ജയലളിതയുടെ മരണശേഷം തമിഴ്‌നാട് സമൂഹം പ്രത്യേകതരം മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. എന്നും ഒരു നേതാവില്‍ മാത്രം അഭയം കണ്ടിരുന്ന അവര്‍ ജയലളിതയുടെ വിയോഗ ശേഷം അനാഥരായി എന്നു തന്നെ പറയാം. ജയലളിതയുടെ മരണ പ്രഖ്യാപനം നിരവധി ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കു വഴിതെളിക്കുമെന്ന വിലയിരുത്തലില്‍ നിന്നും എല്ലാ വേദനകളും ഉള്ളിലൊതുക്കി അവര്‍ നിലകൊള്ളുന്നത് തങ്ങളെ വേര്‍തിരിവില്ലാതെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരു നേതാവിനെ പ്രതീക്ഷിച്ചു തന്നെയാണ്. വ്യക്തിപരമോ സംഘടനാപരമോ ആയ പ്രശ്‌നങ്ങള്‍ക്കൊന്നും സാധാരണയായി തമിഴര്‍ കൂട്ടത്തോടെ സമരത്തിനിറങ്ങിയ ചരിത്രമില്ല. പ്രാദേശികവാദം അത്രയേറെയുള്ള തമിഴ്‌നാട്ടുകാര്‍ പ്രക്ഷോഭത്തിനിറങ്ങിയതെല്ലാം ആ മണ്ണിനെ മുഴുവന്‍ ബാധിക്കുന്ന ഒരു പ്രശ്‌നത്തിന്റെ കാര്‍മേഘം മൂടിയപ്പോഴായിരുന്നു. കാവേരിയും മുല്ലപ്പെരിയാറുമെല്ലാം തമിഴന്റെ സംഘടിത ശക്തി പ്രകടമാക്കിയ സമരങ്ങളായിരുന്നു. അവിടെയെങ്ങും എല്ലായ്‌പ്പോഴും രാഷ്ട്രീയ വേര്‍തിരിവിന് അപ്പുറമുള്ള കൂട്ടായ്മകളും ഐക്യബോധവുമാണ് ഉണ്ടായിരുന്നത്.
സമാനമായ ഐക്യബോധത്തോടെയാണ് പതിനായിരക്കണക്കിന് തമിഴര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജല്ലിക്കെട്ട് പുനസ്ഥാപിക്കാന്‍ നടത്തുന്ന പ്രക്ഷോഭം. അവര്‍ ദൈവതുല്യം കാണുന്ന സിനിമാതാരങ്ങള്‍ പോലും പിന്തുണ പ്രഖ്യാപിച്ച് ഒപ്പമുണ്ട്. കോടതി നിയമംമൂലം നിഷേധിച്ചതൊന്നും അവര്‍ക്ക് പ്രശ്‌നമില്ല. കാലങ്ങളായി മാട്ടുപൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായിരുന്ന ജെല്ലിക്കെട്ട് അവര്‍ക്ക് തിരിച്ചുകൊണ്ടു വന്നേ മതിയാകൂ. അതിന് അവര്‍ കരുത്തുറ്റ ഒരു ഭരണ നേതൃത്വത്തിന്റെ ഇടപെടലും പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഭരണത്തിനു നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാര്‍ ജെല്ലിക്കെട്ടിനു അനുമതി നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട്ടുകാര്‍ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ് വികാരത്തിനു അനുകൂലമായി പ്രതികരിച്ചത് തമിഴ്‌നാട്ടുകാര്‍ക്ക് ഏറെ പ്രതീക്ഷ പകരുകയാണ്. കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ പോലും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ നല്‍കാമെന്നാണ് മോദി വ്യക്തമാക്കിയിരിക്കുന്നത്. മോദിയുടെ പിന്തുണ ലഭിച്ചതുകൊണ്ടു മാത്രമാണ് ഇതുസംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത് എന്നതും ശ്രദ്ധേയം. മൃഗസംരക്ഷണത്തോടൊപ്പം സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കപ്പെടണമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. എന്തായാലും രണ്ടുദിവസത്തിനകം ജെല്ലിക്കെട്ട് നടത്താന്‍ കഴിയുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം പ്രഖ്യാപിച്ചതു തന്നെ കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ ഉള്ളതുകൊണ്ടു മാത്രമാണ്.
