തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ നിയമപഠന സ്ഥാപനമാണ് തിരുവനന്തപുരത്തെ ലോ അക്കാദമി. ചാനല്‍ അവതാരക കൂടിയായ ലക്ഷ്മി നായരാണ് ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍. പാമ്പാടി നെഹ്രു കോളേജില്‍ അരങ്ങേറിയ അനിഷ്ട സംഭവത്തിന്റെ പിന്തുടര്‍ച്ചയായി ലോ കോളേജില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിനെതിരെ പ്രതികരണവുമായി ലക്ഷ്മി നായര്‍ രംഗത്തെത്തി. ഡെപ്പോസിറ്റോ മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശനത്തിന് ഫീസോ ഈടാക്കിയല്ല ലോ അക്കാദമി പ്രവര്‍ത്തിക്കുന്നതെന്ന് ലക്ഷ്മിനായര്‍ വിദ്യാര്‍ഥികള്‍ക്കെഴുതിയ തുറന്ന കത്തില്‍ പറയുന്നു.
യൂണിവേഴ്‌സിറ്റിയുടെ നിബന്ധനകള്‍ പാലിക്കുന്നതിനാണ് കോളേജില്‍ ക്യാമറകള്‍ സ്ഥാപിച്ചത്. വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് ബുധനാഴ്ച മുതല്‍ ലോ അക്കാദമി അടച്ചിട്ടിരിക്കുകയാണ്. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടാണ് സമരം. കഠിനമായ ഹൃദയഭാരത്തോടെയാണ് കത്തെഴുതുന്നതെന്നും അതേസമയം ഇപ്പോള്‍ തനിക്കെതിരെ ഒരു സമരം തുടങ്ങിയത് സംശയകരമാണെന്നും സമരത്തിനുപിന്നില്‍ ഗൂഢോദ്ദേശ്യങ്ങളുണ്ടെന്നും കത്തില്‍ ലക്ഷ്മി നായര്‍ ആരോപിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനു സ്വാതന്ത്ര്യം നല്‍കിയിട്ടുള്ള ക്യാമ്പസാണ് ലോ അക്കാദമിയിലേതെന്നും അഞ്ച് വിദ്യാര്‍ഥി സംഘടനകള്‍ അവിടെ യാതൊരു നിരോധനവുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു.
നേരത്തെ പല വിഷയങ്ങളിലും ക്യാമ്പസില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തന്റെ മിസ്മാനേജ്‌മെന്റിനെതിരെ യാതൊരുവിധ പ്രതികരണവും ഉണ്ടായിട്ടില്ലെന്നും നെഹ്രു കോളേജ് വിഷയത്തിനുശേഷം ആരോപണം ഉയര്‍ന്നത് സംശയകരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികളില്‍നിന്നും അനാവശ്യമായി ഫീസ് ഈടാക്കാറിലെന്നും ലേഡീസ് ഹോസ്റ്റലില്‍ ജയില്‍ അന്തരീക്ഷമാണെന്ന പ്രചാരണം തെറ്റാണെന്നും ന്യായമായ ആവശ്യങ്ങള്‍ക്ക് ഹോസ്റ്റല്‍ വാര്‍ഡനെയോ തന്നെയോ അറിയിച്ച് ഏതുസമയത്തും പുറത്തുപോകാന്‍ അന്തേവാസികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കുന്നു.
Post Your Comments