തിരുവനന്തപുരം: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന വനംവകുപ്പിന്റെ സര്‍ക്കുലറിനെതിരെ വിമര്‍ശനങ്ങള്‍ ഉയരവെ നിലപാട് മാറ്റി വനം വകുപ്പ് മന്ത്രി കെ. രാജു. കഴിഞ്ഞ ദിവസം ഈ നടപടിയെ ശരിവെക്കുന്ന രീതിയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാല്‍, അഗസ്്ത്യാര്കൂടത്തില് സ്ത്രീകള്‍ക്ക് വിലക്കില്ലെന്നാണ് ഇപ്പോള്‍ മന്ത്രി പറയുന്നത്.
പ്രവേശനം വിലക്കിയതായി വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കഠിനവും അപകടകരവുമായ യാത്രയായതു കൊണ്ട് ഈ യാത്രയുടെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് പറഞ്ഞിട്ടില്ല. പേപ്പാറ വനം റെയ്ഞ്ചിന്റെ ഭാഗമായ അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്ര ചെയ്ത് തിരിച്ചു വരണമെങ്കില്‍ നിലവില്‍ മൂന്നു പകലും രണ്ടു രാത്രിയും വേണം.
അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്രയുടെ പൂര്‍ണ ഉത്തരവാദിത്വം അവരവരുടെ മാത്രമാണെന്ന് അധികൃതര്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് അത് പ്രയാസകരമാകും. ഇവരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയത്. നിരവധി വന്യമൃഗങ്ങളും ഈ വനമേഖലയിലുണ്ട്. ശൗചാലയങ്ങളും വിശ്രമമുറികളും അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.
Post Your Comments