Prathikarana Vedhi

സാഹിത്യവും സംസ്കാരവും അസഹിഷ്ണുതാ വാദവും: എം.എ.ബേബി ഇങ്ങനെ പ്രതികരിച്ചതില്‍ അത്ഭുതം തോന്നുന്നു

 

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ് എഴുതുന്നു

താൻ ഇത്തവണ ജയ്‌പൂർ സാഹിത്യോത്സവത്തിലേക്കില്ല എന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ പ്രസ്താവന രസകരമായി തോന്നി. ജയ്‌പൂർ ലിറ്റററി ഫെസ്റ്റിവലിന്റെ കാര്യമാണ് സൂചിപ്പിച്ചത്‌ . ഇന്ത്യയിലെ ഏറ്റവും വലിയ, മികച്ച സാഹിത്യോത്സവമാണ് ജയ്‌പ്പൂരിലേത്. അതിൽ സംബന്ധിക്കുക എന്നത് ഒരു മഹത്തര കാര്യമായിട്ടാണ് അല്ലെങ്കിൽ അഭിമാനമായിട്ടാണ് സാഹിത്യകാരന്മാരും സാംസ്‌കാരിക നായകന്മാരും കരുതാറുള്ളത് . താൻ അതിലേക്കില്ല എന്നാണ് എംഎ ബേബി പറയുന്നത്. അതിനുള്ള അധികാരവും അവകാശവും അദ്ദേഹത്തിനുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണാവോ ജയ്‌പൂർ ലിറ്റററി ഫെസ്റ്റുകാർ എംഎ ബേബിയെ അവിടേക്ക് ക്ഷണിച്ചത് എന്നറിയില്ല. കേരളീയനായ അദ്ദേഹം സാംസ്‌കാരിക രംഗത്തൊക്കെ എത്താറുണ്ടെങ്കിലും അത്ര വലിയ സാഹിത്യകാരനാണ് എന്ന് ‘ദേശാഭിമാനി’യോ സ്വന്തം പാർട്ടിക്കാരോ പോലും പറയുമെന്ന് തോന്നുന്നില്ല. എന്തായാലും സഖാവ് എംഎ ബേബി എത്താത്തതുകൊണ്ട് ജയ്‌പൂർ ലിറ്റററി ഫെസ്റ്റ് ഇത്തവണ ആകെ മോശമാകുമെന്നോ അവിടെ കാര്യങ്ങൾ എല്ലാം താറുമാറാകുമെന്നോ കരുതാനാവില്ലല്ലോ . പക്ഷെ അതിലെ രാഷ്ട്രീയം കാണാതെ പോകാനുമാവില്ല. .

ഇനി എന്തുകൊണ്ടാണ് എം എ ബേബി ജയ്‌പൂരിലേക്ക്‌ പോകാത്തത്ത് എന്ന് പരിശോധിക്കാം. അതാണ് രസകരമായി തോന്നിയത്. ഒരു ഇംഗ്ലീഷ് പത്രത്തിലാണ് അദ്ദേഹത്തിൻറെ പ്രസ്താവന അച്ചടിച്ചുകണ്ടത് . “I am fully cognisant of the fact that in a democratic polity, everyone deserves to be heard and one should be willing to interact with ideological streams of different kinds. I am equally aware that it is normally unfair to decline participation in a literary festival panel on the rationale that in another session, certain personalities are invited with whom one has strong ideological differences.”. ഇതാണ് അതിന് അദ്ദേഹം നൽകുന്ന വിശദീകരണം. അതായത്‌ ആ സാഹിത്യ സമ്മേളനത്തിൽ തനിക്ക്‌ വിയോജിപ്പുള്ള ചിലർ പങ്കെടുക്കുന്നു എന്നതാണ് പ്രശ്നം. അവരാവട്ടെ ചില സംഘ പരിവാർ അനുഭാവികൾ. സഖാവ് ബേബി പങ്കെടുക്കുന്ന പരിപാടിയിലല്ല ആർഎസ്എസുകാർ പങ്കെടുക്കുന്നത് ; മറ്റ്‌ ചിലതിൽ; “………… in another session, certain personalities are invited with whom one has strong ideological differences.” സംഘ പരിവാർ അനുകൂലികൾ ജയ്‌പൂരിലേക്ക് വരുന്നതിനാൽ താൻ അങ്ങോട്ടില്ല എന്നാണ് സിപിഎമ്മിന്റെ പിബി അംഗം പറയുന്നത് എന്ന് ചുരുക്കം. ഇത് സാഹിത്യ വേദിയാണ്. അവിടെ രാഷ്ട്രീയം കടന്നുവന്നേക്കാം; സാഹിത്യത്തിന്റെ രാഷ്ട്രീയം. അത് കണ്ട്‌ ഭയന്നോടുകയാണോ സിപിഎം നേതാവ് ചെയ്യുന്നത്?.

