സോള്‍: സാംസങ് മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം. ദക്ഷിണ കൊറിയയില്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് സാംസങ് കമ്പനിയുടെ വൈസ് ചെയര്‍മാനെ അറസ്റ്റ് ചെയ്യാന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റിന് എതിരെയുള്ള അഴിമതിക്കേസിന്റെ അന്വേഷണത്തില്‍ സാംസങ്ങിന്റെ സി.ഇ.ഒ. ഉള്‍പ്പെടെ മൂന്ന് മേലധികാരികളും ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷെ ആർക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടില്ല. സര്‍ക്കാര്‍ അഭിഭാഷകരാണ് പ്രാദേശിക കോടതിയോട് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
സാംസങ്ങിന്റെ ഭാവി ചെയര്‍മാന്‍ കൂടിയായ ലീ ജിയോങ്ങിന് എതിരെ കൈക്കൂലി നല്‍കുക, പണം അപഹരിക്കുക, കള്ളസാക്ഷ്യം പറയുക തുടങ്ങിയ ആരോപണങ്ങളാണുള്ളത്. കമ്പനിക്ക് അനുകൂലമായ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കായി പ്രസിഡന്റിന്റെ വിശ്വസ്തര്‍ക്ക് സാംസങ്ങിന്റെ കോര്‍പ്പറേറ്റ് അക്കൗണ്ടില്‍ നിന്ന് കൈക്കൂലി നല്‍കാന്‍ ജീവനക്കാരോട് നിര്‍ദേശിച്ചതായാണ് ആരോപണം. രാജ്യത്തിന്റെ സാമ്പത്തികം പ്രധാനമാണെന്നും എന്നാല്‍ നീതി കാത്തുസൂക്ഷിക്കുക എന്നതാണ് അതിലും പ്രധാനമെന്ന് കേസ് അന്വേഷിക്കുന്ന സ്വതന്ത്രസമിതി നിരീക്ഷിച്ചു. ഗാലക്‌സി നോട്ട് സെവന്‍ സ്മാര്‍ട്ട്‌ഫോണിന്റെ തകരാറുകളെ തുടര്‍ന്ന് വിപണിയില്‍ താളം തെറ്റി നില്‍ക്കുന്നതിനു പിന്നാലെയാണ് കമ്പനിയെ തേടി പുതിയ പ്രതിസന്ധി എത്തിച്ചേര്‍ന്നിരിക്കുന്നത്.
Post Your Comments