KeralaNews

ബാര്‍കോഴ ആരോപണങ്ങളുടെ ക്ഷീണം തീര്‍ക്കാന്‍ മാണിയും കൂട്ടരും

കോട്ടയം: ബാര്‍കോഴ ആരോപണങ്ങളുടെയെല്ലാം ക്ഷീണം തീര്‍ക്കാന്‍ കേരളാ കോണ്‍ഗ്രസും കെ.എം മാണിയും സംസ്ഥാനത്ത് വിപുലമായ ജീവകാരുണ്യ പരിപാടികള്‍ക്ക് പദ്ധതിയിടുന്നു. സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ ഒരേ ദിവസം ഒരേ സമയത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് കെ എം മാണിയും കൂട്ടരും ഒരുങ്ങുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി എംഎല്‍എയുടെ 84ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടികള്‍. കേരള കോണ്‍ഗ്രസ് (എം) കാരുണ്യദിനാഘോഷം എന്ന പേരിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം പരിപാടിയെന്നു വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.

ജോസഫ് അറിയിച്ചു. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. വയോധികസദനങ്ങള്‍, അഗതിമന്ദിരങ്ങള്‍, ബാലഭവനങ്ങള്‍, ആശുപത്രികള്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലാണ് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഭക്ഷണം, വസ്ത്രം, മരുന്ന്, വിനോദോപാധികള്‍ എന്നിവ ഓരോ കേന്ദ്രത്തിന്റെയും ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യും. ഇതിനായി പി.ജെ. ജോസഫ് ചെയര്‍മാനായി സംഘാടക സമിതിയും വാട്‌സാപ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.

അരിവില ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ അടിയന്തരമായി ഇടപെടുക, റേഷന്‍ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കുക, കര്‍ഷക പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന തുക കൃത്യമായി വിനിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ധര്‍ണ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button