തൃശൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ വിയ്യൂരിൽ തടവുശിക്ഷ അനുഭവിക്കുന്ന കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരിൽനിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി.ഇന്റർനെറ്റ് സൗകര്യമുള്ള രണ്ടു വിലയേറിയ സ്മാർട് ഫോണുകൾ, ഇവ ചാർജ് ചെയ്യാനുള്ള രണ്ടു പവർ ബാങ്കുകൾ, ഡേറ്റ കേബിളുകൾ, മൂന്നു സിം കാർഡുകൾ എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.ഇത് ആദ്യത്തെ സംഭവമല്ല.ഇതിനുമുൻപും ഇവരുടെ പക്കൽ നിന്നും മൊബൈൽ ഫോണടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്.ജയിലുകൾ സുഖവാസ കേന്ദ്രങ്ങളാകുന്നു എന്ന് തെളിയിക്കുന്ന വാർത്തകളാണ് പുറത്തു വന്നിരിക്കുന്നത്.
രണ്ടാഴ്ച മുൻപു കൊടി സുനി സെല്ലിനുള്ളിൽ ഫോണിൽ സംസാരിക്കുന്നതു ക്യാമറയിൽ പകർത്താൻ ശ്രമിച്ചതിനു വാർഡർക്കെതിരെ ജയിൽവകുപ്പ് മെമ്മോ അയച്ചിരുന്നു. ഈ സംഭവം ജയിൽ ഡിഐജി അന്വേഷിക്കുന്നതിനിടെ വീണ്ടും ഫോൺ പിടിച്ചത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.ഫോൺ ഒളിപ്പിച്ചു വയ്ക്കുന്നതിനു പകരം പവർ ബാങ്കുമായി ബന്ധിപ്പിച്ചു പരസ്യമായി ചാർജ് ചെയ്യാനിട്ട നിലയിലായിരുന്നു സുനിയുടെ ഫോൺ. മുഹമ്മദ് ഷാഫിയുടെ ഫോൺ സെല്ലിനുള്ളിൽ അലസമായി കിടക്കുന്ന അവസ്ഥയിലും.സെല്ലിനുള്ളിലെ ഈ കാഴ്ച ജീവനക്കാരെ സ്തബ്ദ്ധരാക്കിയിരിക്കുകയാണ് .
രണ്ടു വർഷം മുൻപു കോഴിക്കോട് ജില്ലാ ജയിലിൽ ഷാഫി സ്മാർട് ഫോൺ ഉപയോഗിച്ചതു കയ്യോടെ പിടിക്കപ്പെട്ടിരുന്നു.പ്രതികൾ ഒന്നിച്ചെടുത്ത സെൽഫി ജയിലിനുള്ളിൽനിന്നുതന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത് വിവാദത്തിനിടയാക്കിയിരിന്നു.ഇവർക്കു ഫോണിന്റെ ബാറ്ററി ചാർജ് ചെയ്തു നൽകാൻ ചില ജീവനക്കാർ പണം വാങ്ങുന്നുണ്ടെന്നു നേരത്തെ വ്യക്തമായിരുന്നു.ദിവസവും ബാറ്ററി ചാർജ് ചെയ്ത് എത്തിക്കാനുള്ള ബുദ്ധിമുട്ടുമൂലം പവർ ബാങ്ക് വാങ്ങി നൽകിയെന്നാണു അധികൃതരുടെ നിഗമനം.ജയിലിനുള്ളിൽനിന്നു ഫോൺ പിടികൂടിയ സംഭവം ആദ്യത്തേതല്ലെങ്കിലും ഡേറ്റ കേബിൾ പിടിക്കപ്പെട്ടത് അത്യപൂർവമാണെന്നാണ് അധികൃതർ പറയുന്നത്.സാധാരണഗതിയിൽ മൊബൈൽ ഫോണുകളും കംപ്യൂട്ടറുകളുമായി ബന്ധിപ്പിക്കാനും ഫയലുകൾ കൈമാറ്റം ചെയ്യാനുമാണു ഡേറ്റ കേബിളുകൾ ഉപയോഗിക്കുന്നത്. ഇവ കൊടി സുനിയുടെയും ഷാഫിയുടെയും സെല്ലുകളിൽ എങ്ങനെ എത്തി എന്നും എന്തിനുവേണ്ടിയാണ് ഉപയോഗിച്ചതെന്നുമാണ് ജീവനക്കാരെ അലട്ടുന്ന ഇപ്പോഴത്തെ ചോദ്യം.
Post Your Comments