ഷൊർണ്ണൂർ: റയിൽവേ സ്റ്റേഷനുകളിൽ നിന്ന് ഇനി മുതൽ സെൽഫി എടുക്കുന്നവർ സൂക്ഷിക്കുക. ഓപ്പറേഷൻ സെൽഫിയുമായി റെയിൽവേ പോലീസ് നടപടി തുടങ്ങിയിരിക്കുകയാണ്. ഓടുന്ന ട്രെയിനുകളിലും നിർത്തിയിടുന്ന ട്രെയിനുകളുടെ മുകളിൽനിന്നുമെല്ലാം സെൽഫി എടുക്കരുതെന്നാണ് റെയിൽവേ പോലീസ് നൽകുന്ന മുന്നറിയിപ്പ്.ഇത്തരക്കാരെ പിടികൂടുന്നതിനു കർശന നടപടിയുമായി മുന്നോട്ട്പോകാനാണ് പോലീസിന്റെ തീരുമാനം.ചട്ടം ലംഘിക്കുന്നവർക്കെതിരേ ഇന്ത്യൻ റെയിൽവേ ആക്ട് പ്രകാരം കേസെടുക്കും. ട്രെയിനിന്റെ മുകൾഭാഗം, ചവിട്ടുപടി, എൻജിൻ എന്നിവിടങ്ങളിൽനിന്നു യാത്ര ചെയ്യുന്നതും ശിക്ഷാർഹമാണ്.
അതേസമയം സുരക്ഷിത കേന്ദ്രങ്ങളിൽ നിന്നു സെൽഫിയെടുക്കാൻ ഒരു നിയന്ത്രണവുമില്ല. എന്നാൽ ഈ മേഖലകൾ ഏതെല്ലാമാണെന്നു റെയിൽവേ പോലീസ് വ്യക്തമാക്കിയിട്ടില്ല.നേരത്തെ ചെന്നൈ നഗരത്തിൽ മാത്രമാണ് നിയമം ഉണ്ടായിരുന്നത്. എന്നാൽ ഇതു മുഴുവൻ സ്ഥലങ്ങളിലേക്കും റെയിൽവേ ഇതിനകം ബാധകമാക്കിയിരിക്കുകയാണ്.നിർത്തിയിട്ട ട്രെയിനുകൾക്കു മുകളിൽ നിന്നു സെൽഫിയെടുക്കുന്നതു വർധിച്ചുവരികയാണ്. ഇതുവഴി നിരവധി അപകടങ്ങളും നടക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി കൂടുതൽ സുരക്ഷ ഉറപ്പാക്കുകയാണ് റയിൽവേ പോലീസിന്റെ ലക്ഷ്യം.
Post Your Comments