ജെല്ലിക്കെട്ട് യാഥാര്‍ഥ്യമായാല്‍ തമിഴ്‌നാട്ടില്‍ അസാധാരണമായ ഒരു രാഷ്ട്രീയ നീക്കം കൂടി ഉണ്ടാകുമെന്ന് ഉറപ്പാണ്. നല്ലൊരു ശതമാനം തമിഴരും ബി.ജെ.പിക്ക് അനുകൂലമാകുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ അവര്‍ തങ്ങളുടെ നേതാവിനെ ദര്‍ശിക്കുകയും ചെയ്യും. അത് വെറും രാഷ്ട്രീയ ചുവടുമാറ്റത്തിനപ്പുറം അവരുടെ വൈകാരിക വേദനക്ക് പരിഹാരം കണ്ടെത്തിയ വ്യക്തി എന്നനിലയിലാകും. ജെല്ലിക്കെട്ട് സമരത്തെ അനുകൂലിക്കുന്നത് ബി.ജെ.പി എടുക്കുന്ന ഏറ്റവും യുക്തമായ തീരുമാനം കൂടിയാകും. ആര്യ പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നാണ് ദ്രാവിഡപാരമ്പര്യമുള്ള ഭൂരിഭാഗം തമിഴരുടെയും വിലയിരുത്തല്‍. എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നവരെ അവര്‍ നെഞ്ചിലേറ്റുകയും ചെയ്യും. അതാണ് ബ്രാഹ്മണസമുദായത്തില്‍ പിറന്ന ജയലളിത ദ്രാവിഡദേശത്തിന്റെ അമ്മയായി സ്വീകരിക്കപ്പെടാന്‍ കാരണം. ഈ സാഹചര്യത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഇടപെടലിനെ അവര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ചരിത്രാതീതകാലം മുതലേ ദ്രാവിഡ മേഖലകളില്‍ അരങ്ങേറിയിരുന്ന ഉത്സവങ്ങളില്‍ ഒന്നാണ് ജെല്ലിക്കെട്ട്. കാളയുടെ പൂഞ്ഞിലേക്ക് ചാടിവീണ് അതിനെ കീഴ്‌പ്പെടുത്തുന്ന ഓരോ യുവാവിനും അത് അവന്റെ വീരത്വം തെളിയിക്കാനും പൊതുസമൂഹത്തില്‍ അംഗീകാരം നേടാനുമുള്ള അവസരമാണ്. അപകടകരമായിരുന്നു കൂടി ഇത്രയും പഴക്കമേറിയ ഒരാചാരം അവര്‍ പിന്തുടരുന്നുണ്ടെങ്കില്‍ അത്രയേറെ വൈകാരികമാണ് അവര്‍ക്ക് ജെല്ലിക്കെട്ട്. ജെല്ലിക്കെട്ടു കാളയെ ഒരിക്കലും ക്രൂരത കാണിക്കാനുള്ള ഉപകരണമായല്ല അവര്‍ കാണുന്നത്. പരാജയപ്പെടാന്‍ കഴിയാത്തവന്റെ പോരാട്ടവീര്യമാണ് ജെല്ലിക്കെട്ടു കാളകള്‍ക്കുമേല്‍ ഓരോ തമിഴനും പ്രകടമാക്കുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി മുടങ്ങിയ ജെല്ലിക്കെട്ടിനെ വീണ്ടെടുക്കാന്‍ അവരെ സഹായിക്കുന്നവര്‍ക്കും അവര്‍ വീരപരിവേഷം നല്‍കും. ആ പരിവേഷത്തിനുള്ള സാഹചര്യമാണ് ഇപ്പോള്‍ നരേന്ദ്രമോദിക്കും വന്നുചേര്‍ന്നിരിക്കുന്നത്.
Post Your Comments