മധ്യപ്രദേശിൽ മറ്റൊരു അത്ഭുതം ഒളിഞ്ഞിരിക്കുകയാണ്. ചുരമാണെന്ന് പറഞ്ഞ് നാട്ടുകാര്‍ തള്ളിക്കളഞ്ഞ ഒരു പൗരാണിക നിര്‍മ്മിതിയാണ് ഈ അത്ഭുതം. ചൈനയുടെ വൻ മതിലിനൊപ്പം നില്ക്കാൻ കെൽപ്പുള്ള ഒരു ഭീമൻ മതിലാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ദി ഗ്രേറ്റ് വാള്‍ ഓഫ് ഇന്ത്യയെന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. 80 കിലോമീറ്റര്‍ നീളം കണക്കാക്കുന്ന ഈ മതിലിന്റെ പല ഭാഗങ്ങളും കണ്ടെത്തുന്നതേയുള്ളു. ദി ഗ്രേറ്റ് വാള്‍ ഓഫ് ചൈന കഴിഞ്ഞാല്‍ ചിലപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ മതിലായി പൈതൃകസ്വത്തുക്കളുടെ പട്ടികയില്‍ രേഖപ്പെടുത്തപ്പെടാന്‍ സാധ്യതയുള്ള ഘടനയാണ്.
എന്തു തന്നെയായാലും ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ടിവരില്ലെന്നാണ് പ്രദേശത്ത് ഗവേഷണം നടത്തുന്ന ചരിത്രകാരന്‍മാർ പറയുന്നത്. വന്‍മതിലിന്റെ പല പ്രധാന ഭാഗങ്ങളും റായ്‌സേന്‍ ജില്ലയിലാണ്. തേക്ക് കാടുകളിലൂടെയും വിന്ധ്യന്‍ താഴ്‌വരയിലൂടെയും ഗോതമ്പുപാടങ്ങളിലൂടെയും കടന്നു പോകുന്ന മതില്‍ 20 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ടിനാല്‍ മുറിഞ്ഞു പോവുന്നുമുണ്ട്. ചിലയിടങ്ങളിൽ 15 അടി ഉയരമെങ്കിൽ ചിലയിടങ്ങളിൽ വെറും മണൽക്കൂനകൾ മാത്രമാണ് കാണാനാവുന്നത്.
ഉപേക്ഷിക്കപ്പെട്ട കൊട്ടാരസദൃശ്യമായ ഭവനങ്ങള്‍, മഹത്തായ ക്ഷേത്ര നിര്‍മ്മിതികളുടെ അവശിഷ്ടങ്ങള്‍, പ്രതിമകളുടെ കഷ്ണങ്ങള്‍, പടികളുള്ള വലിയ കിണറുകള്‍, കല്ല്പാകിയ കുളക്കടവുകള്‍, പടിക്കെട്ടുകള്‍ അങ്ങിങ്ങായി പാമ്പിന്‍ മുദ്രകള്‍ തുടങ്ങി പലതും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. കുട്ടികള്‍ കളിക്കുന്ന ബില്‍ഡിങ് ബ്‌ളോക്കിന്റെ മാതൃകയില്‍ തമ്മില്‍ കോര്‍ക്കുന്ന കല്ലിന്‍ കഷ്ണങ്ങള്‍ കൊണ്ടാണ് കോട്ടയുടെ നിര്‍മ്മാണം. ചുണ്ണാമ്പോ സിമന്റോ ഉപയോഗിക്കാതെ പരസ്പരം കോര്‍ത്താണ് കല്ലുകള്‍ പടുത്തിരിക്കുന്നത്. ചിലയിടങ്ങളില്‍ പടികള്‍ കാണാം. ചിലയിടങ്ങളില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനോ ഒളിച്ചിരിക്കാനോ പാകത്തിലുള്ള നിലവറകളുണ്ട്. നിലവറകളുള്ള മതിലിന്റെ മുകള്‍ഭാഗത്തിന് നല്ല വിസ്താരമുണ്ട്. അഴുക്കുചാലുകളും നിരീക്ഷണകവാടങ്ങളും ചില ഭാഗങ്ങളില്‍ കാണാം.
സൈനിക കോട്ടയുടെ എല്ലാ ലക്ഷണങ്ങളും ഈ വന്‍മതില്‍ കാണാൻ സാധിക്കുന്നുണ്ട്. നാട്ടുകാര്‍ വെറുമൊരു ചുമരായി കരുതി നിസ്സാരമായി തള്ളിയ നിര്‍മ്മാണത്തിന് ലോക പൈതൃകപട്ടികയില്‍ വരെ ഇടം നേടാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
Post Your Comments