ഇത് നടക്കുന്നത് ജയ്‌പൂരിലാണ്. സ്ഥിരമായി ജയ്‌പൂർ ആണ് ഈ സാഹിത്യ സംഗമത്തിന്റെ വേദി. രാജസ്ഥാൻ ഭരിക്കുന്നത് ബിജെപിയാണ്. സ്വാഭാവികമായും ബിജെപിക്കാരും അനുഭാവികളും അവിടെയെത്തും. അതൊഴിവാക്കാൻ കഴിയില്ല. സംഘ പരിവാറുകാരെ കണ്ടാൽ പ്രശ്നമാവും എന്ന് പറയുന്നവർക്ക് ആ പരിപാടിയിൽ പോകാനാവില്ല എന്നതിൽ സംശയമില്ല. അങ്ങിനെ വന്നാൽ സിപിഎം ആകെ കുഴങ്ങും എന്നതും മറന്നുകൂടാ. ഇന്ത്യ ഭരിക്കുന്നത് ആരാണ് ?. നമ്മുടെ പ്രധാനമന്ത്രി ആരാണ്?. ആർ എസ്‌ എസിന്റെ പ്രചാരകനായിരുന്ന ആളാണ് നരേന്ദ്ര മോഡി; ആ പ്രസ്ഥാനത്തിന്റെ വക്താവും ഭാഗവുമാണ് എന്നതിൽ അഭിമാനിക്കുന്ന വ്യക്തിയും. നമ്മുടെ പാർലമെന്റിൽ എത്രയോ ആർ എസ് എസുകാരുണ്ട്. അവരുമായൊക്കെ വേദി പങ്കിടില്ലെന്ന്‌ സിപിഎം തീരുമാനിച്ചാൽ കാര്യങ്ങൾ എളുപ്പമാവുംഎന്നല്ലേ പറയാനാവൂ . എന്തൊരു വിഢിത്തരമാണ് ഇതെന്നാണ് മനസിലാവാത്തത്.

സിപിഎമ്മിന്റേത്‌ വെറും അസഹിഷ്ണുതയാണ് ; രാഷ്ട്രീയ അൽപ്പത്തമാണ്. അത് ആർ എസ്‌ എസിനോട് മാത്രമല്ല. ഇന്നലെ രാത്രി യാണ് മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തിൽ ഒരു ബിജെപി പ്രവർത്തകൻ കൊലചെയ്യപ്പെട്ടത്. അടുത്തിടെ പാലക്കാട്ടെ കഞ്ചിക്കോട് ഒരു വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പട്ടികജാതിയിൽ പെട്ട കുടുംബത്തെ ചുട്ടുകൊല്ലാൻ ശ്രമിച്ചത് നാമൊക്കെ കണ്ടു. അതിൽ രണ്ടുപേർ ഇതിനകം മരണമടഞ്ഞു. മറ്റൊരാൾ മരണത്തോട് മല്ലടിക്കുകയാണ്. വീടിന് തീയിടുകയായിരുന്നു അവിടെ. കോട്ടയത്ത് നാട്ടകം പോളിടെക്‌നിക്കിൽ പട്ടികജാതിക്കാരനായ വിദ്യാർഥിയെ ആക്രമിച്ചതും ഇതേ കക്ഷിക്കാരാണ് . അതിനു പിന്നാലെയാണ് എംജി സർവകലാശാലയിലെ എംഫിൽ വിദ്യാർത്ഥിക്കെതിരെ ആക്രമണമുണ്ടായത്. അതും ഒരു പട്ടികജാതിക്കാരനായ വിദ്യാർത്ഥിക്കെതിരെ. അംബേദ്‌കർ അനുകൂല പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണത്രേ എംജി സർവകലാശാലയിലെ വിദ്യാർത്ഥിയെ ആക്രമിക്കാൻ കാരണം. അതുമാത്രമല്ല, കോട്ടയത്തുതന്നെയുള്ള ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ പെൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമണംനടന്നതായി ആക്ഷേപം ഉയർന്നിരിക്കുന്നു. തൃശൂർ ജില്ലയിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥി ആത്മഹത്യ ചെയ്തതും അടുത്തിടെയാണ്. മനസിനെ അലട്ടുന്ന സംഭവങ്ങളുടെ ഒരു പരമ്പരതന്നെ ഇവിടെയുണ്ടായി. ഇതൊക്കെ ഒരു ബിജെപി ഭരിക്കുന്ന സംസ്ഥാനത്തായിരുന്നു നടന്നതെങ്കിൽ എന്താകുമായിരുന്നു കോലാഹലം എന്നത് ചിന്തിക്കാനാവുമോ?. നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ട്‌ ആരെല്ലാം തെരുവിലിറങ്ങിയേനെ. ഇവിടെ അതോനെയൊക്കെ രാഷ്ട്രീയമായി വിമർശിക്കുന്നുണ്ടാവാം ; എന്നാൽ ഒരിക്കലുമതിൽ ജാതീയതയോ വർഗീയതയോ കുത്തി ചെലുത്താൻ ആരും ശ്രമിച്ചിട്ടില്ല. പക്ഷെ ഒരു സാഹിത്യ സമ്മേളനത്തിൽ സംഘ പരിവാർ അനുകൂലിയായ ഒന്നോ രണ്ടോ സാഹിത്യകാരന്മാർ അല്ലെങ്കിൽ സാഹിത്യ കുതുകികൾ പങ്കെടുക്കുന്നത് സഹിക്കാനാവാതായാലോ ?. എന്താണിതൊക്കെ കാണിക്കുന്നത്. അസഹിഷ്ണുത എന്നല്ലാതെ എന്താണിതിനെ വിളിക്കുക?.

