തൃശൂര്‍: രണ്ടാഴ്ചത്തെ ഇരുളടഞ്ഞ തടവറയില്‍ നിന്നും തൃശൂര്‍ സ്വദേശി കല്ല്യാണ പന്തലിലെത്തി. ഒമാനില്‍വെച്ച് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഷൈജു ഇസ്മായില്‍ ജയില്‍ അഴിക്കുള്ളിലായത്. വ്യവസായമന്ത്രി എ.സി മൊയ്തീന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഷൈജുവിന് നാട്ടിലെത്താന്‍ സാധിച്ചത്.
ഒരു സിനിമാ മോഡല്‍ ക്ലൈമാക്‌സാണ് നടന്നത്. കല്ല്യാണത്തിന് നാട്ടിലേക്ക് വരാനിരിക്കെയാണ് ഷൈജു അപകടത്തില്‍പെട്ടത്. മൂന്നു മാസം മുന്‍പാണ് ഷൈജു ഒമാനില്‍ പോയത്. കല്ല്യാണം ജനുവരി 12 ന് നിശ്ചയിച്ചതായിരുന്നു. പാലക്കാട് മംഗലം സ്വദേശിനിയായ യുവതിയാണ് ഷൈജുവിന്റെ വധു. കല്ല്യാണത്തിനായി തയ്യാറെടുത്തു വരുമ്പോഴാണ് ഷൈജുവിന്റെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടു പോവുകയും, തുടര്‍ന്ന് പോലീസ് പരിശോധനകള്‍ക്ക് ഇടയില്‍ ഓമാനിലെ സോഹര്‍ ജയിലിലാകുകയും ചെയ്തത്.
12 ദിവസം ഷൈജു ജയിലില്‍ കഴിഞ്ഞു. ഇതിനിടയില്‍ കല്ല്യാണം മുടങ്ങുമോ നടത്തണോ എന്ന ടെന്‍ഷനിലായിരുന്നു ബന്ധുക്കള്‍. പലവഴികളിലൂടെ ഷൈജുവിനെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ബന്ധുക്കള്‍ വ്യവസായമന്ത്രി എ.സി മൊയ്തീനെ സമീപിക്കുകയായിരുന്നു.
മന്ത്രി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയും ഒടുവില്‍ ഷൈജുവിനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു. കല്ല്യാണ ദിവസമാണ് ഷൈജു നാട്ടിലെത്തുന്നത്. വീട്ടിലെത്തിയ ഷൈജു നേരെ കല്ല്യാണ മണ്ഡപത്തിലേക്ക് പോകുകയായിരുന്നു.
Post Your Comments