അടിയന്തിരമായി ശസ്ത്രക്രിയ നടത്തേണ്ട അമ്മയ്ക്ക് ആശുപത്രി അധികൃതർ 2020ൽ ഡേറ്റ് നൽകിയതിനാൽ മകൾ ആശങ്കയിൽ. ബിഹാർ സ്വദേശിയായ ഗുലാബ് ഠാക്കൂറിന്റെ അമ്മയായ രമാരതിദേവിക്കാണ് 2020 ൽ ഓപ്പറേഷനുള്ള ഡേറ്റ് എയിംസിലെ ഡോക്ടർമാർ നൽകിയിരിക്കുന്നത്.
രമാരതിദേവിക്ക് ബ്രെയിൻ ട്യൂമറാണ്. പാട്നയിലെ സർക്കാർ ആശുപത്രിയിലെ ന്യൂറോസർജറി വിദഗ്ധരാണ് വിദഗ്ധ ചികിത്സയ്ക്കായി രമാരതിദേവിയെ എയിംസിലേക്കയച്ചത്. പരിശോധിച്ച ഡോക്ടർമാർ ശസ്ത്രക്രിയ ഉടനെ വേണമെന്നാണ് പറയുന്നത്. പക്ഷെ ശസ്ത്രക്രിയക്കുള്ള ഡേറ്റ് 2020 ലേക്കു മാത്രമേ നൽകാൻ നിർവാഹമുള്ളൂവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ബെഡ് ഒഴിവില്ലെന്നും മുൻഗണനാക്രമത്തിൽ ശസ്ത്രക്രിയ നടത്തുമ്പോൾ 2020 ൽ മാത്രമേ ശസ്ത്രക്രിയക്കുള്ള തീയതി നൽകാൻ സാധിക്കുകയുള്ളു എന്നാണ് അവരുടെ വിശദീകരണം. എന്നാൽ ആശുപത്രി അധികൃതർക്ക് കനിവുതോന്നി ശസ്ത്രക്രിയ നേരത്തേയാക്കുമെന്ന പ്രതീക്ഷയോടെ ദിവസവും ആശുപത്രി ആശുപത്രി കയറിയിറങ്ങുകയാണ് ഗുലാബ്.
65 വയസ്സുകാരിയായ അമ്മയുടെ നില വളരെഗുരുതരമാണെന്നും കർഷകനായ തനിക്ക് ചികിൽസയ്ക്കുവേണ്ടിയുള്ള കനത്ത തുക കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതുകൊണ്ടുമാണ് ആശുപത്രി അധികൃതരുടെ കനിവിനായി യാചിക്കുന്നതെന്നും ഗുലാബ് പറയുന്നു. എന്നാൽ ഈ കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്നും നിലവിലുള്ള ഡോക്ടർമാർക്ക് കൈകാര്യം ചെയ്യാവുന്നതിലധികം രോഗികളാണിവിടെ എത്തുന്നതെന്നുമാണ് ന്യൂറോസർജറി വിഭാഗത്തിലെ എച്ച് ഒ ഡി ഡോ. ബി. എസ് ശർമയുടെ വിശദീകരണം.
Post Your Comments