ഇതിനെല്ലാമിടയിലാണ് നമ്മുടെ മുഖ്യമന്ത്രി സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ ചെന്ന് ‘അസഹിഷ്ണുതക്കെതിരെ’ പ്രസംഗിക്കുന്നത്. ആ പവിത്രമായ സാംസ്‌കാരിക വേദിയിൽ പോലും രാഷ്ട്രീയം പറയാൻ ഒരു മുഖ്യമന്ത്രി തയ്യാറായാലത്തെ കാര്യം പറയേണ്ടതില്ലല്ലോ. സംസ്ഥാന സ്‌കൂൾ യുവജനോത്സവ വേദിയെപ്പോലും ബിജെപിക്കും സംഘ പരിവാറിനും എതിരെയുള്ള പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ഒരു പക്ഷെ കേരള ചരിത്രത്തിൽ ആദ്യമായാവും. പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ ഏറെ ബഹുമാനത്തോടെ കണ്ടിരുന്നയാളാണ് ഞാൻ. ജിഹാദിനും ഭീകരതക്കുമെതിരെയും മാവോവാദികൾക്കെതിരെയും അഴിമതിക്കാർക്കെതിരെയുമെല്ലാം അദ്ദേഹത്തിന്റെ സർക്കാർ നടത്തിയ നീക്കങ്ങൾ ഓർക്കുക. പലവിഷയങ്ങളിലും കേന്ദ്രത്തിലെ മോഡി സർക്കാരിന്റെ പാത പിന്തുടരാൻ പിണറായി തയ്യാറായതും കാണാതെ പൊയ്‌ക്കൂടാ. പക്ഷെ, സ്കൂൾ യുവജനോത്സവ വേദിയിൽ ഇത്തരത്തിൽ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ ധാരണകൾ വീണ്ടും തെറ്റുന്നു എന്ന തോന്നൽ. ഒരുപക്ഷെ ആ പരസ്യ നിലപാടവണം സ്വന്തം നാട്ടിലെ സഖാക്കളെ മറ്റൊരു ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അതുമാത്രമല്ല, തളിപ്പറമ്പിൽ ആർ എസ് എസ് കാര്യാലയവും അവർ ആക്രമിച്ചു. ആരോരും അറിയാതെ നടന്നതാണ് ഇതൊക്കെ എന്ന് എങ്ങിനെയാണ് കരുതാൻ കഴിയുക?. കണ്ണൂരിൽ സ്‌കൂൾ യുവജനോത്സവം നടക്കവേ തന്നെ കലാപം ഉണ്ടാക്കണം എന്നതും ആരുടെ ബുദ്ധിയിൽ ഉദിച്ച നിർദ്ദേശമാവണം?.

