Kerala

സംഘം ചേര്‍ന്ന് സംഘപരിവാറിനെ അക്രമിക്കുന്നതാണ് അസഹിഷ്ണുത; മാധ്യമപ്രവര്‍ത്തകനും ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ രഞ്ജിത്ത് ഏബ്രഹാം തോമസ് എഴുതുന്നു

അസഹിഷ്ണുത എവിടെയുണ്ടോ അവിടെ ഇര ന്യൂനപക്ഷവിശ്വാസിയും വേട്ടക്കാരന്‍ ഭൂരിപക്ഷസമുദായക്കാരനും ആകും. അതാണ് അതിന്റെ സ്ഥിരം ക്ളീഷേ. ഇവിടെ ന്യൂനപക്ഷം എന്നത് തരാതരം പോലെ മാറും. പക്ഷേ, ഭൂരിപക്ഷം എന്നത് അന്നും ഇന്നും സംഘപരിവാര്‍ മാത്രമാണ്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സംഘം ചേര്‍ന്ന് ചേര്‍ന്ന് സംഘപരിവാറിനെ അക്രമിക്കാന്‍ കണ്ടുപിടിച്ച കാരണമാണ് അസഹിഷ്ണുതാ വാദമെന്ന് വ്യക്തം. കേരളീയ പൊതുസമൂഹത്തിനു മുന്നില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ പ്രതിസ്ഥാനത്തുനിര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍ വിവിധ കോണുകളില്‍നിന്നും കാലങ്ങളായി ആസൂത്രിത അജണ്ട നടപ്പിലാക്കി വരുന്നുണ്ട്.

അറിയാത്ത ആരോപണങ്ങള്‍ക്കുപോലും പലപ്പോഴും നീതിദേവതക്കു മുന്നില്‍ തലകുനിച്ചുനില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് പരിവാര്‍ പ്രവര്‍ത്തകര്‍. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നുവെന്ന് ചോദിച്ചാല്‍ ഇവിടത്തെ ഭൂരിപക്ഷവാദികളെന്നു അവകാശപ്പെടുന്ന മുന്നണി നേതൃത്വങ്ങളുടെയും അവരുടെ അനുയായികളുടെയും സംഘടിത നീക്കം തന്നെ കാരണം. കേരളത്തില്‍ ബി.ജെ.പി ശക്തിപ്രാപിക്കുന്നതും ന്യൂനപക്ഷങ്ങള്‍ അടക്കമുള്ള പൊതുസമൂഹം ബി.ജെ.പിയോട് അടുക്കുന്നതും തങ്ങളുടെ വോട്ടുബാങ്കില്‍ വിള്ളല്‍ തീര്‍ക്കുന്നു എന്ന ആശങ്ക മുന്നണികള്‍ക്കുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. സമാനമായ രീതിയില്‍ ദേശീയതലത്തിലും ബി.ജെ.പിയുടെ വളര്‍ച്ചയെ ഭയക്കുന്ന ചില കേന്ദ്രങ്ങള്‍ എന്നും പരിവാര്‍ പ്രവര്‍ത്തകരെ പ്രതികൂട്ടിലാക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്.

അത്തരത്തില്‍ പലപ്പോഴും ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം പലപ്പോഴും ലംഘിക്കപ്പെടുന്നുമുണ്ട്. മഹാത്മാഗാന്ധി വധിക്കപ്പെട്ട 1948 മുതല്‍ കോഴിക്കോട് തെരുവില്‍ ആഭാസനാടകം അരങ്ങേറിയ 2017 വരെയും പ്രതിപ്പട്ടികയില്‍ സംഘപരിവാര്‍ മാത്രമാണ്. ആരോപണങ്ങള്‍ ഉയരുമ്പോള്‍ അഗ്നിശുദ്ധി വരുത്തിയാലും വീണ്ടും വീണ്ടും ചിതയിലേക്ക് വലിച്ചെറിയപ്പെടുന്നു. ഹിന്ദു നാമധാരികള്‍ നടത്തുന്ന ഒറ്റപ്പെട്ട പ്രസ്താവനക്കും പരിവാറുമായി ബന്ധമില്ലാത്ത സംഘടനകള്‍ നടത്തുന്ന തോന്ന്യാസങ്ങള്‍ക്കും ഉത്തരം പറയേണ്ട ബാധ്യത സംഘത്തിന്റെ തലയില്‍ ആരൊക്കെയോ ചേര്‍ന്ന് അടിച്ചേല്‍പ്പിക്കുന്നു.

