കൊച്ചി: ആദായനികുതി റിട്ടേണിന് ആധാർ നിർബന്ധമാക്കാനൊരുങ്ങുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത സാമ്പത്തിക വർഷത്തോടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നിർബന്ധമായും ആധാർ നമ്പർ രേഖപ്പെടുത്തേണ്ടി വരും. ഇതിനു പുറമെ, എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നതും നിർബന്ധമാകും.ഇതു സംബന്ധിച്ച പ്രഖ്യാപനം ഇത്തവണ കേന്ദ്ര ബജറ്റിലുണ്ടാകുമെന്നാണ് സൂചന.
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട ഫോമിൽ ഇപ്പോൾ തന്നെ ആധാർ നമ്പർ രേഖപ്പെടുത്താൻ കോളമുണ്ട്. എന്നാൽ, അതു പൂരിപ്പിക്കണമെന്ന് നിർബന്ധമല്ല. എന്നാൽ, അടുത്ത സാമ്പത്തിക വർഷം മുതൽ അത് പൂരിപ്പിച്ചാൽ മാത്രമേ റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുകയുള്ളൂ.അതോടൊപ്പം വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും ആധാർ നിർബന്ധമാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. ആധാർ നമ്പർ നിർബന്ധമാക്കുന്നതോടെ, ഓരോരുത്തരുടെയും വിമാനയാത്ര കൃത്യമായി നിരീക്ഷിക്കാൻ സർക്കാരിന് കഴിയും. ആഭ്യന്തര യാത്രകൾക്കാകും ആധാർ നിർബന്ധമാക്കുക. ആധാറിനു പുറമെ പെർമനന്റ് അക്കൗണ്ട് നമ്പരായ പാനിന്റെ ഉപയോഗവും കർശനമാക്കുകയാണ്. ഇതിന്റെ ആദ്യ പടിയായി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ പാൻ നിർബന്ധമാക്കിയിട്ടുണ്ട്.
Post Your Comments