെട്ട കര്‍ഷകര്‍ക്ക് വേണ്ടി ഇത്രയധികം പോരാടിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വേറെയില്ല. കേരള കോണ്‍ഗ്രസ് രൂപം കൊണ്ടിട്ട് 50 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ചിട്ടില്ല എന്നത് ഈ പാര്‍ട്ടിയെ ജനങ്ങള്‍ക്ക് പ്രിയങ്കരമാക്കുന്നു.
വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയുമാണല്ലോ ?
ആ ആശയത്തിന്റെ കാലം കഴിഞ്ഞു. കേരളത്തിന്റെ നല്ല നാളെകള്‍ക്കായി കേരള കോണ്‍ഗ്രസുകള്‍ യോജിപ്പിലെത്തണമെന്നാണ് എന്റെ അഭിപ്രായം. കേരളത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാനും കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും അതാണ് നല്ലത്.
അങ്ങനെ സംഭവിച്ചാല്‍ മുന്നണി ബന്ധം എന്നത് ഒരു സമസ്യയായി മാറില്ലേ ?
കേരള കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാന്‍ ഏറ്റവും നല്ല വേദി എന്‍ഡിഎ തന്നെയാണ്. വിശാലമായ കാഴ്ചപ്പാടാണ് ഈ മുന്നണിക്ക് ഉള്ളത്. പാര്‍ട്ടിയുടെ നയങ്ങളും ആശയങ്ങളും നടപ്പിലാക്കാന്‍ സാധിക്കുന്നത് എന്‍.ഡി.എക്കാണ്. മാത്രമല്ല, ഇനിയുള്ളത് എന്‍.ഡി.എ മുന്നണിയുടെ കാലമാണ്. കേരളത്തിന് അര്‍ഹതപ്പെട്ടത് കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാന്‍ ഈ ബന്ധം സഹായകരമാണ്.
മോദി സര്‍ക്കാരിനെ എങ്ങനെ വിലയിരുത്തുന്നു?
കേന്ദ്ര ഭരണത്തിന് 100 മാര്‍ക്കും നല്‍കുകയാണ്. കള്ളപ്പണത്തിന് എതിരെ ശക്തമായ നിലപാട് എടുക്കാന്‍ ധൈര്യം കാണിച്ചത് നരേന്ദ്ര മോദി മാത്രമാണ്. ആ നിലപാട് ശരിയെന്ന് ബോദ്ധ്യമുള്ളതിനാലാണ് ജനം ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. ഭാരതത്തിന്റെ ധനസ്ഥിതി ഇനി മെച്ചപ്പെടും. സര്‍വ്വ മേഖലകളിലും ഉണര്‍വ്വുണ്ടാകും. പ്രധാനമന്ത്രിയുടെ വിദേശ യാത്രകളെ പലരും പരിഹസിച്ചു. പക്ഷേ ഇത്രയധികം നിക്ഷേപങ്ങള്‍ രാജ്യത്തുണ്ടായത് ആ യാത്രകളുടെ ഫലമാണെന്ന് വിമര്‍ശകര്‍ മനസിലാക്കണം.
കണ്ണൂരിലെ അക്രമണങ്ങള്‍ കേരളത്തിന്റെ സമാധാന അന്തരീക്ഷം നശിപ്പിക്കുകയാണല്ലോ ?
അക്രമ രാഷ്ട്രീയത്തിന്റെ കളരിയായി കണ്ണൂര്‍ മാറുകയാണ്. സി.പി.എമ്മിന്റെ ദുര്‍ഭരണമാണ് കണ്ണൂരില്‍ നടക്കുന്നത്. കൊലപാതകം ഉണ്ടാകുമ്പോള്‍ തന്നെ അതില്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ഉള്ളവര്‍ ഇല്ലെന്ന് സ്ഥാപിക്കാനുള്ള പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന നല്ലപിള്ള ചമയലാണ്. അവസാനം പിടിക്കപ്പെടുന്നതാകട്ടേ സജീവ സിപിഎം പ്രവര്‍ത്തകരും. കഴിഞ്ഞ ദിവസം പിടിയിലായതും ആറ് സിപിഎം പ്രവര്‍ത്തകരാണ്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎയുടെ സാധ്യതകള്‍ ?
അഴിമതിയുടെ കൂത്തരങ്ങായി മാറിയ കോണ്‍ഗ്രസ് പാര്‍ട്ടിയെയും അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറിയ ഇടതുപക്ഷത്തിനെയും ജനം തള്ളിക്കളയും. ഇരു മുന്നണികള്‍ക്കും ബദലായി ജനം എന്‍ഡിഎ മുന്നണിയെ സ്വീകരിക്കും.
കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കാരണവരായിരുന്ന പി.ടി ചാക്കോയുടെ മകന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും ഏറെ പ്രിയപ്പെട്ടവനാണ്. വാജ്പേയ് മന്ത്രിസഭയില്‍ കേന്ദ്ര സഹമന്ത്രി എന്ന നിലയില്‍ പ്രകടമാക്കിയ ഭരണപാടവം അദ്ദേഹത്തിന് മുതല്‍ക്കൂട്ടായുണ്ട്. എന്‍.ഡി.എയുടെ കേരളത്തില്‍ നിന്നുള്ള ദേശീയ സമിതിയംഗം എന്ന നിലയില്‍ മുന്നണി ഏല്‍പ്പിച്ചിരിക്കുന്നതും കൂടുതല്‍ ഉത്തരവാദിത്വങ്ങളാണ്. ആ യാത്ര വിജയപഥത്തില്‍ എത്തിക്കാനും എന്‍.ഡി.എ മുന്നണിയെ അജയ്യരാക്കാനുമുള്ള തീവ്രശ്രമത്തിലാണ് പി.സിയും കേരള കോണ്‍ഗ്രസും.
Post Your Comments