തിരുവനന്തപുരം : സംസ്ഥാനത്ത് ഇത് ആദ്യമായാണ് കടുത്ത ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നത്. കടുത്ത വരള്‍ച്ചാ ഭീഷണി നേരിടുന്ന കേരളം ഇനി നാലഞ്ചുമാസം കുടിവെള്ളത്തിന്റെ കാര്യത്തിലാകും ഏറ്റവുമധികം പ്രയാസപ്പെടാന്‍ പോകുന്നത്. ജലസംഭരണികളെല്ലാം വറ്റിക്കഴിഞ്ഞു. അണക്കെട്ടുകളുടെ അടിത്തട്ട് തെളിഞ്ഞു തുടങ്ങി. നേരത്തേതന്നെ നദികള്‍ പലതും ഉണങ്ങിക്കഴിഞ്ഞിരുന്നു. ശുദ്ധജലത്തിനു വേണ്ടിയുള്ള മത്സരമാകും സംസ്ഥാനത്ത് ഇനി ഉണ്ടാകുക. ഇതിന് മുന്നോടിയാണെന്ന നിലയിലാണ്
ഏറ്റവും കഠിനമായ വരള്‍ച്ച നേരിടുന്ന ജില്ലകളിലൊന്നായ പാലക്കാട്ട് നാലു കുടിവെള്ള സ്രോതസുകള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം.
കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ വന്ന വാട്ടര്‍ അതോറിറ്റി, കൃഷി, ജലസേചന വകുപ്പുകള്‍, വൈദ്യുതിബോര്‍ഡ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വേനല്‍ കടുത്തതോടെ കൃഷി ആവശ്യത്തിനായി പലരും വെള്ളം ചോര്‍ത്തിക്കൊണ്ടുപോകാന്‍ ശ്രമം തുടങ്ങിയപ്പോഴാണ് ജില്ലാ ഭരണകൂടം ഇടപെടേണ്ടിവന്നത്. ജലസംഭരണികളില്‍ നിന്ന് അനധികൃതമായി കൃഷിക്കായി വെള്ളം പമ്പു ചെയ്യുന്നവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനാണ് തീരുമാനം. ഡിസ്റ്റിലറികള്‍ക്കും വ്യവസായ യൂണിറ്റുകള്‍ക്കും കുടിവെള്ള സ്രോതസുകളില്‍ നിന്ന് ജലം നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്. വ്യാവസായികാവശ്യങ്ങള്‍ക്കായുള്ള ജലം മാത്രമേ ഇവയ്ക്കു നല്‍കാവൂ. കുടിവെള്ള സംഭരണികള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന വാട്ടര്‍ അതോറിട്ടി അധികൃതരുടെ അപേക്ഷ പരിഗണിച്ചാണ് ജില്ലയിലെ നാലു പ്രധാന കുടിവെള്ള സംഭരണികള്‍ക്കു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുന്നത്.
ഈ കൊച്ചു കേരളത്തില്‍ 44 നദികള്‍ ഉണ്ടെന്ന് കുറച്ചു വര്‍ഷം മുന്‍പ് വരെ നമുക്ക് അഭിമാനത്തോടെ പറയാമായിരുന്നു. എന്നാല്‍ ഇന്ന് ഭൂരിഭാഗവും ഒഴുകുന്നത് നദികളല്ല മറിച്ച് ചാലുകളാണ്. ചിലവ ഏതാണ്ട് അപ്രത്യക്ഷമായ നിലയിലാണ്.
ജലസമൃദ്ധമായിരുന്ന സംസ്ഥാനത്ത് ഇന്ന് വെള്ളവും മോഷണ വസ്തുവാകുന്നത് ചിന്തിക്കാനാവാത്തതാണ്. എന്നാല്‍ അത്തരമൊരു അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത്തരുണത്തില്‍ മഹാരാഷ്ട്രയിലെ ലത്തൂരിന്റെ ദുരനുഭവം പലരും ഓര്‍ക്കുന്നുണ്ടാകണം. രണ്ടുവര്‍ഷം നീണ്ട കൊടും വരള്‍ച്ചയില്‍ വെള്ളം കിട്ടാതെ വലഞ്ഞ ലത്തൂരിന് ഒടുവില്‍ ട്രെയിന്‍മാര്‍ഗം ദാഹജലം എത്തിക്കേണ്ടിവന്നു. അവശേഷിച്ച വറ്റാത്ത കിണറുകള്‍ക്കെല്ലാം തോക്കേന്തിയ പൊലീസുകാര്‍ കാവല്‍ നില്‍ക്കേണ്ടിവന്നു. കേരളം അത്രത്തോളം എത്തിയിട്ടില്ലെങ്കിലും ജലവിനിയോഗത്തില്‍ കര്‍ക്കശമായ കരുതലും സംരക്ഷണവും ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായിക്കഴിഞ്ഞു. പാലക്കാട്ടുമാത്രമല്ല മറ്റു ജില്ലകളിലും കുടിവെള്ളം മുട്ടാതിരിക്കാനുള്ള ആസൂത്രണം ഉടനടി തുടങ്ങേണ്ടതുണ്ട്.
കാലവര്‍ഷവും തുലാവര്‍ഷവും ഒരുപോലെ ചതിച്ചപ്പോള്‍ സംസ്ഥാനം വറ്റിവരണ്ടുപോയത് മുന്നറിയിപ്പും പാഠവുമാകേണ്ടതാണ്. ഇതുപോലുള്ള സ്ഥിതി ഇനിയും ഉണ്ടായിക്കൂടെന്നില്ല. അതു മറികടക്കാനുള്ള ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കേണ്ട സമയം കൂടിയാണിത്. മലിനമാക്കപ്പെട്ട കുളങ്ങളും ജലാശയങ്ങളും വൃത്തിയാക്കിയിട്ടാല്‍ അടുത്ത മഴക്കാലത്ത് അവയില്‍ നിറയുന്ന വെള്ളം പിന്നീട്
ഉപകാരപ്പെടും. അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കി സംഭരണശേഷി കൂട്ടാം. വറ്റാതെ ശേഷിക്കുന്ന ജലസ്രോതസുകള്‍ നിധിപോലെ കാത്തുസൂക്ഷിക്കാനും നടപടി വേണം. ബന്ധപ്പെട്ട വകുപ്പുകളെല്ലാം ഏകോപനത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇതൊക്കെ സാദ്ധ്യമാകൂ. വരള്‍ച്ചയും കുടിവെള്ളക്ഷാമവും നേരിടാന്‍ ഇപ്പോഴത്തെക്കാള്‍ വിപുലവും സമഗ്രവുമായ തയ്യാറെടുപ്പ് വേണം. പാഴാക്കാന്‍ ഇനി സമയമില്ലെന്ന യാഥാര്‍ത്ഥ്യവും ഓര്‍ക്കണം.
ജലസ്രോതസുകളില്‍ പലതും വീണ്ടെടുക്കാനാവാത്ത വിധം മലിനമായ നിലയിലായതിനാല്‍ അവശേഷിക്കുന്ന ശുദ്ധജല സ്രോതസുകളെങ്കിലും സംരക്ഷിച്ചു നിലനിറുത്തുക എന്നതാണ് അടിയന്തരാവശ്യം.
Post Your Comments