എംഎ ബേബിയിലേക്കു തന്നെ വരാം. നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ, എം എം കൽബുർഗി തുടങ്ങിയവരുടെ സംഭാവനകൾ ഫെസ്റ്റിവൽ വിലയിരുത്തണം എന്ന താല്പര്യം ജയ്‌പൂർ ലിറ്റററി ഫെസ്റ്റിന്റെ സംഘാടകർക്കയച്ച കത്തിൽ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. പുരോഗമന പ്രസ്ഥാനങ്ങളുടെ വക്താക്കളായിട്ടാണ് അവരെ വാഴ്ത്തുന്നത്. അതിനൊപ്പം എംടി വാസുദേവൻ നായർക്കെതിരായ ‘ഭീഷണി’യെക്കുറിച്ചും പറയുന്നുണ്ട്. നോട്ടുറദ്ദാക്കലുമായി ബന്ധപ്പെടുത്തി എംടി നടത്തിയ പരാമർശങ്ങളും അതിനെതിരെ ഒരു ബിജെപി നേതാവ് നടത്തിയ വിമര്ശനവുമാണ് പശ്ചാത്തലം. ‘എംടി വിമർശനം’ ബിജെപി നേതൃത്വം പരിശോധിക്കുകയും അത് ശരിയായില്ല എന്ന് വിലയിരുത്തുകയും ചെയ്തുവെന്നാണ് ഞാൻ മനസിലാക്കുന്നത്. അതെന്തുമാവട്ടെ. എംടി നടത്തിയത് ഒരു പ്രധാന പ്രശ്നത്തിന്മേലുള്ള പ്രതികരണമാണ്. അതിലൊരു രാഷ്ട്രീയം ഉണ്ടുതാനും. എംടിക്ക് ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയം ഉണ്ടോ എന്നതല്ല പ്രശ്നം. അത്തരത്തിൽ ഒരാൾ, ഏത് സാഹിത്യനായകനായാലും, പ്രതികരിക്കുമ്പോൾ അതിനോട് യഥാവിധി പ്രതികരിക്കാനുള്ള അധികാരവും അവകാശവും രാഷ്ട്രീയകക്ഷിക്കും ഉണ്ട് എന്ന് കരുതുന്നവരുണ്ട്. ഇവിടെ ഞാൻ കാണുന്ന ഒരു ഭിന്നത, ഇതൊക്കെയാണെങ്കിലും എംടിയെ ഒന്നുചെന്നുകണ്ട് തങ്ങളുടെ നിലപാടും തങ്ങളുടെ കാഴ്ചപ്പാടും വിശദീകരിക്കാൻ ബിജെപിക്ക് ശ്രമിക്കാമായിരുന്നു എന്നതാണ്. അതിനും കാരണങ്ങളുണ്ട്. എന്റെ അറിവിൽ ഇതുവരെ, ഒരിക്കൽ പോലും, സംഘ പരിവാർ പ്രസ്ഥാനങ്ങളോട് പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കാത്തയാളാണ് എംടി. മാത്രമല്ല, പലവട്ടം അദ്ദേഹം സംഘ പരിവാറിന്റെ സാഹിത്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ വേദിയിൽ എത്തിയിട്ടുമുണ്ട്. മറ്റൊന്ന്, ‘അവാർഡ് വാപസി’ പോലുള്ള നീക്കങ്ങൾ രാജ്യത്തെ പ്രതിപക്ഷം നടത്തിയപ്പോൾ അതിനായി തന്നെയും സമീപിച്ചിരുന്നുവെന്നും അതിനോട് യോജിപ്പില്ലെന്ന് തുറന്ന് പറഞ്ഞുവെന്നും പരസ്യമായി വ്യക്തമാക്കിയയാളാണ് അദ്ദേഹം. അത്തരമൊരാൾ നോട്ട് റദ്ദാക്കൽ പ്രശ്നത്തിൽ മറ്റൊരു നിലപാട് സ്വീകരിച്ചുവെങ്കിൽ അതിലെന്തെങ്കിലും കാരണം ഉണ്ടാവുമെന്നും ശരിയെന്തെന്ന് മനസ്സിലാക്കിക്കൊടുക്കാൻ തങ്ങൾക്കാവും എന്നും ബിജെപി കരുതേ ണ്ടതായിരുന്നില്ലേ?. നോട്ട് വിഷയം പലരെയും പലതരത്തിൽ ബാധിച്ചിരുന്നു, അല്ലെങ്കിൽ വിഷമത്തിലാഴ്ത്തിയിരുന്നു എന്നതിൽ തർക്കമില്ല. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചവർ മുതൽ കള്ളപ്പണക്കാരും കള്ളനോട്ടുകാരും വരെയുള്ളവർ തെക്കും വടക്കും നെട്ടോട്ടമോടിയത്‌ രാജ്യം കണ്ടതാണല്ലോ. അതൊക്കെ കേന്ദ്രത്തിലെ ഭരണകക്ഷിയും മനസിലാക്കണമല്ലോ.