പ്രണയ നൈരാശ്യം മൂലം ഉത്തരേന്ത്യയില്‍ പതിനാറുകാരന്‍ ആത്മഹത്യ ചെയ്താലും കേരളത്തിലെ ഞാഞ്ഞൂലുകള്‍ തലപൊക്കും. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്ന ചൊല്ല് അറംപറ്റുകയും ചെയ്യും. ഒന്ന് ചിന്തിച്ചാല്‍, കാര്യം വ്യക്തമാണ്. മതേതരത്വം ചൂഷണം ചെയ്യുന്ന സ്വര്‍ത്ഥ മോഹികളുടെ തലയില്‍ ഉദിച്ച കുബുദ്ധിയാണ് അസഹിഷ്ണുത. അത് കൃത്യമായ ഇടവേളകളില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നു, പുനരാവിഷ്‌ക്കരിക്കപ്പെടുന്നു. വേദിയും അഭിനേതാക്കളും മാറുമെന്ന് മാത്രം. അസഹിഷ്ണുത ആര്‍ക്കാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞ ആഴ്ച കേരളത്തില്‍ നടന്ന ഒരു സംഭവം മാത്രം ശ്രദ്ധിച്ചാല്‍ മതി. ‘ആര്‍.എസ്.എസ് ക്യാമ്പ് നടന്ന വിദ്യാലയം സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്തു’ എന്ന വാര്‍ത്ത ഞെട്ടലോടെയാണ് സമൂഹം ശ്രവിച്ചത്. രാജ്യം ഭരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ മാതൃസംഘടനക്കാണ് ഈ ദുര്‍വിധി. എന്തിനായിരുന്നു ഈ ശിക്ഷ? കനകമലയില്‍ ചിലര്‍ നടത്തിയ ‘ക്യാമ്പ്’ പോലെ രാജ്യത്തെ ഒറ്റു കൊടുക്കാതിരുന്നതിനോ? അതോ ദേശദ്രോഹ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരുന്നതിനോ?

ഒരു ചെറിയ സംശയംകൂടി, കേരളത്തില്‍ ഒരു സംഘടനയും ഇത്തരത്തില്‍ ക്യാമ്പുകള്‍ നടത്താറില്ലേ? ഇത്രയും വലിയ പ്രകോപനം ഉണ്ടായിട്ടും ആ സംഘടനയുടെ ഭാഗത്ത് നിന്നുണ്ടായ ‘റിയാക്ഷന്‍’ ആണ് സഹിഷ്ണതയുടെ ഏറ്റവും വലിയ ഉദാഹരണം. രാജ്യസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് ആര്‍.എസ്.എസ് ആണോ എന്ന അസഹിഷ്ണുതാ വാദികളുടെ ചോദ്യമാണ് അവര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സര്‍ട്ടിപ്പിക്കറ്റ്. കാരണം, ഒരു കാലത്ത് ഗാന്ധിവധം ആരോപിച്ച് ദേശദ്രോഹികളെന്ന് മുദ്ര കുത്തിയവരുടെ അടുത്ത് ദേശസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ നിങ്ങള്‍ക്ക് കാത്ത് നില്‍ക്കണമെങ്കില്‍ അത് കാലത്തിന്റെ നീതിബോധമാണ്. ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതാ നാടകങ്ങള്‍ക്കും കാലം യവനിക വീഴ്ത്തും. ചരിത്രം വീണ്ടും മാപ്പ് പറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button