സിനിമ സംവിധായകൻ കമലിന്റെ കാര്യത്തിലും മറ്റുമുണ്ടായതുപോലെ ചിലരുടെ ചില നിലപാടുകളോട് പ്രതികരിക്കേണ്ടതായി വരും. എന്നാൽ അത്തരം വേളകളെ ഒരു രാഷ്ട്രീയകക്ഷി എങ്ങിനെവേണം കൈകാര്യം ചെയ്യാൻ എന്നതും ഇവിടെ പ്രധാനമാണ്. എതിർക്കുന്നവരെ മുഴുവൻ കൊന്നൊടുക്കുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയാണല്ലോ. അതിനുപകരം സംവാദത്തിലൂടെ, ചർച്ചകളിലൂടെ, പ്രതിയോഗികളെ കീഴടക്കുന്ന സമ്പ്രദായമാണ് പൊതുവെ സ്വീകാര്യമാവാറുള്ളത്. പൊതുവെ സംഘ പരിവാർ ചെയ്യാറുള്ളതും അതാണ്. ഇവിടെയിപ്പോൾ ശ്രദ്ധിക്കപ്പെട്ട മറ്റൊരു വ്യക്തി എംജിഎസ്‌ നാരായണനാണ്. എംടി പ്രശ്നത്തിന് പിന്നാലെ അദ്ദേഹവും സംഘ പരിവാറിനെതിരെ രംഗത്തുവരുന്നതുകണ്ടു. എംടിയെക്കാളേറെ സംഘ പരിവാർ വേദികൾ പങ്കിട്ടിട്ടുള്ള വ്യക്തിയാണ് എംജിഎസ് എന്നത് മറന്നുകൂടാ. വാജ്‌പേയി സർക്കാരിന്റെ കാലഘട്ടത്തിൽ ഐസിഎഛ്‌ആറിന്റെ അധ്യക്ഷനായി നിയമിതനായതും അദ്ദേഹമാണ്. പക്ഷെ നോട്ട്‌ പ്രശ്നത്തിൽ അദ്ദേഹവും ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരാവുകയായിരുന്നു. അതാണ് സൂചിപ്പിച്ചത്‌ , അവരെയെല്ലാം വിശ്വാസത്തിലെടുക്കേണ്ട ( അല്ലെങ്കിൽ അതിന്‌ ശ്രമങ്ങൾ നടത്തേണ്ട ) ചുമതല സംഘടനക്ക് ഉണ്ടായിരുന്നു എന്ന്. ഒരാളെ കടന്നാക്രമിച്ചും ഭേദിച്ചും വിരോധിയാക്കാൻ എളുപ്പമാണ്. അവരെയെല്ലാം കൂടെ കൊണ്ടുവരിക ഒരിക്കലും എളുപ്പമാവുകയുമില്ല. കൂടെ നിൽക്കുന്നവരെ അകറ്റുകയാണോ ചെയ്യേണ്ടത് എന്നത് ഓരോ പ്രസ്ഥാനവും ചിന്തിക്കേണ്ടുന്ന വിഷയമാണല്ലോ. എം എ ബേബിയും സിപിഎമ്മുമൊക്കെ ഉന്നയിക്കുന്ന, ആക്ഷേപിക്കുന്ന അസഹിഷ്ണുത വാദം ശരിവെക്കാൻ ബിജെപി തയ്യാറാവരുതല്ലോ.

ഇവിടെ സിപിഎം നേതാവ് ജയ്‌പൂർ സാഹിത്യോത്സവത്തിന്റെ പേരിൽ ഉന്നയിക്കുന്നത് വെറും രാഷ്ട്രീയമാണ്. തരം താണ രാഷ്ട്രീയം. അതിൽ നിറഞ്ഞുനിൽക്കുന്നതും ഒരുതരം അസഹിഷ്ണുതതന്നെയാണ്. സാഹിത്യരംഗത്തേക്ക് , സാംസ്‌കാരിക മേഖലയിലേക്ക് ഇത്തരം ചിന്തകൾ ഇറക്കുമതിചെയ്യുന്നത് ഗുണകരമാണോ എന്നത് സർവ്വരും ചിന്താവിഷയമാക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button